ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു. 2021-ൽ നാസ്സോ കൗണ്ടി എക്സിക്യൂട്ടീവ് ആയിരുന്ന ലോറ കുറാൻ അജിത്തിന്റെ പ്രഗൽഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ വംശജന് ഇത്തരം ഒരു പദവി ലഭിക്കുന്നത്. ഇത് തികച്ചും ഒരു പൊളിറ്റിക്കൽ നിയമനമാണെങ്കിലും മലയാളീ സമൂഹത്തിൽ നിന്നും ഇതുവരെ ആർക്കും ലഭിക്കാത്ത പദവിയും അംഗീകാരവുമായിരുന്നു അന്ന് അജിത്തിനെ തേടിയെത്തിയത്. 2021-ൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു നാസ്സോ കൗണ്ടി ഭരണം. 2021 നവംബർ 2-ന് നടന്ന തെരഞ്ഞെടുപ്പിൽ ലോറ കുറാനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ബ്രൂസ് ബ്ലേയ്ക്ക്മാൻ കൗണ്ടി എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഡെമോക്രാറ്റ് പാനലിൽ നിയമിതനായ അജിത്തിന് പ്രസ്തുത സ്ഥാനത്ത് തുടരുന്നതിന് ഒരു തടസ്സവും ഉണ്ടായില്ല.
ലോങ്ങ് ഐലൻഡിലെ ഒരേയൊരു പബ്ലിക് സേഫ്റ്റി നെറ്റ് ആശുപത്രിയായ എൻ.യു.എം.സി ഹോസ്പിറ്റലിന്റെ കീഴിൽ വിവിധ സ്പെഷ്യലിറ്റികളുള്ള 530 ബെഡ് ഹോസ്പിറ്റൽ സമുച്ചയത്തിൽ മെഡിക്കൽ റെസിഡൻസി, 911 പോലീസ് കൺട്രോൾ യുണിറ്റ്, ഹെലിപാഡ്, നാസ്സോ കൗണ്ടി ജയിൽ, യൂണിയൻ ഡെയ്‌ലിൽ സ്ഥിതി ചെയ്യുന്ന 589 ബെഡിന്റെ എ. ഹോളി പാറ്റേഴ്സൺ എക്സ്റ്റെൻഡഡ് കെയർ നേഴ്സിങ് ഹോം യൂണിറ്റ് തുടങ്ങിയവയെല്ലാം 14 അംഗങ്ങൾ മാത്രമടങ്ങുന്ന ഡയറക്ടർ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്നവയാണ്. ഗവർണ്ണർ, കൗണ്ടി എക്സിക്യൂട്ടീവ്, സെനറ്റ് മജോറിറ്റി ലീഡർ എന്നിവർക്കാണ് ഡയറക്ടർ ബോർഡിലേക്കുള്ള നിയമനം നടത്തുവാനുള്ള അധികാരം. വോട്ടവകാശമുള്ള ആകെ 14 ബോർഡ് അംഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നത് 7 റിപ്പബ്ലിക്കൻ നിയമിതനും 7 ഡെമോക്രാറ്റിക് നിയമിതനും ആയിരുന്നു. അജിത്തിന്റെ വിരമിക്കൽ ഡയറക്ടർ ബോർഡിൽ നിലവിലുള്ള സമനിലയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.
2021-ൽ ബോർഡ് മെമ്പർ ആയി അജിത് സ്ഥാനം ഏൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുത്ത് ഓത്ത് എടുപ്പിച്ചത് അന്നത്തെ ജനറൽ കൗൺസിൽ ആയിരുന്ന അറ്റോർണി മേഗൻ റയാൻ ആയിരുന്നു. എൻ.യു.എം.സി-യുടെ ഇപ്പോഴത്തെ സി.ഇ.ഓ ആയി പ്രവർത്തിക്കുന്നത് മേഗൻ ആണ്. ഹോസ്പിറ്റലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ആശുപത്രിയിലേക്ക് ആവശ്യമുള്ള വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള അംഗീകാരം നൽകുക, കോൺട്രാക്ടുകൾക്ക് ടെൻഡർ നൽകി അത് അംഗീകരിച്ച് നടപ്പിലാക്കുക തുടങ്ങി നിരവധി കാര്യങ്ങളിൽ തീർപ്പു കല്പിക്കുന്നതും ഡയറക്ടർ ബോർഡ് ആണ്. അജിത് ബോർഡ് മെമ്പർ ആയിരുന്ന കാലഘട്ടത്തിൽ ഹോസ്പിറ്റലിന്റെ സി.ഇ.ഓ, സി.എഫ്.ഓ എന്നിവരെ ഡയറക്ടർ ബോർഡ് പുതുതായി നിയമിക്കുകയുണ്ടായി. കൂടാതെ പുതിയ കാത്ത് ലാബ്, പീഡിയാട്രിക് സൈക്കിയാട്രി ഫെസിലിറ്റിയുടെ വികസനം, ഔട്പേഷ്യന്റ് വിഭാഗത്തിനായി റെസ്റ്റോറന്റ്, കോഫി ഷോപ് എന്നിവയെല്ലാം ഹോസ്പിറ്റലിന്റെ വികസനത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കാൽവെയ്പുകളായിരിക്കെ അതിലെല്ലാം പങ്കാളിയാകുവാൻ തനിക്കു കിട്ടിയ അവസരത്തിന് അത്യധികം ചാരിതാർഥ്യം ഉണ്ടെന്നു അജിത് പറഞ്ഞു.
