ലേഖന പരമ്പര: മുംബൈ മഹാസാഗരത്തിലെ സാഹിത്യ പ്രതിഭകൾ

അനുഭവം തിരുമധുരം തീനാളം (ആത്മകഥ)
ഗ്രന്ഥ കർത്താവ്‌: ശ്രീമാൻ ഡോക്ടർ ടി. ആർ. രാഘവൻ
ആസ്വാദനം: തൊടുപുഴ കെ ശങ്കർ മുംബൈ

ആമുഖം: വിശ്വവിഖ്യാതമായ മുംബൈ നഗരം ഒരു മഹാസാഗരം പോലെയാണ്.

വ്യത്യസ്ത ജീവികളുടെ സാന്നിദ്ധ്യമാണ് ഒരു സാഗരത്തിന്റെസവിശേഷത! സാഹിത്യ സാഗരത്തിലും ഈ വൈവിദ്ധ്യം നമുക്ക് ദർശിക്കുവാൻ കഴിയും. വിവിധ ഭാഷകളിൽ പല തരത്തിലുള്ള സാഹിത്യകാരന്മാർ ഈ മഹാസാഗരത്തിലുണ്ട്. കവികൾ, മഹാകവികൾ, കഥാ കൃത്തുകൾ, നാടക കൃത്തുകൾ, നോവലിസ്റ്റുകൾ എന്ന് വേണ്ട, ഏതെങ്കിലും ഒരു സാഹിത്യ ശാഖയിൽ പ്രാവീണ്യം നേടിയവരോ, പരിശീലിക്കുന്നവരോ ആരുമാകാം! ചുരുക്കത്തിൽ എത്രയോ പേർ, ജന്മ സിദ്ധമായ അഭിരുചി മൂലം, ഉപജീവനത്തിനു പുറമെ,കർമ്മ നിരതരായി സ്വന്തം ജീവിതം, ഉദ്ദേശശുദ്ധിയോടെ ഉഴിഞ്ഞു വച്ചിട്ടുള്ള പ്രബലരായ സാഹിത്യോപാസകരാണെന്ന് കാണാൻ കഴിയും.

മനോഹരമായ നമ്മുടെ മലയാള ഭാഷാ സാഹിത്യത്തിലും ഒട്ടേറെ മഹാ പ്രതിഭകൾ എക്കാലത്തും ഉണ്ടായിരുന്നതായി കാണാം. ഇന്നും സമകാലീനരായ എത്രയോ സമർത്ഥരായ സാഹിത്യകാരന്മാർ ഉജ്വല പ്രഭയോടെയും, ചിലർ ആരുടെയും ശ്രദ്ധയിൽ പെടാതെ,കുടത്തിനുള്ളിൽ കൊളുത്തിവച്ച വിളക്കു പോലെയും കഴിയുന്നു.

ഈ മഹാസാഗരത്തിലെ, സാഹിത്യ ലോകത്തിൽ പ്രശസ്തരായ മഹാപ്രതിഭകളിൽ ഒരു മാന്യ വ്യക്തിയാണ് മുംബൈ നിവാസിയും, സർവർക്കും സുപരിചിതനുമായ ശ്രീമാൻ ഡോ: ടി. ആർ. രാഘവൻ എന്ന സ്വന്തം പ്രശസ്തിയിലോ, കീർത്തി ധാവള്യത്തിലോ അൽപ്പംപോലും താല്പര്യമില്ലാതെ, വിനയത്തിന്റെ പ്രതീകമായി വിനയാന്വിതനായി കൊളോസ്സിസ്നെപ്പോലെ നിൽക്കുന്ന, ഭീമകായൻ!

ഡോ: ടി ആർ രാഘവനും വിദ്യാഭ്യാസത്തിലെ നേട്ടങ്ങളും:

ഇംഗ്ലീഷിലും ചരിത്രത്തിലും മുംബൈ സർവ്വകലാശാലയിൽ നിന്ന് നേടിയ രണ്ടു എം എ ബിരുദങ്ങളും പുറമെ, ഡോക്ടറേറ്റും അദ്ദേഹത്തെ വിദ്യാധരനാക്കി അഥവാ, വിദ്യാ ധനികനാക്കി.

