ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബലിപെരുന്നാൾ സന്ദേശം

സ്രഷ്ടാവിന് പൂർണമായി വിധേയപ്പെടുന്നതിന്റെയും പരീക്ഷണങ്ങൾ അതിജയിക്കുന്നതിന്റെയുമെല്ലാം മാധുര്യം വിളംബരം ചെയ്യുന്ന മുഹൂർത്തമാണ് ബലിപെരുന്നാൾ. ഇബ്‌റാഹീം നബിയും പുത്രൻ ഇസ്മാഈൽ നബിയും അടങ്ങുന്ന കുടുംബത്തിന്റെ ത്യാഗവും സമർപ്പണവുമെല്ലാം പെരുന്നാൾ ദിനങ്ങളുടെ ആത്മചൈതന്യം വിളിച്ചോതുന്നു.

ദൈനംദിന ജീവിതത്തിനിടയിൽ പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകുന്ന നമുക്ക് ചുറ്റുമുള്ള അനേകങ്ങൾക്ക് പ്രതീക്ഷയുടെ സന്ദേശം നൽകാൻ ബലി പെരുന്നാൾ പര്യാപ്തമാണ്. പരിശ്രമങ്ങൾ വെറുതെയാവില്ലെന്നും ആത്മാർഥമായ പ്രവർത്തനങ്ങൾക്ക് തിളക്കമുള്ള ഫലമുണ്ടാവുമെന്നും ഓരോ പെരുന്നാളും വിശ്വാസികളെ ഉണർത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഷ-വർണ വ്യത്യാസമില്ലാതെ മക്കയിൽ ഹജ്ജിനായി ഒരുമിച്ചുകൂടിയ ജനലക്ഷങ്ങളുടെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വിളംബര വേളകൂടിയാണ് പെരുന്നാൾ.

ഇബ്റാഹീമി സ്മരണകൾ നിറഞ്ഞുനിൽക്കുന്ന ഈ വേള സ്രഷ്ടാവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിക്കാനും ചുറ്റുമുള്ളവർക്ക് അതിൽ നിന്ന് പങ്കുനൽകാനുമാണ് നാം ഉപയോഗപ്പെടുത്തേണ്ടത്. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവർക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാൾ ഫലപ്രദമാവാൻ ഏവരും ഉത്സാഹിക്കണം. ആഘോഷ വേളകൾ നന്മയിൽ ഉപയോഗപ്പെടുത്താനും അധാർമിക പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കാനും മുന്നോട്ടുവരണം. ഏവർക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ.

വീഡിയോ സന്ദേശം:
https://we.tl/t-RPGMRNhEu1

Print Friendly, PDF & Email

Leave a Comment

More News