(‘പാടുന്നുപാഴ്മുളം തണ്ട് പോലെ ‘ എന്ന അനുഭവക്കുറിപ്പുകളിൽ നിന്ന്)
എന്റെ അപ്പന് നല്ല സുഖമില്ല എന്ന വിവരം അനുജൻ വിളിച്ചു പറഞ്ഞു. തൊണ്ണൂറ്റി ആറ് വയസിലും ശാരീരികഅവശതകൾ അവഗണിച്ച് നല്ല മാനസിക ആരോഗ്യത്തോടെ ജീവിക്കുകയായിരുന്നു അപ്പൻ. അടുത്ത കാലംവരെ വടി കുത്തിപ്പിടിച്ച് മുകളിലെ വീട്ടിൽ ( ഞങ്ങളുടെ ) എത്തി അവിടുത്തെ പോരായ്‌മകൾ നോക്കിനടത്തുമായിരുന്നു അപ്പൻ. അമ്മയുടെ മരണത്തിനു ശേഷമാണ് വടി ഉപേക്ഷിച്ച് റോയി ഇവിടെ നിന്ന് കൊണ്ട്കൊടുത്ത വാക്കറിൽ നടക്കാൻ തുടങ്ങിയത്. അതോടെ അധികവും താഴത്തെ ( ബേബിയുടെ ) വീട്ടിൽതന്നെയായി ഇരിപ്പും, കിടപ്പും. വാക്കറിന്റെ സഹായത്തോടെ അല്പമൊക്കെ നടക്കുവാൻ സാധിക്കുന്ന നിലയിൽആയിരുന്നു അപ്പൻ.
പെട്ടെന്ന് ഒരു നെഞ്ചു വേദന അനുഭവപ്പെട്ടു എന്നും, ആശുപത്രിയിൽ കൊണ്ട് പോയി എന്നുമാണ് അനുജൻവിളിച്ചു പറഞ്ഞത്. പരിശോധനയിൽ ഹാർട്ട് വീക്ക് ആയിക്കൊണ്ടിരിക്കുകയാണെന്നും, കൂടുതൽകാർഡിയോളജി സൗകര്യങ്ങൾ ഉള്ള സ്ഥലത്തേക്ക് മാറ്റുന്നതാണ് നല്ലത് എന്നും ഡോക്ടർ പറഞ്ഞുവത്രേ. അതനുസരിച്ച് തൊടുപുഴക്ക് സമീപമുള്ള ഒരു പ്രമുഖ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ഞാൻ വീണ്ടുംവിളിച്ചത്. അപ്പൻ തന്നെ ഫോൺ വാങ്ങിച്ച് ” എനിക്ക് കുഴപ്പമൊന്നുമില്ല, നീ ഒന്നും പേടിക്കേണ്ട ” എന്ന് എന്നോട്പറഞ്ഞു.
ആശുപത്രിയിൽ എത്തിയ അപ്പനെ ഐ. സി. യു. വിൽ പ്രവേശിപ്പിച്ചു. തികഞ്ഞ ബോധത്തോടെയാണ് അപ്പൻഐ. സി. യു. വിൽ കഴിഞ്ഞത്. കാണാനെത്തുന്നവരോട് സംസാരിക്കുകയും, ” എനിക്ക് ഇതിന്റെയൊന്നുംആവശ്യമുണ്ടായിരുന്നില്ല ” എന്ന് പറയുകയും ചെയ്തുവത്രേ. നാട്ടിൽ ഒന്ന് പോയാലോ എന്ന ആലോചനയോടെഞാൻ അനുജനെ വിളിച്ചു. ഉടനെ ഞാൻ അങ്ങോട്ട് വരാൻ ഉദ്ദേശിക്കുകയാണെന്ന് അനുജനോട് പറഞ്ഞു. അവൻ ഫോൺ അപ്പന് കൊടുത്തു. ഞാൻ അങ്ങോട്ട് വരികയാണ് എന്ന് അപ്പനോട് ഞാൻ പറഞ്ഞു. അതിന്അപ്പൻ പറഞ്ഞ മറുപടി : ” നീ ആ പാടില്ലാത്ത ചങ്കും വച്ച് ഓടിപ്പിടിച്ച് ഇങ്ങോട്ട് പോരേണ്ട. എനിക്കൊരുകുഴപ്പവുമില്ല. വെറുതേ ആ കാശ് കളയാതെ വീട്ടിലിരിക്ക്. ” എന്നായിരുന്നു. (ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സയും കഴിഞ്ഞ് അവശനായി തിരിച്ചു പോന്ന എന്നെയാണല്ലോ അപ്പൻ ഒരു വര്ഷം മുൻപ് കണ്ടത്എന്നതിനാലാവണം, ഞാൻ ചെല്ലുന്നതിനെ അപ്പൻ എതിർക്കുന്നത് എന്ന് എനിക്കു മനസിലായി. )
പറഞ്ഞിരുന്നത് പോലെ തന്നെ നാല് ദിവസം കഴിഞ്ഞ് ഡിസ്ചാർജായി അപ്പൻ വീട്ടിലെത്തി. പൊതുവെആരോഗ്യ സ്ഥിതി അൽപ്പം മെച്ചപ്പെട്ടു എന്നാണു അറിഞ്ഞത്. വാക്കറുമായി മുറ്റത്തു കൂടി നടന്ന് റോഡിൽവരെയൊക്കെ പോകുവാനും, പരിചയക്കാരോട് പതിവിൽ കൂടുതലായി സംസാരിക്കുവാനും ഒക്കെ കഴിയുന്നുണ്ട്എന്ന നല്ല വാർത്തകളാണ് നാട്ടിൽ നിന്നും വന്നു കൊണ്ടിരുന്നത്.