ഉദ്യോഗവും ഉപജീവനവും വാസവും:

മുംബയിലെ നവി മുംബൈയിൽ വാസവും പ്രസിദ്ധമായ “ഷിപ്പിംഗ് കോർപ്പറേഷൻ” ൽ ഉയർന്ന ഉദ്യോഗവുമായി ഏറെ പതിറ്റാണ്ടുകൾ അദ്ദേഹം മുംബയിൽ കുടുംബ ജീവിതം നയിച്ച ശേഷം ഇപ്പോൾ ധർമ്മപത്നി ശ്രീമതി രത്നവല്ലിയോടോത്തു സ്വദേശമായ അടൂരിലേയ്ക്ക് താമസം മാറ്റി സാഹിത്യ സേവനം തുടരുന്നു. എങ്കിലും ഇടയ്ക്കിടയ്ക്കു വന്നും പോയും, മുംബയുമായുള്ള സമ്പർക്കം നിലനിർത്തി വരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും (ക്യാപ്റ്റൻ കിഷോർ, ക്യാപ്റ്റൻ രാജേഷ്) മുംബൈയിൽ ഉദ്യോഗത്തിൽ തുടരുന്നു.

പ്രസിദ്ധീകരണങ്ങൾ:

ഇതു വരെ 24 സ്വന്തം രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഇംഗ്ലീഷ്ൽ വിരചിതമായ നാലു കൃതികൾ, കൂടാതെ, സാഹിത്യ ലേഖന സമാഹാരങ്ങൾ, ഗവേഷണ പഠനങ്ങൾ, സ്മരണകൾ, ജീവചരിത്രങ്ങൾ ഇവയും ഉൾപ്പെടുന്നു. “അനുഭവം തിരുമധുരം തീനാളം” എന്ന ഈ കൃതി ശ്രീ ഡോക്ടർ രാഘവന്റെ, കഴിഞ്ഞ നവമ്പറില്‍ മുംബൈ കേരളീയ സമാജത്തിൽ വച്ച് പ്രകാശനം ചെയ്തതും എല്ലാ മലയാളികളും വായിച്ചിരിക്കേണ്ടതുമായ ഒരു മഹദ് സാഹിത്യ ഗ്രന്ഥമാണ്! വിജ്ഞാന കോശമാണ്. ഒരു വിജ്ഞാന പ്രദായിയായ ഉൽകൃഷ്ട കൃതിയാണ്. അദ്ദേഹത്തെപ്പറ്റി പറയുന്നതിൽ അൽപ്പം പോലും അതിശയോക്തിയില്ല. അത് അദ്ദേഹത്തെ അറിയുന്നവർക്ക് അറിയാം. ഇത് ശ്രീ രാഘവൻജിയുടെ ഏറ്റവും സമുന്നതമായ കൃതിയാണെങ്കിലും അദ്ദേഹത്തിന്റെ ‘മാസ്റ്റർപീസ്” ഇനിയും വരാനിരിക്കുന്നേയുള്ളു എന്ന് കരുതി തന്റെ സാഹിത്യത്തിലുള്ള അഭിനിവേശവും, അഭിരുചിയും, അദ്ദേഹം അനുസ്യുതം തുടരട്ടെ!

അവാർഡുകൾ:

അഭിമാനിക്കാവുന്ന ധാരാളം അവാർഡുകൾ(പുരസ്‌കാരം) അദ്ദേഹം നേടിയിട്ടുണ്ട്. അവ താഴെ കുറിക്കുന്നു:
-ഹരിഹരൻ പൂഞ്ഞാർ പുരസ്‌കാരം
-ദേശാഭിമാനി സാഹിത്യ പുരസ്‌കാരം
-കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം
-ഇന്ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരം
-പറക്കോട് പ്രതാപചന്ദ്രൻ സ്മാരകസമിതി സാഹിത്യ പുരസ്‌കാരം
-പുസ്തക സംഘാടക സമിതി അടൂർ സമഗ്ര സാഹിത്യ സംഭാവനയ്ക്കു പുരസ്‌കാരം

ഇനി പുതിയ പുസ്തകത്തെപ്പറ്റി അൽപ്പം:
(അനുഭവം തിരുമധുരം തീനാളം)

ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിൽ അദ്ദേഹം സ്വന്തം ജീവിതത്തെ സാരമായി സ്പർശിച്ചുകൊണ്ട് കൊണ്ട് തന്റെ സുപ്രധാനമായ കാര്യങ്ങൾ വളരെ സംക്ഷിപ്തമായി പറയുന്നുണ്ട്.

