കുവൈറ്റിലെ തീപിടിത്തം : യാതാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ഇരകളുടെ കുടുംബങ്ങള്‍ പാടുപെടുന്നു

കോട്ടയം: കുവൈറ്റിലെ തീപിടിത്തത്തിൽ നിരവധി മലയാളികൾക്ക് ജീവൻ നഷ്ടപ്പെട്ടത് മധ്യതിരുവിതാംകൂർ ജില്ലകളായ കോട്ടയം, പത്തനംതിട്ട ജില്ലകളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. സംഭവത്തിൽ പത്തനംതിട്ട സ്വദേശികളായ അഞ്ച് പേർ ഉൾപ്പെടെ എട്ട് പേരാണ്‍ മരിച്ചത്. പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പായിപ്പാട് സ്വദേശി ഷിബു വർഗീസ് (38), ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ് (27), പന്തളം സ്വദേശി ആകാശ് എസ്.നായർ (31), കീഴ്‌വായ്പൂര്‍ സ്വദേശി സിബിൻ ടി.എബ്രഹാം (31), തിരുവല്ല സ്വദേശി തോമസ് ഉമ്മൻ (37), വള്ളിക്കോട് സ്വദേശി പി.വി.മുരളീധരൻ (68), കോന്നി സ്വദേശി സാജു വർഗീസ് (56) എന്നിവരാണ് കൊല്ലപ്പെട്ട്ത്. ദുരന്തം അവരുടെ ജന്മനാടിനെ കണ്ണീരിലാഴ്ത്തി. ദുരന്തവുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന കുടുംബങ്ങളും നാട്ടുകാരും സുഹൃത്തുക്കളുമാണ് എല്ലായിടങ്ങളിലും.

പന്തളം മുടിയൂർക്കോണത്തുള്ള ആകാശ് എസ്.നായരുടെ വസതിയിൽ അമ്മ ശോഭനകുമാരിയും സഹോദരി ശാരിയും വേദനാജനകമായ കാത്തിരിപ്പ് തുടരുകയാണ്. അദ്ദേഹത്തിൻ്റെ കമ്പനി മരണം സ്ഥിരീകരിച്ചെങ്കിലും ആകാശിൻ്റെ മൃതദേഹം ഇതുവരെ കണ്ടെത്താനും തിരിച്ചറിയാനും സാധിച്ചിട്ടില്ല. “ഞങ്ങൾ ഇപ്പോഴും സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. അവന്റെ മൃതദേഹം ആശുപത്രിയിലുള്ളവരുടെ കൂട്ടത്തിലില്ല. ആകാശിൻ്റെ ഒരു സുഹൃത്ത് മുഖേന ഞങ്ങൾ പ്രാദേശിക ബന്ധങ്ങൾ ഉണ്ടാക്കി, തിരച്ചിൽ തുടരുകയാണ്,” ലോക്കൽ കൗൺസിലറും ആകാശിൻ്റെ മുൻ അദ്ധ്യാപികയുമായ സൗമ്യ സന്തോഷ് വിശദീകരിച്ചു.

എട്ട് വർഷമായി കുവൈറ്റിൽ കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ആകാശ്. പിതാവിൻ്റെ മരണശേഷം ഡൽഹിയിൽ നിന്ന് പന്തളത്തേക്ക് താമസം മാറ്റുകയായിരുന്നു കുടുംബം. “അച്ഛൻ മരിക്കുമ്പോൾ ആകാശിന് വെറും ആറ് വയസ്സായിരുന്നു പ്രായം. അമ്മ തനിച്ചാണ് അവനെയും സഹോദരനെയും വളർത്തിയത്. ഓഗസ്റ്റിൽ അവൻ്റെ അടുത്ത അവധിക്കാലത്ത് അവൻ്റെ വിവാഹം നടത്താനായിരുന്നു പ്ലാന്‍,” സൗമ്യ സന്തോഷ് കൂട്ടിച്ചേർത്തു.

സ്റ്റെഫിൻ എബ്രഹാം സാബുവിൻ്റെ വീട്ടിൽ, മാതാപിതാക്കളായ സാബു എബ്രഹാമും ഷേർളി സാബുവും ബന്ധുക്കളുടെയും അയൽക്കാരുടെയും സാന്ത്വനത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ മരണവാർത്ത അവരുടെ വാടകവീട്ടിൽ ദുഃഖത്തിന്റെ കരിനിഴല്‍ വീഴിത്തി.