*. * * * *
അപ്രതീക്ഷിതവും, അസ്വാഭാവികവുമായ ഒരു രാത്രി വിളിയിൽ ഫോണിന്റെ അങ്ങേത്തലക്കലെ അനുജന്റെ പൊട്ടിക്കരച്ചിലിൽ ” അപ്പൻ മരിച്ചു പോയി ” എന്ന വാക്കുകൾ ചിതറി വീണു. ഒരു നിമിഷം ഞെട്ടിത്തെറിച്ച്സ്തബ്ധനായി നിന്ന് പോയ ഞാൻ എവിടെ നിന്നോ വന്നു ചേർന്ന അജ്ഞാതമായ ഒരാശ്വാസത്തിന്റെ നിറവിൽ” എന്റെ അപ്പൻ ആണുങ്ങളെപ്പോലെ മരിച്ചു ” എന്ന് പ്രതിവചിച്ചു പോയി.
തൊണ്ണൂറ്റി ആറ് വയസ്സ്. വാക്കറിന്റെ സഹായത്തോടെ ആണെങ്കിലും, അത്യാവശ്യം സ്വന്തം കാര്യങ്ങൾ സ്വയംനടത്തി എടുക്കുവാനുള്ള ആരോഗ്യം, ഇഷ്ട ഭക്ഷണവും, സന്തത സഹചാരിയായ ഷൈജുവിനോടൊത്തുള്ളഅൽപ്പം മദ്യ പാനവും, സ്വന്തം തീരുമാനങ്ങൾ എടുക്കുവാനും, നടത്തുവാനുമുള്ള സാമ്പത്തിക – സാമൂഹ്യസാഹചര്യങ്ങൾ, അപ്പന്റെ പ്രായത്തിലും, അവസ്ഥയിലും ഉള്ള ( അങ്ങിനെ അധികം പേരില്ല ) മറ്റുള്ളവരെക്കാൾഎത്രയോ ഉയരത്തിലായിരുന്നു അപ്പൻ ! ആശുപത്രിയിൽ നിന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഞാൻവിളിച്ചിരുന്നു. ” എനിക്ക് കുഴപ്പമൊന്നുമില്ല, നീ വെറുതേ ആധി പിടിക്കണ്ടാ ” എന്നായിരുന്നു പ്രതികരണം.
ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതിന്റെ മൂന്നാം ദിവസം വാക്കറിന്റെ സഹായത്തോടെ മുറ്റത്ത്നടക്കുകയായിരുന്നു അപ്പൻ. കൊച്ചപ്പന്റെ മകൻ ജോയിയുടെ മകൻ വിനേഷ് അപ്പനോട് സംസാരിച്ചു കൊണ്ട്കൂടെത്തന്നെയുണ്ട്. നടക്കുന്നതിനിടയിൽ അപ്പന് എന്തോ വല്ലായ്‌മ തോന്നിയിരിക്കണം, ” ബേബിയെ വിളിക്ക് ” എന്ന് പറഞ്ഞു കൊണ്ട് അപ്പൻ വിനേഷിന്റെ കൈകളിലേക്ക് ചാഞ്ഞു. വിളി കേട്ട് വന്ന ബേബി അപ്പനെ താങ്ങി. ” എനിക്കൊന്ന് കിടക്കണം ” എന്ന് അപ്പൻ ബേബിയോട് പറഞ്ഞു. അവർ താങ്ങിപ്പിടിച്ച് അപ്പനെ ബെഡിൽകിടത്തി. ” നീ ചെന്ന് ജോർജിനോട് വേഗം ഇങ്ങോട്ടു വരാൻ പറയ് ” എന്ന് പറഞ്ഞ് അപ്പൻ വിനേഷിനെപറഞ്ഞയച്ചു. കട്ടിലിലിരുന്ന് ബേബി അപ്പന്റെ കാലുകൾ തടവുകയായിരുന്നു. അഞ്ഞൂറടി മാറിയുള്ള വീട്ടിൽനിന്ന് അപ്പന്റെ രണ്ടാമത്തെ മകനായ ജോർജ് ഓടിയെത്തി.