ഉള്ളടക്കത്തിൽ, തന്റെ ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയങ്ങൾ 6 വ്യത്യസ്ത ഭാഗങ്ങളായി/ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്:

1. സ്മൃതികൾ
2. പ്രവാസ ജീവിതവും സാഹിത്യ പ്രവർത്തനവും
3. വ്യക്തി ബന്ധങ്ങൾ
4. രണ്ടു അഭിമുഖങ്ങൾ
5. തിരിഞ്ഞു നോക്കുമ്പോൾ
6.അനുബന്ധം

ഇനി ഓരോ വിഭാഗത്തിലും വിവരിച്ചിരിക്കുന്ന വിഷയങ്ങൾ എന്തെല്ലാമെന്നു നോക്കാം.

ആദ്യമായി, സ്മൃതികളിൽ ജന്മനാടും , വിദ്യാർത്ഥി ജീവിതവും കലാലയ പഠനങ്ങളും പിന്നീട്, ഔദ്യഗിക ജീവിതവും, അതിനിടയിലുള്ള സാഹിത്യ സേവനവും, മുംബൈ കേരളീയ സമാജവും വിശാലാകേരളം മാസികയുടെ സുദീർഘകാലം പത്രാധിപരായുള്ള ബന്ധവും, സാഹിത്യവേദിയുമായുള്ള പ്രവർത്തനവും, ഇങ്ങനെ പോകുന്നു രാഘവൻജിയുടെ സംഭവ ബഹുലമായ ജീവിതത്തിലെ, ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാവുന്ന പ്രചോദനാത്മകമായ അനുഭവങ്ങൾ!

രണ്ടാമത്തെ വിഭാഗത്തിൽ അദ്ദേഹം തന്റെ പ്രവാസ ജീവിതവും സാഹിത്യ പ്രവർത്തനവും, പല പ്രഗത്ഭ വ്യക്തികളുമായുള്ള മർമ്മ പ്രധാനമായ അനുഭവങ്ങളും ശ്രദ്ധേയമായ ചില പഠനങ്ങളും വിശദമായി പ്രതിപാദിക്കുന്നു. അടുത്ത ശീർഷകത്തിൽ സാഹിത്യത്തിൻറെ വിവിധ തലങ്ങളിൽഅഹോരാത്രം പ്രവർത്തിച്ചവരും മണ്മറഞ്ഞവരുമായ 21 സാഹിത്യകാരന്മാരെ, (മൺമറഞ്ഞ സ്മരണീയരിൽ തകഴി ശിവശങ്കരപ്പിള്ള മുതൽ ഇ. ഐ. എസ്. തിലകൻ വരെ)അവരുമായുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ തെളിഞ്ഞു വന്ന വിവരങ്ങൾ എടുത്തു കാട്ടി നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. മറ്റു 13 മറക്കാനാവാത്തവരിൽ( ഡോ: സി. എൻ. എൻ. നായർ മുതൽകെ.രാജൻ വരെ), രാഘവൻജി യ്ക്ക് അവരുമായുള്ള സുദീർഘവും, സുവ്യക്തവുമായ സ്‌നേഹ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ അവരെപ്പറ്റി രൂപം കൊണ്ട കാര്യങ്ങൾ വിവരിക്കുന്നു. ആ സ്നേഹബന്ധത്തിന്റെ പട്ടുനൂലിൽ കെട്ടിയ പൂമാലയിൽ അപ്രതീക്ഷിതമായി, ഒരു സാധാരണ വ്യക്തിയും സാഹിത്യ സേവകനുമായ എന്നെയും ഒരു അസുലഭ ഭാഗ്യശാലിയായി, ഉൾപ്പെടുത്തിയതിന് എന്റെ അകൈതവമായ നന്ദി അനുവാചക സമക്ഷം ഇവിടെ രേഖപ്പെടുത്തട്ടെ!

പിന്നീടുള്ള ഭാഗങ്ങളിൽ അഭിമുഖങ്ങളും പൂർവ്വ കാല അനുഭവങ്ങളും ഔദ്യോഗിക ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ചില തീനാളങ്ങളും, അവ നൽകിയ തിക്താനുഭവങ്ങളും സംക്ഷിപ്തമായി എന്നാൽ ഹൃദയ സ്പർശിയായി കൈകാര്യം ചെയ്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെ.

