ദൈവം അയച്ച പോലെ ഒരാൾ വന്നു ! : ജയൻ വർഗീസ്

(CUNY \ QCC ആർട്സ് ഗാലറി പ്രസിദ്ധീകരിച്ച ‘Towards The Light‘ ചരിത്രവും സത്യങ്ങളും)

1970 കളുടെ അവസാന വർഷങ്ങളിൽ അന്ന് വെറും 25 വയസിനും മേൽ മാത്രം പ്രായമുണ്ടായിരുന്ന ദരിദ്രവാസിയും ഔപചാരിക വിദ്യാഭ്യാസ യോഗ്യതകൾ ഒന്നുമില്ലാത്തവനും നാട്ടുമ്പുറത്തുകാരനുമായ ഞാൻ എന്ന യുവാവിൽ നിന്ന് എങ്ങിനെയോ എവിടെയോ നിന്ന്ലഭിച്ച ദാർശനികമായ ഒരാന്തരിക ആവേശത്തിൽ സംഭവിച്ച ഒരത്ഭുത രചനയായിരുന്നു ജ്യോതിർഗമയ. ( Towards The Light ) മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ച അപൂർവ്വ അംഗീകാരമായി CUNY/ സിറ്റിയൂണിവേഴ്സിറ്റി ഓഫ് ന്യൂ യോർക്ക് QCC ആർട്സ് ഗാലറി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇപ്പോൾ ഇത്പ്രസിദ്ധീകരിച്ചപ്പോൾ അത് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. ആവേശകരമായ അനേകം അനുഭവങ്ങൾ ഈ നാടകവുമായി ബന്ധപ്പെട്ട്എനിക്കുണ്ടായിട്ടുണ്ട്. സത്യസന്ധമായി അത് പങ്കു വയ്ക്കുമ്പോൾ സ്വയം പുകഴ്ത്തലായി തെറ്റിദ്ധരിക്കരുതേഎന്ന് അപേക്ഷിക്കുന്നു. ആദ്യ അവതരണത്തിൽ നിന്ന് തുടങ്ങാം.

നാട്ടിലെ ഒരു കൂട്ടം യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് ഞാൻ രക്ഷാധികാരിയായി” ജൂനിയർ റൈറ്റേഴ്‌സ് ആൻഡ്ആർട്ട് ലവ്വേഴ്‌സ് അസോസിയേഷൻ ” എന്ന ‘ ജ്വാല ‘ രൂപീകരിച്ചിരുന്നു. കലാ- സാഹിത്യ പ്രേമികളായ ശ്രീ.പോൾകോട്ടിൽ, ശ്രീ. പി. സി. ജോർജ് എന്നീ സുഹൃത്തുക്കൾ എന്നോടൊപ്പം മുൻനിരയിൽ ഉണ്ടായിരുന്നു. സർക്കാർസ്‌കൂളിന്റെ ചോർന്നൊലിച്ചു കൊണ്ടിരുന്ന പ്രധാന കെട്ടിടം ഞങ്ങൾ അൻപതോളം യുവാക്കൾ ചേർന്ന്സൗജന്യമായി കേടുപാടുകൾ തീർത്ത് ഓട് മേഞ്ഞു കൊടുത്തു. ഞങ്ങൾക്കിടയിൽ മരപ്പണിക്കാരും, ഇരുമ്പ് ‌പണിക്കാരും ഒക്കെ ഉണ്ടായിരുന്നത് കൊണ്ടും, തടി, ഓട് മുതലായ സാധനങ്ങൾ നാട്ടുകാരിൽ നിന്ന്സൗജന്യമായി ലഭിച്ചത് കൊണ്ടും ആണ് ഇത് സാധിച്ചത്. ഇതിൽ സന്തുഷ്ടനായ ഹെഡ് മാസ്റ്റർ ശ്രീതുളസീധരൻ സാർ അവർകൾ ഞങ്ങൾക്ക് നൂറു രൂപ തരികയും, ഞങ്ങൾ അത് കൊണ്ട് സമൃദ്ധമായി കാപ്പികുടിക്കുകയും ചെയ്തു.