” അപ്പാ,അപ്പാ, എന്ത് പറ്റിയപ്പാ ? ” എന്ന് ചോദിച്ചു കൊണ്ട് ജോർജ് കട്ടിലിലിരുന്നു. ഉത്തരമില്ല. മൂക്കിൽ വിരൽവച്ച് പരിശോധിച്ച് നോക്കിയ ജോർജിന് മനസിലായി : അപ്പൻ ഉറങ്ങുകയാണ്, ഇനി ഉണരാതെവണ്ണം. കാലുകൾതടവിയിരുന്ന ബേബി പോലുമറിയാതെ അപ്പൻ കടന്നു പോയിരിക്കുന്നു. തുറന്നിരുന്ന ആ ദീപ്‌ത നയനങ്ങൾമക്കൾ തിരുമ്മിയടച്ചു.
തൊണ്ണൂറ്റിയാറ് വർഷങ്ങളിലെ സുദീർഘമായ ജീവിതത്തിനിടക്ക് ഒരാളെപ്പോലും, നോവിക്കുകയോ, വഞ്ചിക്കുകയോ ചെയ്യാതെ ജീവിച്ച എന്റെ അപ്പൻ, ഒരു യുവാവായിരിക്കുമ്പോൾ മസൂരി മൂലം മരണമടയുന്നസാധുക്കൾക്ക് ഒരു ശവപ്പെട്ടി വാങ്ങാൻ നിവർത്തിയില്ലാത്ത എത്രയോ അവസരങ്ങളിൽ സ്വന്തം പറമ്പിലെ മുരിക്ക്വെട്ടിക്കീറി വാക്കത്തി കൊണ്ട് ചെത്തി മിനുക്കി പലകകളാക്കി അത് കൊണ്ട് ശവപ്പെട്ടി ഉണ്ടാക്കി ശവം മറവുചെയ്യാൻ സഹായിച്ചിരുന്ന എന്റെ അപ്പൻ, സ്നേഹ മസ്രണമായ പെരുമാറ്റത്തിലൂടെ മുഴുവൻ നാട്ടുകാരുടെയും ‘ പേരപ്പൻ ‘ ( പിതാവിന്റെ ജേഷ്ഠൻ എന്നർത്ഥം ) എന്ന് വിളിക്ക് അർഹനായിത്തീർന്ന എന്റെ അപ്പൻ, മരിച്ചുപോയി എന്ന് വിശ്വസിക്കുവാൻ ഇതെഴുതുന്ന ഇന്നും എനിക്ക് സാധിക്കുന്നില്ല.
തന്റെ പതിനാറാം വയസ്സിൽ ജീവിത ഭാരത്തിന്റെ കടും ചുമട് തോളിൽ വച്ച് കൊടുത്ത് കൊണ്ട് അന്ന് മുപ്പത്താറുകാരനായിരുന്ന എന്റെ വല്യാപ്പൻ വേർ പിരിയുമ്പോൾ, ആ മരണ വീട്ടിൽ വിളക്ക് തെളിയിക്കുന്നതിനുള്ള ഒരുകുപ്പി മണ്ണെണ്ണ കടം കിട്ടാൻ വിലയില്ലാതിരുന്ന ഒരവസ്ഥയിലായിരുന്നു എന്റെ അപ്പൻ. അനാഥരായ അമ്മയെയും, അനുജനെയും കൂട്ടി ജീവിത യാഥാർഥ്യങ്ങളുടെ പുത്തൻ പുതുമണ്ണിൽ കാലുറപ്പിച്ചു നിന്ന് പൊരുതിജയിക്കുകയായിരുന്നു എന്റെ അപ്പൻ !