അവസാന ഭാഗത്തിൽ, മറ്റു ചില മഹദ് വ്യക്തികളുമായുള്ള സാഹിത്യ ബന്ധങ്ങളും ചില പൊതു വിജ്ഞാനം പകരുന്ന വിഷയങ്ങളും നമുക്ക് വിവരിച്ചു തരുന്നു. അവസാനമായി ഉപസംഹാരത്തിൽ ജീവിതത്തിലുടനീളം ഉണ്ടായിട്ടുള്ള മധുര-തിക്തക അനുഭവങ്ങളും അതിനിടയിൽ രൗദ്രഭാവത്തോടെ ദുഃഖം പകരാൻ മാത്രമായി ഇടയ്ക്കിടെ പൊന്തി വന്ന തീനാളങ്ങളും എല്ലാം ഹൃദയത്തിന്റെ ഭാഷയിൽ സുവ്യക്തമായി വിവരിച്ചിരിക്കുന്നു.

ആസ്വാദനം:

പൂമുഖം ഒരു സൗധത്തിനു എത്ര ഭംഗി പകരുന്നുവോ, അതുപോലെ ആമുഖവും ഒരു ആത്മകഥയ്ക്ക് അനുപമവും അനവദ്യവുമായ സൗന്ദര്യം അഥവാ ആകർഷണീയത ഉളവാക്കുന്നു. അതുപോലെ, ആത്മകഥയ്ക്ക്, ഗ്രന്ഥകർത്താവ് നൽകുന്ന, ആമുഖമെന്ന പരിചയ കുറിപ്പും, ഉപസംഹാരമെന്ന ഉപചാരവും ഒരു സമീകൃതാഹാരം പോലെ, ഉപഭോക്താവായ അനുവാചകന് അനുഭവപ്പെടുമെന്നതിൽ സന്ദേഹമില്ല! ഈ രണ്ടു മേഖലകളും അതിനിടയിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രതിപാദ്യ വിഷയങ്ങളും, ഹൃദയത്തിന്റെ സരളമായ ഭാഷയിൽ തന്മയത്വതയോടെ, ആസ്വാദ്യതയുടെ സ്വർണ്ണത്തളികയിൽ അനുവാചകന് മുമ്പിൽ സമർപ്പിക്കുവാൻ ശ്രീമാൻ ഡോ: ടി. ആർ. രാഘവൻ ജിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നുള്ളതിൽ സംശയമില്ല. എല്ലാ കാര്യങ്ങളും വസ്തുനിഷ്ഠമായി, എന്നാൽ ഒരിടത്തും ആവശ്യത്തിൽ കവിയാതെ, അർത്ഥഗർഭമായ ശൈലിയിൽ അവതരിപ്പിക്കാൻ സാധിച്ചെന്നുള്ളത് ആത്മകഥാ കൃത്തിനു ലഭിച്ച വലിയ വരദാനമായി കരുതാം. ഭക്ഷണത്തിൽ ഉപ്പും, എരിവും, പുളിയും മറ്റു ചേരുവകളും എങ്ങിനെ അനുയോജ്യമായ അനുപാദത്തിൽ ഒരു സമർത്ഥനായ പാചകക്കാരൻ ചേർക്കുന്നുവോ, അതേ ചാതുരിയോടും ഒരു വാഗ്മിയുടെ വാക്പടുത്വത്തോടും,വാഗ്‌ദ്ധോരണിയോടും കൂടി ഗ്രന്ഥ കർത്താവു ഈ ആത്മകഥ ആദ്യന്തം കൈകാര്യം ചെയ്തിട്ടുണ്ടെന്നുള്ളതിൽ തർക്കമില്ല. ആത്മകഥയിലുടനീളം അദ്ദേഹത്തിന്റെ ചിത്തത്തിലും വിരൽത്തുമ്പിലും വാഗ്ദേവതയുടെ വാഗ്വിലാസം ദർശിക്കാൻ കഴിയും!

