അമ്മ തണൽ മാഞ്ഞു; ഷൈലജയെ തനിച്ചാക്കി വേദനയില്ലാത്ത ലോകത്തേക്ക് സരസമ്മയും യാത്രയായി

തലവടി : ആനപ്രമ്പാൽ തെക്ക് പാലപറമ്പിൽ കക്കാടംപള്ളിൽ പരേതനായ പി.കെ. രാജപ്പന്റെ ഭാര്യ സരസമ്മയും (80) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി.

തങ്ങളുടെ ജീവതാളമായിരുന്ന പിതാവ് രാജപ്പൻ 2019 ജനുവരി 4 ന് ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കണ്ണടച്ചു തുറക്കാനും ശ്വാസം വിടാനും ഒഴികെ എന്തിനും തുണയായിരുന്ന അച്ഛന്റെ വേർപാട് ഇവരുടെ മനസ് തളർത്തിയിരുന്നു.രണ്ട് നേരം തിരുമ്മൽ ഉൾപ്പെടെ ചെയ്ത് ഇവരുടെ പ്രാഥമിക ആവശ്യങ്ങൾ എല്ലാം ചെയ്യുവാൻ സഹായിച്ചിരുന്നത് പിതാവ് രാജപ്പൻ ആയിരുന്നു. രാജപ്പൻ്റെ മരണത്തിന് ശേഷം സരസമ്മ മക്കളുടെ ഏക ആശ്രയമായിരുന്നു. ശരീരത്തിന്റെ പേശികൾ ക്ഷയിക്കുന്ന രോഗം മൂലം മൂത്ത മകൻ ഷിംജി 21 വർഷത്തോളം കിടക്കയിൽ തന്നെയായിരുന്നു. പെട്ടെന്ന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് 2020 ജൂലൈ 9ന് ഷിംജി (46) മരണപ്പെട്ടു. തയ്യൽ ജോലി ചെയത് ഉപജീവനം നടത്തുന്നതിനിടയിൽ ആണ് ഷിംജി കിടക്കയിൽ ആയത്.

ഷിംജിയുടെ ചികിത്സക്കിടയിൽ ക്രമേണ സഹോദരി ഷൈലജയ്ക്കും (47) ഈ രോഗലക്ഷണം തുടങ്ങി. കാൺപൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തു വരവെയാണ് ഷൈലജയും 16 വർഷമായി കിടപ്പിലായിട്ട്. അമ്മയും മരണമടഞ്ഞതോടെ ഷൈലജ ജീവിതത്തിന്റെ ഏകാന്ത തുരുത്തില്‍ ആയി. സരസമ്മയുടെ സംസ്കാരം ഇന്ന് രാവിലെ 11.00ന് വീട് വളപ്പിൽ. പരേത ആലപ്പുഴ മഞ്ചാടിമുട്ട് കുടുംബാംഗമാണ്.

Print Friendly, PDF & Email

Leave a Comment

More News