ഒരു ചലച്ചിത്രത്തിൽ എന്ന പോലെ ഞങ്ങളുടെ ജീവിത ചിത്രങ്ങൾ മനസിന്റെ സ്‌ക്രീനിൽ തെളിഞ്ഞു തെളിഞ്ഞുവന്നു. ‘ വെള്ളപ്പിത്തം ‘ എന്നറിയപ്പെട്ടിരുന്ന വിളർച്ച രോഗം പിടിപെട്ട് മരണത്തിന്റെ ഗുഹാ മുഖത്ത് ഇടറിവീഴാൻകാത്ത് കിടന്ന എന്നെയും തോളിൽ വഹിച്ചു കൊണ്ട് ആശുപത്രികളിൽ നിന്ന് ആശു പത്രികളിലേക്കുള്ള നിരന്തരയാത്രകൾ… അത്താഴത്തിനു പോലും അരിയില്ലാത്ത കുടിലിൽ അതിനുള്ള ചില്ലികൾ പോലും സ്വരൂപിച്ചുകൊണ്ടാണ് കാൽനടയായുള്ള ഈ ചികിത്സാ യാത്രകൾ. അപ്പന്റെ തോളിൽ നിന്ന് ‘ ഇനി ഇങ്ങോട്ടില്ല ‘ എന്നഅപ ശകുനം പേറി തൂങ്ങിക്കിടക്കുന്ന എന്റെ നീര് വച്ച കാലുകൾ നോക്കി തേങ്ങിക്കരഞ്ഞു കൊണ്ട് ആറ്ഔൺസ് ഔഷധക്കുപ്പിയും പേറി അപ്പന്റെയൊപ്പം ആയാസപ്പെട്ട് ഓടിയെത്തുന്ന വല്യാമ്മയുടെ ക്ഷീണിത രൂപം.
ആധുനിക ചികിത്സകർ കൈയൊഴിഞ്ഞ കാലത്ത് ദരിദ്രനും, വിക്കനുമായ തടിയറപ്പുകാരൻ കുഞ്ഞിരാൻപണിക്കൻ സൗജന്യമായി ഉണ്ടാക്കി നൽകിയ നാട്ടു മരുന്നു കൊണ്ട് പൂർണ്ണമായ രോഗ സൗഖ്യം കിട്ടിയപ്പോൾസ്വർഗ്ഗം അനുഭവേദ്ധ്യമായ ഒരു യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞ് ആശ്വസിച്ചു നിന്ന എന്റെ അപ്പൻ.
ദരിദ്ര കുടുംബത്തിന് താങ്ങായി തീരേണ്ട മൂത്ത സന്തതിയായ എനിക്ക് ‘ നാഴിയരിയും, ഒരയലയും ‘ നേടിയെടുക്കാൻ വേണ്ടി പറമ്പിലെ തേൻ വരിക്ക മാവുകൾ മുറിച്ചു വിറ്റ് അപ്പൻ ഇട്ടു തന്ന ചെറിയതൊഴിലിടമായ തുണിക്കട സദാ സമയവും സാഹിത്യത്തിന്റെ പിറകേ നടന്ന് നഷ്ടപ്പെടുത്തിയപ്പോൾ, അത്വരെയുള്ള മകന്റെ സാഹിത്യ രചനകളുടെ ഒരു കെട്ട് നോട്ടു ബുക്കുകൾ നിഷ്‌ക്കരുണം പൊട്ടക്കിണറ്റിലെറിഞ്ഞുകളഞ്ഞ് മകൻ എന്ന എന്നെ സാഹിത്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പരിശ്രമിച്ചുപരാജയപ്പെട്ട എന്റെ അപ്പൻ.