എന്റെ കലാ- സാഹിത്യ പരിശ്രമങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ നിന്ന് യാതൊരു പരിഗണനയും മുന്നമേ തന്നെലഭിച്ചിരുന്നില്ലാ എന്ന് പറഞ്ഞുവല്ലോ ? ഇപ്പോൾ അതിനെ പരിഹസിക്കുവാനും, വിലയിടിച്ചു കാണുവാനുമാണ്നാട്ടുകാർ, പ്രത്യേകിച്ചും വിദ്യാ സമ്പന്നരായവർ ശ്രമിച്ചു കൊണ്ടിരുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പോലുംപൂർത്തിയാക്കാത്ത ഇവൻ എന്തെഴുതാനാണ് എന്നായിരുന്നു അവരുടെ ഭാവം. അത് തികച്ചും ന്യായമായിരുന്നുഎന്നത് കൊണ്ട് ഇന്നും അവരോട് എനിക്ക് പരിഭവമില്ല. ഇത്തരം സാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിരുന്നത്കൊണ്ട് കൂടിയാണ്, കേരളത്തിലങ്ങോളമിങ്ങോളം അന്ന് നിലവിലുണ്ടായിരുന്ന നാടക മത്സര വേദികളിൽനാടകങ്ങൾ അവതരിപ്പിക്കുവാൻ തുടങ്ങിയത്. മലയാള നാടക വേദിയുടെ സുവർണ്ണ കാലഘട്ടമായിരുന്നു അന്ന്. കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെയും പ്രസിദ്ധമായ പല വേദികളിലും, പലരും എന്റെ നാടകങ്ങൾഅവതരിപ്പിക്കുകയും, അംഗീകരിക്കപ്പെടുകയും ചെയ്തു.

ആൾ ഇൻഡ്യാ റേഡിയോയുടെ ഇന്ത്യയിലെ ( പോർട്ട് ബ്ലെയർ ഉൾപ്പടെ ) നിലയങ്ങൾ ആകാശവാണി റേഡിയോ നാടകോത്സവത്തിൽ ഉൾപ്പെടുത്തിയും അല്ലാതെയും പല നാടകങ്ങളും പ്രക്ഷേപണം ചെയ്തു. കേരള സംഗീതനാടക അക്കാദമിയുടെ 79 ലേയും, 82 ലേയും സംസ്ഥാന നാടക മത്സര വേദികളിൽ മാറ്റുരച്ച ‘ അസ്ത്രം ‘ ‘ആലയം താവളം ‘ എന്നീ നാടകങ്ങൾക്ക് മദ്ധ്യ മേഖലാ തലത്തിലും, സംസ്ഥാന തലത്തിലും ( ഏറ്റവും നല്ലനാടകരചനക്കു ഉൾപ്പടെയുള്ള ) അവാർഡുകൾ ലഭിച്ചു. ഈ രണ്ടു നാടകങ്ങളിലേയും നായക കഥാപാത്രങ്ങളെഅവതരിപ്പിച്ചു കൊണ്ടാണ് തുടരെയുള്ള രണ്ടു തവണകളിൽ I ( 79 , 82 ) അനുഗ്രഹീത കലാകാരനായഡി.മൂക്കൻ രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ള സംസ്ഥാനഅവാർഡുകൾ നേടിയത്. രണ്ടു തവണ തുടരെ കേരള സംഗീത നാടക അക്കാദമിയുടെ ഏറ്റവും നല്ല നടനുള്ളഅവാർഡുകൾ നേടിയ നടന്മാർ മലയാളത്തിലെ നാടകത്തിലോ, സിനിമയിലോ വേറെ ഉള്ളതായി അറിവില്ല. എന്നിട്ടും എന്നെപ്പോലെ ശ്രീ ഡി. മൂക്കനും മുഖ്യധാരാ കലാ പ്രസ്ഥാനങ്ങളിൽ ഇടം നേടാനായില്ല. ഞങ്ങൾബന്ധപ്പെട്ടിരുന്ന കലാ പ്രസ്ഥാനങ്ങളിലെ ആരും തന്നെ പിൻ വാതിലിലൂടെ അകത്തു കടക്കാൻആഗ്രഹിച്ചിരുന്നില്ലാ എന്നതാവാം ഒരു കാരണം?

