കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 31 പേരുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനമായ സി-130 ജെ ഹെർക്കുലീസിൽ ഇന്ന് രാവിലെ (ജൂണ്‍ 14) 10.30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊണ്ടുവന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രിസഭയിലെ സഹപ്രവർത്തകരുടെയും നേതൃത്വത്തിലുള്ള കേരള സർക്കാർ പ്രതിനിധി സംഘം ആദരാഞ്ജലി അർപ്പിച്ചു.
ഇംപോർട്ട് കാർഗോ ടെർമിനലിലെ സ്വീകരണ കേന്ദ്രത്തിൽ 16 വെള്ള ഫ്‌ളാനലുകൾ കൊണ്ട് പ്രത്യേകം അലങ്കരിച്ച 16 മേശകളിൽ വെച്ച മൃതദേഹങ്ങളിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധനൻ സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, പി രാജീവ്, വീണ ജോർജ്, റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് ആദരസൂചകമായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
എംപിമാർ, എംഎൽഎമാർ മറ്റു ജനപ്രതിനിധികൾ, മരിച്ചവരുടെ ബന്ധുകൾ ഉൾപ്പടെ നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. കേരളത്തിൻ്റെ ഒരു നുറ്റാണ്ടിലേറെ നീളുന്ന ഗൾഫ് പ്രവാസവുമായി ബന്ധപ്പെട്ട ഏറ്റവും വേദനാജനകമായ കാഴ്‌ചകൾക്കാണ് കൊച്ചി വിമാനത്താവളം ഇന്ന് സാക്ഷിയായത്. നാടാകെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
23 മലയാളികളും, ഏഴ് തമിഴ്നാട് സ്വദേശികളും, കർണാടകയിൽ നിന്നുള്ള ഒരാളുമാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് മൃതദേഹങ്ങളെ അനുഗമിച്ചു. മരിച്ച മറ്റ് 14 പേരുടെയും മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര വിമാനമായി സർവീസ് നടത്തിയ അതേ വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയി.
മൃതദേഹങ്ങൾ വിമാനത്താവളത്തിൽ നിന്നും വിവിധ ജില്ലകളിലെ വീടുകളിൽ എത്തിക്കാൻ നോർക്ക സൗജന്യ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പൊലീസ് അകമ്പടിയോടെയായിരിക്കും മൃതദേഹങ്ങൾ വീടുകളിലെത്തിക്കുക.
ബുധനാഴ്‌ചയാണ് (ജൂണ്‍ 12) കുവൈറ്റിലെ മാംഗഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്‍റില്‍ തീപിടിത്തമുണ്ടായത്. 200ഓളം തൊഴിലാളികള്‍ അപകട സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു. തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമിന്‍റെ എൻബിടിസി (Naser M. Al-Baddah & Partner General Trading & Contracting Co. w.l.l.) കമ്പനി കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ്.
താമസ സ്ഥലത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ പാർപ്പിച്ചിട്ടില്ല. സ്ഥാപന അധികൃതർ കുവൈറ്റിലെ അന്വേഷണ സംഘവുമായി സഹകരിക്കുന്നതായാണ് വിവരം. തീപിടിത്തത്തിൽ സുരക്ഷാവീഴ്‌ച ആരോപിച്ച് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായും റിപ്പോർട്ട് ഉണ്ട്. കുവൈറ്റ് പൗരനെയും പ്രവാസിയേയുമാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് എന്നാണ് വിവരം.
നരഹത്യയും അശ്രദ്ധ മൂലം അപകടമുണ്ടാക്കിയതിനും ആണ് കേസ്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. പ്രാദേശിക സമയം പുലർച്ചെ 4 മണിയോടെ തീ ആളിപ്പടർന്നപ്പോൾ കെട്ടിടത്തിലുണ്ടായിരുന്നത് 196 പേരാണ്. ഇതിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. പരിക്കേറ്റ് കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സയാണ് കുവൈറ്റ് ആരോഗ്യ വിഭാഗം നൽകുന്നത്.
കുവൈറ്റിലെ പലഭാഗങ്ങളിലായി എൻബിടിസി കമ്പനിക്ക് നിരവധി ലേബർ ക്യാമ്പുകളുണ്ട്. ഇതില്‍ മംഗെഫ് മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ് അദ്ദേഹം.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാൻ കൂടിയാണ് കെ ജി എബ്രഹാം. കെജിഎ എന്ന ചുരുക്കപ്പേരിലാണ് കെജി എബ്രഹാം അറിയപ്പെടുന്നത്. 1977 മുതൽ കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമാണ് കെജി എബ്രഹാം.
ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ഗ്രൂപ്പിന് കുവൈറ്റിലും മിഡിൽ ഈസ്‌റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്‌റ്റേറ്റ്, മാർക്കറ്റിങ്, ഓയിൽ തുടങ്ങിയ വിവിധ മേഖലകളിലായി മറ്റ് നിരവധി വ്യവസായങ്ങളും അദ്ദേഹത്തിനുണ്ട്. പല സ്‌റ്റാർട്ടപ്പ് കമ്പനികളിലും കെജിഎ ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.
ലേബര്‍ ക്യമ്പിലുണ്ടായ തീപിടിത്തത്തില്‍ ആദ്യം തീപടര്‍ന്നത് സെക്യൂരിറ്റി ക്യാബിനിൽ നിന്നാണെന്ന് എൻബിടിസി അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ക്യാബിനിലെ ചില ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിയ നിലയിൽ ആയിരുന്നു. സെക്യൂരിറ്റി ക്യാബിനിൽ പടർന്നു കയറിയ തീ വലിയ പുകപടലമായി ഉയർന്നു. പുകയിൽ ശ്വാസം മുട്ടിയാണ് പലർക്കും അപായം സംഭവിച്ചതെന്നും ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി അറിയിച്ചു.
പ്രവാസികൾ കേരളത്തിൻ്റെ ജീവനാഡി: മുഖ്യമന്ത്രി
പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തമെന്നാണ് മുഖ്യമന്ത്രി സംഭവത്തെ വിശേഷിപ്പിച്ചത്. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കേരളത്തിൻ്റെ ജീവനാഡിയാണ് പ്രവാസികൾ. പ്രിയപ്പെട്ടവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് ഇത് താങ്ങാനാവാത്ത ദുരന്തമാണ്. കുവൈത്ത് സർക്കാർ ഇരകളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും, സമാനമായ ഒരു ദുരന്തം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കേന്ദ്രവും കാര്യക്ഷമമായ ഇടപെടൽ നടത്തണം, അദ്ദേഹം പറഞ്ഞു.
ജൂൺ 13-ന് കേരള സർക്കാർ പ്രതിനിധിയായി കുവൈത്തിലേക്ക് പോകുന്നതിന് ആരോഗ്യമന്ത്രി വീണാ ജോർജിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടാൻ വിജയൻ വിസമ്മതിച്ചു. “വിവാദങ്ങളോട് പ്രതികരിക്കാനുള്ള സമയമല്ല ഇത്. കുവൈത്തിലെ ദുരിതബാധിതർക്കായി കേന്ദ്രം ഫലപ്രദമായി ഇടപെട്ടു. കുവൈറ്റ് സർക്കാരും ജാഗ്രതയോടെ പ്രതികരിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.