പാമ്പാടിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ആർഐടി) പൂർവ വിദ്യാർഥിയായ സ്റ്റെഫിൻ കുവൈറ്റിലെ എൻബിടിസി ഗ്രൂപ്പിൽ എൻജിനീയറായിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഗൃഹപ്രവേശന ചടങ്ങിനായി നാട്ടിലേക്ക് മടങ്ങാനാണ് സ്റ്റെഫിൻ പദ്ധതിയിട്ടിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. “സ്റ്റെഫിൻ്റെ വീട് പണി ഏതാണ്ട് പൂർത്തിയായി, വീട്ടുകാർ അവനുവേണ്ടി ഒരു വധുവിനെ തിരയുകയായിരുന്നു. അവനിപ്പോള്‍ നമ്മോടൊപ്പമില്ല എന്നത് ഹൃദയഭേദകമാണ്,” പ്രദേശിക പഞ്ചായത്തംഗം ഷേർളി തരിയൻ പറഞ്ഞു.

ഒന്നാം നിലയിൽ തീ ആളിപ്പടരുമ്പോൾ സ്റ്റെഫിൻ അഞ്ചാം നിലയിലായിരുന്നുവെന്നും പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇളയ സഹോദരൻ ഫെബിനും കുവൈറ്റിലെ അതേ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഇളയ മറ്റൊരു സഹോദരൻ കെവിൻ ഇസ്രായേലിൽ പിഎച്ച്ഡി ചെയ്യുന്നു.

ചങ്ങനാശേരിക്കടുത്തുള്ള ഇത്തിത്താനം എന്ന ഗ്രാമം ശ്രീഹരി പ്രദീപിൻ്റെ വേർപാടിൽ ഉഴലുകയാണ്. മെക്കാനിക്കൽ എഞ്ചിനീയറായ ശ്രീഹരിക്ക് ജൂൺ ആദ്യവാരമാണ് കുവൈറ്റിൽ ജോലി ലഭിച്ചത്. കുവൈറ്റിൽ ജോലി ചെയ്യുന്ന അച്ഛൻ പ്രദീപാണ് ശ്രീഹരിയുടെ മരണവിവരം വീട്ടുകാരെ അറിയിച്ചതെന്ന് ബന്ധു പറഞ്ഞു. അപകടത്തിൽ ശ്രീഹരിയെ കാണാതാവുകയും, കൈയിൽ പതിച്ച ടാറ്റൂ ആണ് അച്ഛനെ മൃതദേഹം ആശുപത്രിയിൽ വെച്ച് തിരിച്ചറിയാന്‍ സഹായിച്ചത്.

വാഴമുട്ടം സ്വദേശി പി വി മുരളീധരൻ മൂന്ന് പതിറ്റാണ്ടിലേറെയായി കുവൈറ്റിൽ ജോലി ചെയ്യുന്നു. താമസിയാതെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. കോന്നി സ്വദേശിയായ സാജു വർഗീസ് 22 വർഷമായി കുവൈറ്റിലായിരുന്നു, ഇളയ മകളുടെ സ്‌കൂൾ പ്രവേശനത്തിനായി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു.

പായിപ്പാട് പാലത്തിങ്കൽ കുടുംബാംഗമായ ഷിബു വർഗീസ് ഒരു പതിറ്റാണ്ടിലേറെയായി എൻബിടിസി ഗ്രൂപ്പിൽ അക്കൗണ്ടൻ്റായി ജോലി ചെയ്തുവരികയായിരുന്നു. കുവൈറ്റിൽ താമസിക്കുന്ന സഹോദരൻ ഷിജു വർഗീസാണ് ഈ ദാരുണ വാർത്ത കുടുംബത്തെ അറിയിച്ചത്.

ഷിബു മാസങ്ങൾക്ക് മുമ്പ് അവധിക്ക് നാട്ടിലെത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ റോസി തോമസും മൂന്നു വയസ്സുള്ള മകൻ എയ്ഡൻ വർഗീസുമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News