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സുവർണ്ണ ജൂബിലി നാടകോത്സവത്തിൽ എറണാകുളം കലാഭവൻ ആഡിറ്റോറിയത്തിൽ അവതരിപ്പിച്ച ‘ അശനി ‘ എന്ന നാടകവും, എറണാകുളം ടൗൺഹാളിൽ ക്ഷണിക്കപ്പെട്ടസദസ്സിനു മുന്നിൽ അവതരിപ്പിക്കപ്പെട്ട ‘ അജപാലകർക്ക് ഒരിടയഗീതം ‘ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ജ്വാലയിലെ യുവാക്കൾ എ യും, ബി യും ആയിത്തിരിഞ്ഞു മത്സര വേദികളിൽ എന്റെ നാടകങ്ങൾഅവതരിപ്പിക്കുവാൻ തുടങ്ങി. സംസ്ഥാന തലത്തിലുള്ള മത്സര വേദികളിൽ ഞാനുൾക്കൊള്ളുന്ന എ ടീമും, പ്രാദേശിക തലത്തിലുള്ള മത്സര വേദികളിൽ ബി ടീമും നാടകങ്ങൾ അവതരിപ്പിച്ചു കൊണ്ടിരുന്നു. ‘ കന്നാലിപ്പിള്ളേരുടെ കളി ‘ എന്ന് നാട്ടിലെ പണവും, പാരമ്പര്യവും, വിദ്യാഭാസവുമുള്ള ചേട്ടന്മാർപരിഹസിച്ചിരുന്നുവെങ്കിലും, എന്റെ കൂടെ ഉറച്ചു നിന്ന ജ്വാലയിലെ എന്റെ കൂട്ടുകാർ ഇന്നും എന്റെ ആത്മമിത്രങ്ങളാണ്. നാടകാവതരണങ്ങൾ കൊണ്ട് അവരിലാർക്കും യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ല എന്നസത്യം വേദനയോടെ ഞാൻ തിരിച്ചറിയുന്നുണ്ട്. അവർക്ക് ലഭിച്ച ഡസൻ കണക്കായ സർട്ടിഫിക്കേറ്റുകൾ ലളിതമായ അവരുടെ ജീവിത പരിസരങ്ങളൂടെ അലമാരകളിൽ ആരും കാണാതെ പൊടി പിടിച്ചും ചിതലരിച്ചുംനശിച്ചിട്ടുണ്ടാവും.