സാഹിത്യം കൊണ്ടല്ലെങ്കിലും, സാമാന്യ ജീവിതത്തിന്റെ മുകൾത്തട്ടിൽ തന്നെ എത്തിച്ചേരാൻ എനിക്ക്സാധിച്ചപ്പോൾ, ഞാൻ പറഞ്ഞു കൊടുക്കുന്ന എന്റെ നർമ്മ കഥകൾ കേട്ട് പൊട്ടിപ്പൊട്ടി ചിരിച്ചു രസിച്ച എന്റെഅപ്പൻ എന്നോട് പോലും പറയാതെ ഉറങ്ങിയിരിക്കുന്നു ? അവസാന കാലത്ത് അപ്പനമ്മമാരെ പരിചരിക്കാൻഅവരോടൊപ്പം ഉണ്ടാവണം എന്ന് മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം നിറവേറ്റാൻ അവസരം ലഭിക്കാതെ ഞാനില്ലാത്തപ്പോൾ, എന്റെ അസ്സാന്നിധ്യത്തിൽ അവർ ഓരോരുത്തരായി കടന്നു പോയിരിക്കുന്നു. അമേരിക്കൻസ്വപ്നങ്ങളിൽ ആഴ്ന്നു പോയ എന്റെ ജീവിതായോധനത്തിന്റെ അടിവേരുകൾ അവിടെ നിന്ന്പറിച്ചെടുക്കുമ്പോൾ ഉണ്ടാവുന്ന അതി വേദന കടിച്ചിറക്കാൻ ഞാനെന്ന ഭീരുവിനു കഴിയാതെ പോയതാവാം ഒരുകാരണം. അല്ലെങ്കിൽത്തന്നെ അനിവാര്യമായ ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് മയങ്ങി വീഴുമ്പോൾ ഇവിടെആർക്ക് ആരോട് പറയാനാണ് നേരം ?
രാത്രിയിൽ തന്നെ റോയിയുടെയും വിളി വന്നു. നാട്ടിൽ പോകാനുള്ള ഏർപ്പാടുകൾ എൽദോസ് തന്നെ ചെയ്തുതന്നു. താഴത്തെ വീടിന്റെ വരാന്തയിൽ വാക്കറിന്റെ കൈപ്പിടികളിൽ പിടിച്ച് ഞങ്ങളെ നോക്കിയിരിക്കാറുള്ളഅപ്പൻ അവിടെയില്ലെന്ന് വിശ്വസിക്കാനാവാതെ അപ്പനെ കാണാൻ ഞാനും, ഭാര്യയും, റോയിയും നാട്ടിലേക്ക്തിരിച്ചു.
വിമാനം നെടുമ്പാശേരിയിൽ ഇറങ്ങുമ്പോൾ വെളുക്കാൻ മടിച്ചു കിടക്കുന്ന പ്രഭാതത്തിന്റെ ഉറക്കച്ചടവിൽ ഒരുചാറ്റൽ മഴ. അനീഷ് തന്റെ ഇന്നോവായുമായി എത്തിയിട്ടുണ്ട്. അതിൽ കയറി വീട്ടിലിറങ്ങുമ്പോൾ ആരോനിർബന്ധിച്ചു വിളിച്ചുണർത്തിയത് പോലെ നേരം വെളുത്തു വരുന്നു. ബലിക്കാക്കകളുടെ കരച്ചിലിൽ പറമ്പിലെ പൈനാപ്പിൾ കാടുകളിൽ ഇര തേടലിന്റെ ചിറകടികൾ. താഴത്തെ വീട്ടിലെ വരാന്തയിൽ അപ്പന്റെ അവസാന കാലസഹായി ആയിരുന്ന വാക്കർ കാണാനില്ല. ഇനിയൊരിക്കലും അപ്പനമ്മമാർ ഓടി നടന്ന് നട്ടു വളർത്തിയകാർഷിക വിളകളുടെ തണലുകളിൽ അവരുടെ പാദ പതന നാദത്തിന്റെ നാടൻ സംഗീതം ഉണരുകയില്ലാ, അവർഉറങ്ങുകയാണ് !
കോതമംഗലത്തെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിൽ നിന്ന് മൃതദേഹം ഏറ്റു വാങ്ങുവാൻഎത്തിയിരിക്കുകയാണ് ഞങ്ങൾ. അപ്പന്റെ ആൺമക്കളായ ഞാനും, ജോർജും, ബേബിയും, റോയിയും മാത്രമല്ലാ, ഞങ്ങളോടൊപ്പം അപ്പന്റെ ആദ്യ മരുമകളായ എന്റെ ഭാര്യ മേരിക്കുട്ടിയുമുണ്ട്. കോതമംഗലം നിവാസികളും, ആശുപത്രിയിലെ ജീവനക്കാരും ആയിട്ടുള്ള കൊച്ചപ്പന്റെ മരു മക്കൾ എൽദോസും, രാജുവും, ഡ്രൈവർ അനീഷുംസഹായികളായി ഉണ്ട്. വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ആശുപത്രിയുടെ കാന്റീനിൽ നിന്ന് ചായ കുടിച്ചു.