പ്രതിവർഷം ഏകദേശം രണ്ടര ലക്ഷത്തോളം രോഗികൾക്ക് ചികിത്സ നൽകുന്ന ഈ സ്റ്റേറ്റ് ഫണ്ടഡ് പബ്ലിക് ഹോസ്പിറ്റൽ ലോങ്ങ് ഐലൻഡിലെ ആയിരക്കണക്കിന് രോഗികളുടെ ആശയും അവലംബവുമാണ്. ഇവിടെ ജോലി ചെയ്യുന്ന 3500-ൽ പരം ജോലിക്കാരിൽ നല്ല ശതമാനം ഇന്ത്യക്കാരും അതിൽ ഏറെ മലയാളികളുമാണ്. തീപൊള്ളൽ ഏൽക്കുന്നവർക്കായി അമേരിക്കയിലെ തന്നെ ഒന്നാമതായി നിൽക്കുന്ന പ്രശസ്തമായ ബേൺ ആൻഡ് ട്രോമാ സെന്റർ എൻ.യു.എം.സി-ക്ക് സ്വന്തമാണ്. ബോർഡ് മെമ്പർ എന്ന നിലയിൽ വളരെയധികം കമ്മ്യൂണിറ്റി പ്രവർത്തനം നടത്തുവാനും സമൂഹത്തിലുള്ള പലർക്ക് വിവിധങ്ങളായ സഹായങ്ങൾ നൽകുവാനും അവസരം ലഭിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും അജിത് രേഖപ്പെടുത്തി.
ന്യൂയോർക്കിന്റെ ആദ്യത്തെ സൗത്ത് ഏഷ്യൻ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, എൻ.യു.എം.സി ഡയറക്ടർ ബോർഡ് ചെയർമാൻ മാത്യു ബ്രൂഡർമാൻ, സി.ഇ.ഒ മേഗൻ റയാൻ, നാസ്സോ കൗണ്ടി എക്സിക്യൂട്ടീവ് ബ്ലെയ്ക്ക്മാന്റെ ചീഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ആർതർ വാൽഷ് എന്നിവരും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങങ്ങളും ഹോസ്പിറ്റൽ ജീവനക്കാരും അജിത്തിന്റെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘനീയമായി അനുമോദിക്കുകയും അതിനോടുള്ള നന്ദിയും സന്തോഷവും അറിയിക്കുകയും ചെയ്തു.
നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗമായി മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സ്ഥാനം ഒഴിയുന്ന അജിത് മറ്റ് പല പദവികളും അലങ്കരിച്ച് ഇന്ത്യൻ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ്. സെനറ്റർ കെവിൻ തോമസിൻറെ കമ്മ്യൂണിറ്റി ലയസൺ മെമ്പറായും ഫോമാ സിവിൽ & പൊളിറ്റിക്കൽ ഫോറം ചെയർമാനായും തൻറെ സാമൂഹിക പ്രവർത്തനം മുൻപോട്ട് നയിക്കുന്നു. കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA) പ്രസിഡൻറ് , മാസ്സപ്പെക്വ സെൻറ് പീറ്റേഴ്സ് & സെൻറ് പോൾസ് പള്ളി സെക്രട്ടറി, ഫോമാ യൂത്ത് ഫോറം നാഷണൽ ചെയർമാൻ എന്നീ പദവികളിലും കഴിഞ്ഞ പല വർഷങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ന്യൂയോർക്ക് സിറ്റി ഗവൺമെൻറ് ഐ.ടി. ഡിപ്പാർട്മെന്റിൽ മാനേജർ ആണ്.
മുവാറ്റുപുഴ കടാതിയിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചുകുടിയിൽ എബ്രഹാമിന്റെയും അന്നകുഞ്ഞിന്റെയും മൂന്നു മക്കളിൽ ഏക പുത്രനാണ് അജിത് കൊച്ചൂസ്. അഞ്ചു, മഞ്ജു എന്നിവർ രണ്ട് സഹോദരിമാർ. ഭാര്യ ജയാ വർഗ്ഗീസ് ലോങ്ങ് ഐലൻഡിലെ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരിയാണ്. ലോങ്ങ് ഐലൻഡിലെ സ്മിത്ത് ടൗണിൽ സ്ഥിര താമസമാക്കിയ അജിത്-ജയാ ദമ്പതികൾക്ക് അലൻ, ഇസബെൽ, റയാൻ എന്നീ മൂന്നു മക്കളുമുണ്ട്.