ഇതിനകം തൃശൂർ ജില്ലയിലേക്ക് താമസം മാറ്റിയ ശ്രീ പോൾ കോട്ടിൽ ചെറിയൊരു പലചരക്കു പീടികയുമായിഒതുങ്ങി ജീവിക്കുകയായിരുന്നു. ഇക്കാലത്താണ് ഞാനെഴുതിയ ‘ സമന്വയം ‘ എന്ന നാടകത്തിന് നല്ല നാടകരചനക്കുള്ള കുട്ടികളുടെ ദീപിക അവാർഡ് കിട്ടുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച് അന്നത്തെകേരളാ ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ കെ. എം. മാണിയാണ് അവാർഡ് സമ്മാനിക്കുന്നത്. അതുവരെ മുണ്ടുംഷർട്ടും ആയിരുന്നു എന്റെ വേഷം. മന്ത്രിയോട് അവാർഡ് വാങ്ങാൻ മുണ്ടു പോരാ, പാന്റ്സ് തന്നെ വേണംഎന്നായി സുഹൃത്തുക്കൾ. നല്ല മുണ്ടുടുത്തിട്ടാണ് മന്ത്രി മാണി പോലും അവാർഡ് തരാൻ വരുന്നത്എന്നതൊന്നും അന്ന് തലക്കകത്ത് കയറിയില്ല. എനിക്ക് പാന്റ്സ് ഉണ്ടായിരുന്നില്ല എന്നത് പുല്ലുപോലെതള്ളിക്കളഞ് പി. സി. ജോർജ് പാന്റ്സുമായി വന്നു. അന്ന് കോളേജിൽ പഠിച്ചിരുന്ന, എന്റെയും, പി. സി. യുടെയുംസുഹൃത്തായിരുന്ന ശ്രീ വത്സൻ പോളിന്റെ പാന്റ്സാണ് വായ്‌പയായി സംഘടിപ്പിച്ചത്.

തലേ ദിവസം തന്നെ ഇരിങ്ങാലക്കുടയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് ഞാനും പി. സി. യും താമസം തുടങ്ങി. രചനാ മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ‘ മൃദുല ‘ എന്ന് തൂലികാ നാമമുള്ള ഇരുപതു വയസുള്ള ഒരു പയ്യനുംവന്നിട്ടുണ്ട്. ആള് ദരിദ്രനാണെന്ന് കണ്ടാലറിയാം. മുറിയൊന്നും എടുത്തിട്ടില്ല. ഞങ്ങളുടെ മുറിയിൽ താമസിക്കാൻക്ഷണിച്ചിട്ട് വല്ലാത്ത പേടി. വളരെ നിർബന്ധിച്ചിട്ട് പേടിച്ചു വിറച്ചാണ് ഞങ്ങളോടൊപ്പം അന്ന് കഴിയാൻ സമ്മതിച്ചത്. രാത്രി പയ്യൻ ഉറങ്ങിയിട്ടുണ്ട് എന്ന് തോന്നുന്നില്ല . ഞങ്ങൾ ഉണരുമ്പോളൊക്കെ പയ്യൻഞെട്ടിയുണരും. വളരെക്കാലം കഴിഞ്ഞിട്ടും അയാൾ എന്തിനെയാണ് ഭയന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. ഇന്ന് ചിന്തിക്കുമ്പോൾ, വർത്തമാന കാല മാധ്യമങ്ങളിൽ വരുന്ന പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണങ്ങൾക്ക്ആരിൽ നിന്നോ, എന്നോ, എവിടെയോ അയാൾ വിധേയനായിട്ടുണ്ടാവാം എന്നാണ് മനസ്സിൽ വരുന്നത്.

അവാർഡുമൊക്കെ വാങ്ങി വിജയശ്രീലാളിതരായി ഞങ്ങൾ മടങ്ങുകയാണ്. സുഹൃത്തായ ശ്രീ പോൾ കോട്ടിലിനെഒന്ന് സന്ദർശിക്കണം എന്ന തീരുമാനം മുൻപേയുണ്ടായിരുന്നു. ഈ വലിയ സന്തോഷം അയാൾക്കും കൂടി
അവകാശപ്പെട്ടതാണല്ലോ? ചാലക്കുടിക്കു കിഴക്കുള്ള കോർമല എന്ന കുടിയേറ്റ ഗ്രാമത്തിലാണ് പോൾ ഉള്ളത്. ബസ്സ് പിടിച്ചും, നടന്നും ഒക്കെയായി ഞങ്ങൾ കോർമലയിലെത്തി.