ഫ്രീസറിൽ ആക്കുന്നതിനു മുമ്പ് ആശുപത്രി ജീവനക്കാർ അപ്പനെ ഞങ്ങൾക്ക് കാണിച്ചു തന്നു. വെളുത്തുസുന്ദരനായ കൃശ ഗാത്രനായ അപ്പൻ. സാധാരണ നിലയിലായിരുന്നെങ്കിൽ ” നിങ്ങൾക്കെന്താടാ പിള്ളേരേ ? “എന്ന് ചോദിക്കുമായിരുന്ന അപ്പൻ ഏതോ യാത്രയുടെ ആലസ്യത്തിൽ ഭാവമാറ്റമില്ലാതെ ഉറങ്ങുകയാണ്. തേങ്ങിപ്പോയ റോയി മുഖം പൊത്തി നിൽക്കുമ്പോൾ, അപ്പന്റെ നഗ്ന പാദങ്ങളിൽ മുഖമമർത്തി ഞാൻ ചുംബിച്ചു. അടർന്നുവീണ കണ്ണീർ തുള്ളികളിൽ ചാലിച്ച് ” ഞാനും വരികയാണ് ” എന്ന് നിശബ്ദമായി പറയുമ്പോൾ തണുത്തു മരവിച്ച ആ പാദ പത്മങ്ങളിൽ നിന്ന് ” മരണത്തിലേക്കല്ലാ, ജീവിതത്തിലേക്ക് പോകൂ ” എന്നഒരാമന്ത്രണം ഞാൻ കേട്ടുവോ എന്ന് എനിക്ക് തോന്നി.
ഫ്രീസറിൽ ആക്കപ്പെട്ട മൃത ദേഹവുമായി ആംബുലൻസിൽ ഞങ്ങൾ വീട്ടിലേക്കു പോവുകയാണ്. ഒരു വർഷം മുമ്പ് വരെ അപ്പന്റേതായി അപ്പൻ നോക്കി നടത്തിയിരുന്ന ഞങ്ങളുടെ മുകളിലത്തെ വീട്ടിൽ ആദ്യം മൃതദേഹംഎത്തിക്കണം എന്നു ഞാൻപറഞ്ഞു. വളർന്നു പടർന്നു നിൽക്കുന്ന സപ്പോട്ടയുടെ താഴ്ന്ന ശിഖരങ്ങൾആംബുലൻസിന് തടസ്സമായേക്കും എന്ന് തോന്നിയതിനാൽ അത്തരം കമ്പുകൾ വെട്ടി മാറ്റാൻ വീട്ടിലേക്കുവിളിച്ചു പറഞ്ഞു. വെട്ടി മാറ്റിയ സപ്പോട്ടക്കമ്പുകൾ പൊഴിച്ചിട്ട വെളുത്ത ചോര ഇറ്റു വീണ വഴിയിലൂടെആംബുലൻസ് മുകളിലെ വീട്ടിന്റെ മുറ്റത്തെത്തി നിന്നു.
ലിവിങ് റൂമിലെ വെള്ള വിരിച്ച മേശയിൽ അപ്പന്റെ മൃത ദേഹം കിടത്തിയപ്പോളേക്കും ഇതിനകംഎത്തിച്ചേർന്നിരുന്ന വലിയ ജനക്കൂട്ടം ഓടിയെത്തി. മക്കളും, കൊച്ചു മക്കളും അടങ്ങുന്ന ഞങ്ങളുടെ മാത്രമല്ലാ, ബഹുമാന പൂർവം ‘ പേരപ്പൻ ‘ എന്ന് വിളിച്ചിരുന്ന നാട്ടുകാരുടെയും തേങ്ങലുകളിൽ കനം തൂങ്ങി നിന്നഅന്തരീക്ഷം.
‘ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ‘ എന്ന് തുടങ്ങുന്ന പ്രാർത്ഥന ഞാൻ ആരംഭിച്ചു. തേങ്ങൽച്ചീളുകളിൽ മുറിഞ്ഞു പോയ വാക്കുകളിൽ അവിടെയുണ്ടായിരുന്ന ജനക്കൂട്ടം ആ കൊച്ചു പ്രാർത്ഥന എന്നോടൊപ്പംചൊല്ലിത്തീർത്തു. പിന്നെ ഒട്ടും വൈകാതെ മൃതദേഹം താഴത്തെ വീട്ടിൽ തയ്യാറാക്കിയിരുന്ന പന്തലിലേക്ക് മാറ്റി. വീടും, റോഡും, പരിസരസും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. അമേരിക്കയിൽ ഞങ്ങളുടെ സ്നേഹിതരും, പള്ളിക്കാരുമായിട്ടുള്ള ഈപ്പൻ മാളിയേക്കൽ, ഭാര്യ റോസമ്മ, പ്രിൻസ് വലിയ വീടൻ, ഭാര്യ ജെസ്സി, സാബുഹാബേൽ, ഭാര്യ ജെസി, എന്നിവരെ കൂടാതെ ശ്രീമതിമാരായ സൂസൻ കീണേലിയും, ജോളി സാമുവേലും, എത്തിയിരുന്നു. സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രീഗോറിയോസ് ചർച്ചിന്റെ പേരിലുള്ള ഒരു റീത്ത് അവർ മൃതദേഹത്തിൽ സമർപ്പിച്ചു.
