. 1989 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് സ്‌ഥാനാർത്ഥികളെ തീരുമാനിക്കാൻ തിരുവനന്തപുരത്തു കെ പി സി സി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ കേരളത്തിലെ കോൺഗ്രസിന്റെ സമുന്നത നേതാക്കൾ യോഗം കൂടിയപ്പോൾ കരുണാകരൻ മൂത്രം ഒഴിക്കുവാൻ പോയപ്പോൾ എ കെ ആന്റണി കോഴിക്കോട് മണ്ഡലത്തിലേക്കു എഴുതിചേർത്ത പേരാണ് കെ മുരളീധരന്റെ എന്നാണ് പരക്കെയുള്ള സംസാരം.
. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം മുതൽ കമ്യുണിസ്റ്റ് പാർട്ടികൾക്ക് എതിരെ കടുത്ത നിലപാട് എടുത്തിരുന്ന മുരളി കന്നി അങ്കത്തിൽ തന്നെ കരുത്തനായ കമ്യുണിസ്റ്റ് നേതാവ് ഇ കെ ഇമ്പീച്ചിബാവയെ മലർത്തി അടിച്ചുകൊണ്ട് തന്റെ പാർലെമെന്ററി യാത്രയ്ക്കു തുടക്കം കുറിച്ചു.
. തുടർച്ചയായ രണ്ടു വിജയങ്ങൾക്ക് ശേഷം വീരേന്ദ്രകുമാറിനോട് കോഴിക്കോട് മൂന്നാം അങ്കത്തിൽ പരാജയപ്പെട്ട മുരളി 98 ൽ തൃശൂരിലേക്ക് കളം മാറ്റിയെങ്കിലും സി പി ഐ യുടെ കറകളഞ്ഞ നേതാവ് വി വി രാഘവനോട് പൊരുതി തോൽക്കേണ്ടി വന്നു.
. വീണ്ടും 99 ൽ കോഴിക്കോട്ടേക്കു വണ്ടികയറിയ മുരളി ജനതദളിൽ നിന്നും മണ്ഡലം തിരിച്ചു പിടിക്കുകയും 2001 ൽ നൂറ് സീറ്റിൽ വിജയിച്ചു എ കെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ ആ ദിവസം തന്നെ കോൺഗ്രസ് നേതൃത്വം ആയി വിലപേശിക്കൊണ്ടിരുന്ന കരുണാകരൻ മുരളിയെ കെ പി സി സി പ്രസിഡന്റ് ആക്കുകയും ചെയ്തു.
. അതുവരെ കടുത്ത കമ്യുണിസ്റ് വിരോധം കൊണ്ട് നടന്നിരുന്ന മുരളി പ്രസിഡന്റ് ആയിരുന്ന കാലയളവിൽ അന്നത്തെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമായി എറണാകുളത്തു എലൂർ ഗസ്റ്റ്‌ഹൗസിൽ ഒരു രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷം നിലപാടിൽ അയവുവരുത്തുന്നതുമാണ് പിന്നെ കണ്ടത്.
. ആ സമയത്തു എറണാകുളം എം പി ജോർജ് ഈഡൻ അന്തരിച്ചപ്പോൾ ഉണ്ടായ ഉപതെരെഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിന്റെ സീറ്റായ എറണാകുളത്തു എ കെ ആന്റണി തന്റെ അനുയായി ആലുവ മുൻ മുനിസിപ്പൽ ചെയർമാൻ എം ഓ ജോണിനെ സ്‌ഥാനാർഥി ആക്കിയപ്പോൾ ഇടതു മുന്നണി സ്‌ഥാനാർഥിയായ dr സെബാസ്റ്റ്യൻ പോളിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ച മുരളി സെബാസ്റ്റ്യൻ പോളിന്റെ വിജയം പ്രഖ്യാപിച്ച ശേഷം പദ്മജയുടെ പനമ്പള്ളി നഗറിൽ ഉള്ള വീട്ടിൽ കരുണകാരനോടൊപ്പം ഒന്നിന് പകരം രണ്ടു ലഡു കഴിച്ചത് അക്കാലത്തെ ചൂടുള്ള വാർത്തയായിരുന്നു.
. പിന്നീട് കോൺഗ്രസ് നേതൃത്വം ആയുള്ള സമവായതിന്റെ പുറത്തു കെ പി സി സി പ്രസിഡന്റെ പദവി ഒഴിഞ്ഞു ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി ആയതോടെ മുരളിയുടെ രാഹുകാലം ആരംഭിക്കുകയായിരുന്നു.
. വടക്കാഞ്ചേരി ഉപതെരെഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കരുവന്നൂർ ബാങ്ക് കൊള്ള വിവാദ നായകൻ സി പി എം ന്റെ എ സി മൊയ്‌ദീനോട് രണ്ടായിരത്തിൽപരം വോട്ടുകൾക്കു പരാജയപ്പെട്ട മുരളിക്കു കെ പി സി സി പ്രസിഡണ്ട് സ്‌ഥാനം പോയ പുറകെ മന്ത്രി സ്‌ഥാനവും പോയി.
. പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചു കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്നു വിളിച്ചു കോൺഗ്രസിൽ നിന്നും പുറത്തുപോയി ഡി ഐ സി ഉണ്ടാക്കി ഇടതു മുന്നണിയിൽ പ്രവേശിക്കാം എന്ന മോഹം അന്നത്തെ സി പി ഐ സെക്രട്ടറി വെളിയം ഭാർഗവന്റെ കടുത്ത എതിർപ്പിന് തുടർന്ന് നടക്കാതെ വന്നപ്പോൾ മുരളീധരന്റെ രാഷ്ട്രീയ ഭാവി തുലാസിലായി.
. കുറെ കാലങ്ങൾക്ക് ശേഷം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കളുടെ സഹതാപത്തിൽ കോൺഗ്രസിൽ മടങ്ങിയെത്തിയ മുരളി തന്റെ രണ്ടാം വരവ് ഗംഭീരം ആക്കി.
. 2011 ലും 2016 ലും വട്ടിയുർകാവിൽ നിന്നും ഉജ്വല വിജയം നേടി നിയമസഭയിൽ എത്തിയ മുരളി 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ സി പി എം ന്റെ സ്റ്റാർ പൊളിറ്റീഷൻ പി ജയരാജനെ നേരിടാൻ സിറ്റിംഗ് എം പി മുല്ലപ്പള്ളിക്ക് മുട്ടു വിറച്ചപ്പോൾ ആ ധൗത്യം ഏറ്റെടുത്തു അങ്കം വെട്ടി ജയിച്ചു കേരളത്തിൽ നിന്നും ഡൽഹിയിൽ പോയ എം പി മാരിൽ ഹീറോ ആയി.
. പക്ഷേ പിന്നീട് എടുത്ത തീരുമാനത്തിൽ മുരളിക്കു പിഴവ് പറ്റി. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ സിറ്റിംഗ് സീറ്റായ നേമത്ത് ബി ജെ പി സ്‌ഥാനാർഥി കുമ്മനം രാജശേഖരനെ തോല്പിക്കുവാൻ വടകരയിൽനിന്നും നേമത്തേയ്ക്കു വണ്ടികയറിയപ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ സൃഷ്ടിചെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച മുരളിക്കു കനത്ത വില നൽകേണ്ടി വന്നു.
. കേരളത്തിൽ എന്നല്ല ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലയ്ക്കു മികച്ച സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ക്രൈസ്തവ സഭ ഇരിഞ്ഞാലക്കുട, തൃശൂർ രൂപതകൾ ഉൾക്കൊള്ളുന്ന തൃശൂർ പാർലെമെന്റെ മണ്ഡലത്തിൽ മത്സരിച്ച മുരളിയ്ക്കു വെറും പണി അല്ല കൊടുത്തത് എട്ടിന്റെ പണി ആണ് കൊടുത്തത്.
. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മത്സരിച്ച സുരേഷ് ഗോപി തൃശൂർ ഞാൻ എടുക്കുവാണെന്നു പറഞ്ഞെപ്പോൾ പലരും മൂക്കത്തു വിരൽ വച്ചപ്പോൾ ഈ തെരഞ്ഞെടുപ്പിൽ തൃശൂർ എടുത്ത സുരേഷ് ഗോപി പദ്മജെയും എടുത്തു ബി ജെ പി യിൽ എത്തിക്കുമെന്ന് മുരളി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
. കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുമ്പോൾ വടകരയിൽ അനായാസം ജയിക്കാമായിരുന്നിട്ടും വേണുഗോപാലിന്റെയും വി ഡി സതീശന്റെയും കുബുദ്ധിയിൽ തൃശൂരിൽ മത്സരിച്ചു മൂന്നാം സ്‌ഥാനത്തു പോയി നാണം കെട്ട മുരളി ഇപ്പോൾ മൂന്നു ദിവസമായി സോണിയ ഗാന്ധിയെ കാണുവാൻ ഡൽഹിയിൽ തമ്പടിച്ചു കാത്തിരിക്കുന്നത് രണ്ടു സീറ്റിൽ ജയിച്ചു ഏതു നിലനിർത്തണം എന്നു ആലോചിച്ചു ധർമ്മസങ്കടത്തിൽ ആയ രാഹുൽ ഗാന്ധിയോട് വയനാട് നിലനിർത്തിക്കോ നോർത്തിന്ത്യയിൽ കോൺഗ്രസിനെ ശക്തിപെടുത്തുവാൻ റായ്ബേറെലിയിൽ താൻ വേണമെങ്കിൽ ഒരു കൈ നോക്കാം എന്നു കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുവാൻ ആണോയെന്നാണ് പിന്നാമ്പുറ സംസാരം.