കൊല്ലപ്പെട്ട ഖാലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന് ആദരാജ്ഞലി അര്‍പ്പിച്ച് കനേഡിയന്‍ പാര്‍ലമെന്റ്

ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണത്തിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കനേഡിയൻ പാർലമെൻ്റ് ഹൗസ് ഓഫ് കോമൺസിൽ ഒരു നിമിഷം മൗനം ആചരിച്ചു.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുമായി “പല വിഷയങ്ങളിലും യോജിപ്പുണ്ടെന്നും” പുതിയ ഇന്ത്യൻ സർക്കാരുമായി ഇടപഴകാനുള്ള “അവസരം” കാണുന്നുവെന്നും പറഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് കനേഡിയന്‍ പാര്‍ലമെന്റ് ഇത്തരത്തിലുള്ള ഒരു നീക്കം നടത്തിയത്.

ജി 7 ഉച്ചകോടിക്കിടെ ഇറ്റലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജസ്റ്റിന്‍ ട്രൂഡോ കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ജൂൺ 18 നാണ് കാനഡയിലെ സറേയിൽ പാർക്കിംഗ് സ്ഥലത്തിന് പുറത്ത് നിജ്ജാർ വെടിയേറ്റ് മരിച്ചത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരം ഇന്ത്യ ‘ഭീകരരുടെ’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് നിജ്ജാര്‍. നിജ്ജാർ വധക്കേസിൽ കാനഡ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നുവെങ്കിലും അതിന് തെളിവ് നൽകുന്നതിൽ പരാജയപ്പെട്ടു. ഈ സംഭവം ഒട്ടാവയും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം വഷളാക്കി.

കനേഡിയൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് കാനഡ ഇടം നൽകുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന പ്രശ്‌നമെന്ന് ഇന്ത്യ വാദിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News