അമേരിക്കയിൽ നിന്ന് ഇപ്പോൾ നാട്ടിലുള്ള രണ്ടു തിരുമേനിമാരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കാമെന്ന്ഷെവലിയാർ ഈപ്പൻ പറഞ്ഞു. അത് വേണ്ടെന്ന് ഞങ്ങൾ പറഞ്ഞു. ” പള്ളി പട്ടക്കാരുടെ കൊയ്‌ത്തു പാടമാണ് ” എന്ന് പണ്ട് മുതൽ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്ന അപ്പന്റെ സംസ്കാര ശുശ്രൂഷക്ക് പൊങ്ങച്ചം കാണിക്കാനായിരണ്ടു മെത്രാന്മാരെ വിളിച്ചു വരുത്തിയാൽ അത് അപ്പന്റെ ആത്മാവ് ക്ഷമിക്കുകയില്ലെന്ന് ഞങ്ങൾക്ക്അറിയാമായിരുന്നു. ഇടവക വികാരിയുടെയും, അറിഞ്ഞു കേട്ട് വന്നു ചേർന്ന ഏതാനും അച്ചൻമാരുടെയുംകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. വീട്ടുകാരും, നാട്ടുകാരുമായിട്ടുള്ള മനുഷ്യർ ഒരുകുടുംബത്തിലെ അംഗങ്ങളെപ്പോലെ ഞങ്ങളോട് കാണിക്കുന്ന സ്നേഹ വായ്‌പുകൾക്ക് ചുരുങ്ങിയ വാക്കുകളിൽഞാൻ നന്ദി പറഞ്ഞു.
അങ്ങിനെ ഞങ്ങളുടെ വല്യവല്യാപ്പൻ സൗജന്യമായി കൊടുത്ത സ്ഥലത്ത്, ഒരു കുഗ്രാമത്തിന്റെ സാമൂഹ്യപുരോഗതിക്ക് അനിവാര്യമായിരുന്ന റോഡും, സ്‌കൂളും നിർമ്മിച്ച സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നപടിഞ്ഞാറേക്കുടിയിൽ മത്തായി കത്തനാർ എന്ന വല്യച്ഛൻ സ്ഥാപിച്ചതും, മതം കച്ചവടം ചെയ്‌യുന്നവരുടെഅവകാശ തർക്കങ്ങളിൽ ഇപ്പോൾ പൂട്ടിക്കിടന്ന് നശിച്ചു കൊണ്ടിരിക്കുന്നതുമായ ചാത്തമറ്റം കർമ്മേൽ പള്ളിയുടെശവക്കോട്ടയിലെ ചുവന്ന മണ്ണിൽ എന്റെ അപ്പന്റെ ഭൗതിക ശരീരവും അടക്കം ചെയ്യപ്പെട്ടു. ഞങ്ങളുടെകുടുംബത്തിൽ നിന്ന് അടുത്തടുത്ത് കൊഴിഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട നാല് പേരുടെ ഓർമ്മകുടീരങ്ങൾഒരു നിരയായി അവിടെ ചേർന്ന് നിൽക്കുന്നു. ആദ്യം വേർപിരിഞ്ഞ ഞങ്ങളുടെ അനീഷ്, പിന്നെ കുഞ്ഞമ്മ, ‘അമ്മ, ഇപ്പോൾ അപ്പനും. തൊട്ടു പിറകിൽ ഉറങ്ങുന്ന കൊച്ചപ്പനും, കൊച്ചമ്മയും. പിന്നിൽ യാതൊരുഅടയാളങ്ങളും അവശേഷിപ്പിക്കാതെ ഉറങ്ങുന്ന വല്യാമ്മ. എന്റെ പ്രാർത്ഥനകളിൽ ഓരോ ദിവസവും ഞാൻഅനുസ്മരിക്കുന്ന ഓർമ്മച്ചെപ്പുകൾ.