മനോഹരമായ കുടുംബ / വിവിധ ചിത്രങ്ങളോടുകൂടിയ ആത്മകഥയുടെ ആസ്വാദനം എഴുതാൻ കഴിഞ്ഞത് ഒരു സുകൃതമായി ഞാൻ കരുതുന്നു. മദ്ധ്യേ, ഒരു കാര്യം ഓർമ്മ വരുന്നു. എന്റെ 16 കവിതാ സമാഹാരങ്ങളിൽ ഒന്നായ “ചക്രങ്ങൾ”എന്ന പുസ്തകത്തിന് വളരെ ദാർശനികതയോടെ രാഘവൻ ജി എഴുതിത്തന്ന പ്രഗൽഭമായ അവതാരികയ്ക്കു ഞാൻ അദ്ദേഹത്തോട് എന്നെന്നും അത്യധികം കടപ്പെട്ടിരിക്കുന്നു. കൃതജ്ഞതയോടെ എപ്പോഴും സ്മരിക്കുന്നു! ആത്മകഥയുടെ ഒരു പ്രതി മറക്കാതെ ഈയുള്ളവനും അയച്ചു തന്നതിനുള്ളനന്ദിയും രേഖപ്പെടുത്തുന്നു.

ഉപസംഹാരം:
അനുവാചകന്റെ ജിജ്ഞാസയ്ക്കു ഭംഗം വരാതിരിക്കാൻ, ആത്മകഥയുടെ വിവിധ തലങ്ങളിലേക്ക്, ഈ ലേഖകൻ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ലേഖനത്തിൽ എല്ലാം ആഴത്തിൽ വിവരിക്കുന്നില്ല. കാരണം, ആകാംക്ഷയാണ് വായനാക്ഷമതയ്ക്ക് ആധാരം. അഥവാ, വായനക്കാരന്റെ മൂലധനം!

മുംബയിലെ എല്ലാ പ്രമുഖ സമാജങ്ങളിലും വായന ശാലകളിലും ഈ മഹദ് ഗ്രന്ഥം എത്തിക്കാൻ കഴിഞ്ഞാൽ അത് ഗ്രന്ഥ കർത്താവിന് ഒരു വലിയ നേട്ടവും വിജ്ഞാന നിക്ഷേപവും ആയിരിക്കും.

രാഘവൻജിയുടെ അഗാധമായ ജ്ഞാനവും, ഓർമ്മശക്തിയും, കാര്യഗ്രഹണത്തിലുള്ള കുശാഗ്രബുദ്ധിയും, ജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള അതീവ തൃഷ്ണയും, സന്മനസ്സും അദ്ദേഹത്തിന് ‘നാരായണകവചം’ പോലെ എല്ലായ്‌പ്പോഴും രക്ഷ നൽകട്ടെ എന്നാശംസിക്കാം!

ഈ ആസ്വാദനം അനുവാചകർക്ക്‌ തൃപ്തികരമായിട്ടുണ്ടെങ്കിൽ അത് ലേഖകന്റെ ചാതുരിയല്ല,പ്രത്യുത, സരസ്വതീ ദേവിയായ മാതാ മൂകാംബികയുടെ നിർല്ലോഭ കൃപാകടാക്ഷം മാത്രം!

ഡോ: രാഘവൻ ജി, നിറഞ്ഞ മനസ്സോടെ,ഉദാരതയുടെ സ്വർണ്ണത്തളികയിൽവാരിത്തന്ന/ യഥേഷ്ടം വിളമ്പിത്തന്ന ഈ സാഹിത്യഭോജനം സംതൃപ്തമായിരുന്നു എന്ന നിറവോടെ, ആത്മനിർവൃതിയോടെ,ഈ ഉത്കൃഷ്ട കൃതി ഏവരും അവശ്യം വായിച്ചിരിക്കണമെന്ന ആഹ്വാനത്തോടെ, രാഘവൻജിയ്ക്കും കുടുംബത്തിനും (ശ്രേയസ്സ്ൽ) എല്ലാ നന്മകളും നേർന്നു കൊണ്ട്, എന്റെ എളിയ ആസ്വാദനം ഇവിടെ ഉപസംഹരിക്കുന്നു.

നന്ദി! നമസ്കാരം!

***********************

*നാരായണകവചം

ദേവന്മാരുടെ ഗുരുവായ വിശ്വരൂപൻ, ദേവേന്ദ്രനും വാഹനമായ ഐരാവതത്തിനും, വൃത്രാസുരനിൽ നിന്നും ഉണ്ടാകുന്ന എല്ലാ കഷ്ടങ്ങളിൽ നിന്നും നിരന്തരമായ രക്ഷ നേടാൻ ഉപദേശിച്ച 43 നാലുവരി വീതമുള്ള ശ്ലോകാവലിക്കു മൊത്തത്തിൽ നാരായണ കവചം എന്നു പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News