ഡിഫറന്റ് ആര്‍ട് സെന്റര്‍ പ്രസ് കോണ്‍ഫറന്‍സ് നാളെ (ജൂണ്‍ 19 ബുധന്‍)

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു നവസംരംഭത്തിന് തുടക്കം കുറിക്കുന്ന വിവരം സന്തോഷം അറിയിക്കട്ടെ. ഭിന്നശേഷിക്കാരുടെ പരിമിതികള്‍ക്കനുസൃതമായ മാതൃകാവീടുകള്‍ സൗജന്യമായി നല്‍കുന്ന MAGIK Homes – Making Accessible Gateways for Inclusive Kerala എന്ന പുതിയ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിക്ക് അതിനനുയോജ്യമായ രീതിയിലും മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ളവര്‍ക്ക് അത്തരം സവിശേഷതകളോടുകൂടിയും ശാരീരിക പരിമിതിയുള്ളവര്‍ക്ക് അതിനനുസൃതമായ രീതിയിലുമടക്കം എല്ലാ വിഭാഗക്കാരുടെയും അവരുടെ പരിമിതികളെ മാനിച്ചുകൊണ്ട് വിദേശങ്ങളിലേതുപോലുള്ള സവിശേഷ സൗകര്യങ്ങളോടുകൂടിയ വീടാണ് നിര്‍മിക്കുക.

ജൂണ്‍ 19 (ബുധന്‍) ഉച്ചയ്ക്ക് 12ന് പ്രസ് ക്ലബ് ഹാളില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ രക്ഷാധികാരിയും ചലച്ചിത്ര സംവിധായകനുമായ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ മാജിക് ഹോംസ് മാതൃക അനാച്ഛാദനം ചെയ്ത് പദ്ധതിയുടെ പ്രഖ്യാപനം നടത്തും. ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാനും കേരള സര്‍ക്കാര്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ ശ്രീ. ജിജി തോംസണ്‍ ഐ.എ.എസ്, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടറും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ശ്രീ. ഹരിരാജ് എം.ആര്‍ എന്നിവര്‍ പങ്കെടുക്കും.

ഈ പദ്ധതി അര്‍ഹരായ വ്യക്തികളിലേക്ക് എത്തണമെന്നാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ആഗ്രഹിക്കുന്നത്. അതിന് കേരളത്തിലെ അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഭിന്നശേഷി മേഖലയോടുള്ള വലിയൊരുത്തരവാദിത്തത്തിന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ വിജയത്തിനായി മാധ്യമ സുഹൃത്തുകളുടെ കൂടി സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന് സ്‌നേഹപൂര്‍വം ക്ഷണിക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന വാര്‍ത്താപ്രാധാന്യം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വം,
ഗോപിനാഥ് മുതുകാട്‌

Print Friendly, PDF & Email

Leave a Comment

More News