‘ സ്നേഹിച്ചു തീരാത്ത ഞങ്ങളുടെ പപ്പക്ക് ‘ എന്ന് അനീഷിന്റെ കുട്ടികളുടെ തേങ്ങൽ അടിക്കുറിപ്പായി ചേർത്ത്ഒരു വയലിന്റെ ചിത്രം കൊത്തിവച്ച ആദ്യ കുടീരം മുതൽ സ്നേഹിച്ചു തീരാത്ത കുഞ്ഞമ്മയും, സ്നേഹിച്ചുതീരാത്ത അമ്മയും, സ്നേഹിച്ചു തീരാത്ത അപ്പനും ഇപ്പോൾ ഒരേ നിരയിൽ ഉറങ്ങുന്നു. ജീവിതം ഒരുനഷ്ടക്കച്ചവടം മാത്രമാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.
ഓറിയോൺ നക്ഷത്ര രാശിയുടെ മൂന്നാം ശിഖരത്തിൽ എന്നോ നടന്ന ഒരു സൂപ്പർ നോവാ സ്പോടനത്തിൽ നിന്ന്രൂപം കൊള്ളുകയും, അഞ്ഞൂറ് കോടി കൊല്ലങ്ങൾക്കകം നടക്കാനിരിക്കുന്ന മറ്റൊരു സൂപ്പർ നോവാസ്പോടനത്തിലൂടെ വീണ്ടും നക്ഷത്ര ധൂളികളായി വേർപിരിഞ്ഞ് പ്രപഞ്ച മഹാ സാഗരത്തിന്റെ അസാമാന്യവന്യതയിൽ അലയാനിരിക്കുന്നുവെന്ന് ശാസ്ത്രം പറയുന്ന സൗരയൂഥ നക്ഷത്ര ശാഖയിൽ ഉൾച്ചേർന്ന്മകരക്കുളിരും, മാമ്പൂ മണവും കിനിയുന്ന ഭൂമിയെന്ന ഈ നക്ഷത്രപ്പാറയിൽ മുലപ്പാലും, മുത്തങ്ങളും ചേർത്തുവച്ച് സ്നേഹത്തിന്റെ നറും ചാന്തിൽ ഒട്ടിച്ചു വച്ച് പണിതുയർത്തിയ മനുഷ്യ സ്വപ്നങ്ങളുടെ ഈ മഹാഗോപുരങ്ങൾ എന്തിനായിരുന്നു ? അവസാനം എന്ന അന്തിമ ലക്ഷ്യത്തിലേക്കുള്ള അനവരതമായ യാത്രയാണ്ജീവിതമെങ്കിൽ, ഇടക്ക് പൂക്കുന്ന പുഞ്ചിരിപ്പൂവുകളിലും, പരിഭവത്തിന്റെ നനവുകളിലും മനുഷ്യ ബന്ധങ്ങളുടെഊഷ്‌മള നിശ്വാസങ്ങൾ ഇഴ ചേർത്തു വച്ചത് എന്തിനായിരുന്നു ? ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങളിലൂടെഅന്ന് തമിഴ് പോലീസുകാരുടെ ആറടി നീളമുള്ള വെളുത്ത വടികളുടെ താൽക്കാലിക വലയത്തിനുള്ളിൽആട്ടിത്തെളിക്കപ്പെടുന്ന യാചകരോടൊപ്പം എന്നെയും ആട്ടിത്തെളിച്ച പോലെ കാലം നമ്മളെയുംആട്ടിത്തെളിക്കുകയാണോ ? അനിവാര്യമായ മരണത്തിന്റെ അജ്ഞാതമായ അഴിക്കൂടുകളിലേക്ക് ?
ഒന്നേയുള്ളു ആശ്വസിക്കാൻ. മുൾ മുനകളുടെ മൂർപ്പുകൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും, ദളമൃദുലതകളിൽ ഒളിച്ചു വച്ച സുഗന്ധം പ്രസരിപ്പിച്ചു കൊണ്ട് വിടരുന്ന സ്വപ്നങ്ങളുടെ ഈ നിറച്ചാർത്ത്. അതിൽനാം അടി പിണയുന്നു. അദമ്യമായ ആ ലഹരിയിൽ അറിയാതെ ആഴ്ന്നു പോകുന്നു. അതെ, അശാന്തവും, അനിവാര്യവുമായ ഒരു നദീ പ്രവാഹം പോലെ ലോകത്താമാനം മനുഷ്യ ജീവിതം ഒഴുകുകയാണ്, ഒഴുകിക്കൊണ്ടേയിരിക്കുകയാണ്.