(കേരളത്തിലെ മിക്ക ജില്ലകളിലും സന്ദർശിക്കുകയും, താമസിക്കുകയും ചെയ്‌തിട്ടുള്ള എനിക്ക് തൃശൂർജില്ലയിലുള്ള മനുഷ്യരുടെ നിഷ്‌കളങ്കമായ സൗഹൃദം മറ്റെവിടെയും കാണാനും, അനുഭവിക്കാനും കഴിഞ്ഞിട്ടില്ല. ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് മരുന്ന് ഷോപ്പിൽ കോർമലയിലേക്കുള്ള വഴി ചോദിച്ച ഞങ്ങളെതന്റെ കട മറ്റൊരാളെ നോക്കാൻ ഏൽപ്പിച്ചിട്ട് ഞങ്ങളോടൊപ്പം വന്ന് കോർമല ബസ്സിൽ കയറ്റി വിട്ട ഒരുമനുഷ്യനെയും, ബസിലെ തിരക്കിൽ തങ്ങളുടെ സീറ്റിൽ സ്വയമൊതുങ്ങി ഞങ്ങളെക്കൂടി ഇരുത്തിക്കൊണ്ടു യാത്രചെയ്ത നാട്ടുകാരെയും ആദരവുകളോടെ ഇവിടെ ഓർക്കുന്നു. കോട്ടയം ടൗണിലെ ഒരു സ്വർണ്ണക്കടക്കാരനോട്മണർകാട്ടേക്കുള്ള ബസ് ചോദിച്ച എന്നെ, തന്റെ കാൽപ്പാദത്തിൽ ഉടക്കിയ മുഖമുയർത്താതെ വലതുകൈപ്പത്തിയുടെ പുറം ഇടതു വശത്തു നിന്നും വലതു വശത്തേക്ക് വീശി ‘ വിട്ടുപോ ‘ എന്ന് പറയാതെ പറഞ്ഞ, വലിയ സ്വർണ്ണ കുരിശൊക്കെ കഴുത്തിൽ ഞാത്തിയിട്ട ഒരു മാന്യനെയും ഇവിടെ ചേർത്തു വായിക്കുന്നു.)

‘പോളേട്ടന്റെ സുഹൃത്തായ ഒരു വലിയ നാടകകൃത്ത് വന്നിട്ടുണ്ട് ‘ എന്ന നിലയിൽ ഒരു പറ്റം ചെറുപ്പക്കാർഞങ്ങളെ കാത്തു നിൽപ്പുണ്ട്. പോളേട്ടൻ ആരംഭിക്കാൻ പോകുന്ന നാടക ട്രൂപ്പിൽ ചേരാനും കൂടിയാണ് അവരുടെകാത്ത് നിൽപ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. വായ്‌പ വാങ്ങിയണിഞ്ഞ ബെൽബോട്ടം പാന്റ്സിന്റെപ്രൗഢിയിൽ ആ ഗ്രാമീണ സൗഹൃദ കൂട്ടായ്മയിൽ എത്തിപ്പെട്ട എനിക്ക് ശരിക്കും ഒരു ശ്വാസം മുട്ടലാണ്അനുഭവപ്പെട്ടത്. അവരുടെ ഇടയിൽ ഞാനൊരു അന്യഗ്രഹ ജീവിയെപ്പോലെ ഒറ്റപ്പെട്ടതായി എനിക്ക് തോന്നി. അവരുടെയിടയിൽ പ്രവർത്തിക്കുമ്പോൾ അവരുടെ വേഷവും രീതിയുമൊക്കെ പിന്തുടരുന്നതാവും ഭംഗി എന്ന്ഞാൻ സ്വയം തീരുമാനിച്ചു. അങ്ങിനെയാണ് മുണ്ടും, ഷർട്ടും എന്ന സാധാരണ വേഷം മാത്രം നിർബന്ധപൂർവംഞാനണിഞ്ഞു തുടങ്ങിയത്. പിന്നീട് എനിക്ക് ലഭിച്ച അനേകം അവാർഡുകൾ ഞാൻ കൈപ്പറ്റിയത് മുണ്ടും ഷർട്ടുംവേഷത്തിലാണ്. കട്ടിയുള്ള ഖദർ ഒറ്റമുണ്ടാണ് ഞാൻ പതിവായി ഉപയോഗിച്ചിരുന്നത്. പിൽക്കാലത്ത് ഈപിടിവാശി ചില ദുരനുഭവങ്ങളും എനിക്ക് സമ്മാനിച്ചിരുന്നു എന്ന സത്യം വഴിയേ പ്രതിപാദിക്കുന്നതാണ്.

