ന്യൂഡല്‍ഹി: മഹാരാജ രഞ്ജിത് സിംഗിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 509 ഇന്ത്യൻ സിഖ് തീർഥാടകർക്ക് പാക്കിസ്താന്‍ വിസ അനുവദിച്ചു. ജൂൺ 21 നും 30 നും ഇടയിലായിരിക്കും ചരമ വാർഷികമെന്ന് പാക്കിസ്താന്‍ ഹൈക്കമ്മീഷൻ അറിയിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലെ സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവായിരുന്നു മഹാരാജ രഞ്ജിത് സിംഗ്. ഷെർ-ഇ-പഞ്ചാബ് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
എല്ലാ വർഷവും ഇന്ത്യൻ തീർത്ഥാടകർ പാക്കിസ്ഥാനിലേക്ക് പോകാറുണ്ട്. പാക്കിസ്താന്‍-ഇന്ത്യ പ്രോട്ടോക്കോൾ 1974 പ്രകാരമാണ് തീർത്ഥാടനത്തിനുള്ള വിസകൾ നൽകുന്നത്. എല്ലാ വർഷവും ധാരാളം ഇന്ത്യൻ തീർത്ഥാടകർ പാക്കിസ്താനിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ പോകാറുണ്ട്.
പാക്കിസ്താന്‍ അംബാസഡർ-ഇൻ-ചാർജ്ജ് സാദ് അഹമ്മദ് വാരായിച് തീർത്ഥാടകരെ അഭിവാദ്യം ചെയ്യുകയും സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാനുള്ള തൻ്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. ഈ മാസം ആദ്യം, ഗുരു ശ്രീ അർജൻ ദേവ് ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പങ്കെടുക്കാൻ പാക്കിസ്താന്‍ 962 ഇന്ത്യൻ സിഖുകാരെ സ്വാഗതം ചെയ്തിരുന്നു.
ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള 2,843 സിഖ് തീർഥാടകർക്ക് പാക്കിസ്താന്‍ വിസ അനുവദിച്ചിരുന്നു. ഏപ്രിൽ 13 മുതൽ 22 വരെ പാക്കിസ്താനില്‍ നടന്ന ബൈശാഖി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവരെല്ലാം.