പോളിന്റെ വീട്ടിലെ വിഭവ സമൃദ്ധമായ സദ്യ. ഊണിനു ശേഷം പുതിയ ട്രൂപ്പിനെക്കുറിച്ചുള്ള ചർച്ച. വ്യക്തിപരവും, സത്യസന്ധവുമായ ചില ദൗർബല്യങ്ങൾ മൂലം ജീവിത പരാജയങ്ങൾ ഏറ്റു വാങ്ങി നാട് വിട്ട് കോർമലയിൽകുടിയേറി ഇപ്പോൾ കഷ്ടി പിഷ്ടി ജീവിച്ചു പോകുന്ന ഒരാളാണ് പോൾ എന്ന പോൾ കോട്ടിൽ. ഈ നാടകസമിതിരൂപീകരണം അയാളെ വീണ്ടും കുത്തുപാള എടുപ്പിക്കും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്വേണ്ടെന്ന് ഞാൻ പറഞ്ഞു. ആര് കേൾക്കാൻ? അൽപ്പം സാമ്പത്തിക ശേഷിയൊക്കെ ഉള്ളവരും, തികഞ്ഞകലാസ്നേഹികളുമായ ശ്രീ ജോസ് അരീക്കാടനും, ശ്രീ പ്രഭാകരൻ കോടാലി, യുമൊക്കെയാണ്പിന്നിലുള്ളതെന്ന് എന്നെ ധരിപ്പിച്ചു കൊണ്ട് “അക്രോപ്പോളീസ് ആർട്സ് ക്ളബ്ബ് ” കോർമലയിൽ രൂപം കൊണ്ടു. എന്തിനും, ഏതിനും എപ്പോളും തയ്യാറായി നിൽക്കുന്ന ആണും, പെണ്ണുമായിട്ടുള്ള ഇരുപതോളം വരുന്നയുവാക്കളുടെ ഒരു കരുത്തുറ്റ സംഘമായിരുന്നു അത്. ആവശ്യത്തിന് പണം കൈയിലുണ്ടായിരുന്നില്ല എന്ന ഒറ്റപോരായ്മയേ അന്ന് അവർക്കുണ്ടായിരുന്നുള്ളു.

സമിതി നാടകാവതരണങ്ങൾ ആരംഭിച്ചു. ശ്രദ്ധേയങ്ങളായി വിലയിരുത്തപ്പെട്ട എന്റെ ചില നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. തൃശൂർ ജില്ലയിലെ ഒട്ടനവധി സാധാരണ വേദികളിലും, അന്ന് നിലവിലുണ്ടായിരുന്നഫൈൻ ആർട്‌സ് സൊസൈറ്റികളുടെ മത്സര വേദികളിലും എന്റെ നാടകങ്ങൾ അവർ എത്തിക്കുകയും, അഭിനന്ദനങ്ങളും, അവാർഡുകളും ഏറ്റു വാങ്ങുകയും ഉണ്ടായി. ജോസ് അരീക്കാടനും, പ്രഭാകരൻ കോടാലിയും, മുഖ്യ കഥാപാത്രങ്ങളായി എല്ലാ നാടകങ്ങളിലും അഭനയിച്ചു. നല്ല നിലയിൽ നടന്നിരുന്ന ജോസേട്ടന്റെബിസിനസ്സും, പ്രഭാകരന്റെ ചെറുകിട വ്യവസായവുമൊക്കെ മറ്റുള്ളവരെ ഏല്പിച്ചിട്ടാണ് ഇവർ നാടകപ്രവർത്തനത്തിന് ഇറങ്ങിയത് എന്നതിനാൽ കുറെയേറെ സാമ്പത്തിക നഷ്ടങ്ങൾ അവർക്കുണ്ടായിട്ടുണ്ട് എന്ന്ഞങ്ങളെല്ലാം അറിഞ്ഞിരുന്നു.

അവരോടൊപ്പം സമിതിയിലുണ്ടായിരുന്ന ഒരു ഡസനിലധികം വരുന്ന നിഷ്‌ക്കളങ്കരായ അഭിനേതാക്കളെയും, മറ്റുപ്രവർത്തകരെയും ഇവിടെ, എന്റെ നെഞ്ചിൻ കൂടിൽ ചേർത്തു വച്ച് കൊണ്ട് ഞാൻ തേങ്ങുന്നു. അവർക്കാർക്കുംഒന്നും നൽകുവാൻ എനിക്ക് സാധിച്ചില്ല. മിക്കവർക്കും തങ്ങളാലാവുന്ന സാമ്പത്തിക ക്ലേശങ്ങൾസമ്മാനിക്കുവാനല്ലാതെ. അവരറിയുന്നില്ലെങ്കിലും, എന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്ന മൃദുവായ ഒരുസ്നേഹച്ചരടിൽ ഞാനവരെ ബന്ധിപ്പിച്ചു നിർത്തിയിട്ടുണ്ട്. അതേ അവർക്കു വേണ്ടി ഇന്നെനിക്ക് ചെയ്യാൻകഴിയുകയുള്ളു. സാമ്പത്തിക സുസ്ഥിരതയോ, സാമൂഹിക കെട്ടുപാടുകളോ, ഇല്ലാത്തവരും,എന്തെങ്കിലും ഒരുധാർമ്മിക നീതി ബോധം ജീവിതത്തിൽ പുലർത്തുകവാൻ കമ്മിറ്റ് ചെയ്യപ്പെട്ടവരും ദയവായി ഈ രംഗത്തേക്ക്വരരുത് എന്നാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള എന്റെ എളിയ അഭ്യർത്ഥന.

കുന്നംകുളം ബ്യുറോ ഓഫ് ആർട്സ് ആൻഡ് റിക്രിയേഷൻ സംഘടിപ്പിച്ച ‘ ബാർ നാടക മത്സരം ‘ എന്ന അഖില കേരളാടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെട്ട മത്സരത്തിൽ ‘ പട്ടി ‘ എന്ന എന്റെ നാടകവുമായി പങ്കെടുത്തു കൊണ്ട്അക്രോപ്പോളീസ് ആർട്സ് ക്ലബ് അവാർഡ് നേടി. ആ നാടകത്തിന് ഏറ്റവും നല്ല രചനക്കുള്ള അവാർഡ്എനിക്കും കിട്ടുകയുണ്ടായി. പ്രാദേശികമായി നടത്തപ്പെട്ട മിക്ക നാടക മത്സരങ്ങളിലും ഇവർ തന്നെയാണ്സമ്മാനങ്ങൾ നേടിയിരുന്നത്.

മൂവാറ്റുപുഴയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്ന യുവാവായ ഒരു ദന്ത ഡോക്ടർ വലിയ നാടക പ്രേമിയായിരുന്നു. മൂവാറ്റുപുഴയിലുള്ള ഒരു പറ്റം യുവാക്കളെ ചേർത്ത് അദ്ദേഹമൊരു നാടക സമിതി രൂപീകരിച്ചു. കേരളത്തിലെഅന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കാലൂന്നി നിന്ന് കൊണ്ട് ഞാൻ രചിച്ച ‘ കഴുതകൾ ‘ എന്നനാടകമായിരുന്നു ആദ്യ നാടകമായി സമിതി തെരഞ്ഞെടുത്തതും, റിഹേഴ്സൽ ആരംഭിച്ചതും. എന്റെനിർദ്ദേശത്തെ മാനിച്ചു കൊണ്ട് ബഹുമാന്യനായ ഡി. മൂക്കനെയാണ് സംവിധായകനായി വിളിച്ചത്.

വളരെ രസകരമായി കുറെ റിഹേഴ്സലുകൾ നടന്നു. മധ്യ കേരളത്തിലെ ഒരു ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡ്ആണ് രംഗം. ശ്രീകൃഷ്ണ ഭക്തനായ ഒരു ഭരണാധികാരി തന്റെ നിത്യേനയുള്ള കുളിച്ചു തൊഴലിനായി ഗുരുവായൂരിലേക്കു പോകും വഴി ശൗചാലയ സൗകര്യത്തിനായി ഈ ബസ് സ്റ്റാൻഡിൽ എത്തുന്നതും, രണ്ടുപരിചാരകർ നൃത്ത ചുവടുകളോടെ പിടിച്ചു കൊടുക്കുന്ന തിരശീലയുടെ മറവ് പറ്റി നഗ്ന സന്യാസിനി കുങ്കമ്മഅതേ ശൗചാലയത്തിൽ എത്തിച്ചേരുന്നതും, പരിചാരകരും, പോലീസുകാരും തമ്മിൽ പുറത്തു വച്ചുണ്ടാകുന്നക്ലാഷുകളോടൊപ്പം, മന്ത്രിയും, നഗ്ന സന്യാസിനിയും തമ്മിൽ ശൗചാലയത്തിന്റെ ഉള്ളിൽ വച്ചുണ്ടാകുന്നപ്രശ്നങ്ങളും രസകരമായി ആവിഷ്‌ക്കരിച്ചിരുന്ന ഒരു ഹാസ്യ നാടകമായിരുന്നു ഇത്.

റിഹേഴ്‌സൽ ക്യാംപിൽ കൂട്ടച്ചിരി പടർത്തിക്കൊണ്ട് ഡി. മൂക്കന്റ രസകരമായ സംവിധാനത്തിൽ നാടകംസ്റ്റേജിലെത്താൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോളാണ്, ഈ നാടകം തങ്ങളുടെ നേതാവിനെഅപമാനിക്കുന്നതാണ് എന്ന കാരണം പറഞ്ഞ് കൊണ്ട് മൂവാറ്റുപുഴയിലെ ഒരു കൂട്ടം സംഘടിത ഓട്ടോ റിക്ഷാതൊഴിലാളികൾ റിഹേഴ്സൽ ക്യാംപ് ആക്രമിച്ചതും, നാടക പ്രവർത്തകരെ അടിച്ചോടിച്ചതും. അന്ന് റിഹേഴ്സൽക്യാമ്പിൽ ഇല്ലായിരുന്നു എന്നത് കൊണ്ട് എനിക്ക് അടി കിട്ടിയില്ല. തുടർന്ന് ഡോക്ടർക്ക് സമിതി പിരിച്ചുവിടേണ്ടി വരികയും, മൂവാറ്റു പുഴയിലെ തന്റെ സ്ഥാപനം പൂട്ടേണ്ടി വരികയുമായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്നകക്ഷിയുടെ ‘ മേളിൽ പിടിയുള്ള ‘ ആരുടെയോ ഇടപെടൽ മൂലമാണ് ഡോക്ടർക്ക് സ്വന്തം ക്ലിനിക്ക് പൂട്ടേണ്ടിവന്നതെന്ന് അന്നാരോ പറഞ്ഞു കേട്ടു. പിന്നീടൊരിക്കലും അദ്ദേഹത്തെ കാണുവാനോ, അദ്ദേഹം എവിടെ പോയിഎന്നറിയുവാനോ എനിക്ക് സാധിച്ചിട്ടില്ല.

തുടരും.

Print Friendly, PDF & Email

Leave a Comment

More News