ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാജിക് ഹോംസ് സംരംഭം

വീടുകളുടെ മാതൃക പദ്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം: വിവിധ നൂതന സംരംഭങ്ങളിലൂടെ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും ജീവിത ശാക്തീകരണ പരിപാടികള്‍ നടപ്പാക്കി വരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡി.എ.സി), ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി വീടുകള്‍ ഉറപ്പാക്കുന്ന മാജിക്ക് ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. മാജിക്ക് ഹോംസ് നിര്‍മ്മിക്കുന്ന വീടുകളുടെ മോഡല്‍ ഇന്നലെ് തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ഡി.എ.സി രക്ഷാധികാരിയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പദ്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. ഡി എ സി ചെയർമാനും കേരള സര്‍ക്കാര്‍ മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടറും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹരിരാജ് എം.ആര്‍, എഞ്ചിനീയര്‍ മനോജ് ഒറ്റപ്പാലം എന്നിവര്‍ പങ്കെടുത്തു.

ഡി.എ.സി യുടെ പുതിയ സംരംഭമായ മാജിക്ക് ഹോംസ് – മേക്കിങ് ആക്‌സസിബിള്‍ ഗേറ്റിവേയ്‌സ് ഫോര്‍ ഇന്‍ക്ലൂസിവ് കേരള എന്ന പദ്ധതിയുടെ ഭാഗമായി സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ദൈനം ദിന കാര്യങ്ങളുമായി ജീവിതം മുന്നോട്ടു നയിക്കാന്‍പോന്ന തരത്തിലുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പരിമിതികളും അതിലൂടെ ഉണ്ടാകുന്ന ദാരിദ്ര്യവും സാമൂഹികതലത്തില്‍ ഭിന്നശേഷിക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് മോചനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക എന്ന ചിന്തയിലേയ്ക്ക് ഡി.എ.സിയെ നയിച്ചത്.

ഓരോ ജില്ലയിലും ഒരു വീട് എന്ന തോതില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങള്‍ നിര്‍മ്മിച്ചു കൈമാറും. ഗുണഭോക്താവിന്റെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിദേശ രാജ്യങ്ങളിലേതുപോലെ ഓരോ വീടും നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിക്ക് അതിനനുയോജ്യമായ രീതിയിലും മട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ളവര്‍ക്ക് അത്തരം സവിശേഷതകളോടുകൂടിയും ശാരീരിക പരിമിതിയുള്ളവര്‍ക്ക് അതിനനുസൃതമായ രീതിയിലുമടക്കം എല്ലാ വിഭാഗക്കാരുടെയും അവരുടെ പരിമിതികളെ മാനിച്ചുകൊണ്ടുള്ള സവിശേഷ സൗകര്യങ്ങളോടു കൂടിയായിരിക്കും വീട് നിര്‍മിക്കുക.

കേരളത്തിലെ ഓരോ ജില്ലയിലും ഇത്തരത്തില്‍ ഭിന്നശേഷി സൗഹൃദപരമായി നിര്‍മ്മിക്കുന്ന ഒരോ വീടുണ്ടാകും. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകും. മാജിക് ഹോംസ് പദ്ധതിക്ക് കീഴില്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ധനസമാഹരണത്തിനായി ഡിഫറന്റ് ആര്‍ട് സെന്ററിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അടക്കമുള്ള വിവിധ ഷോകളും മറ്റ് പ്രമുഖ കലാപ്രവര്‍ത്തകരുടെ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

പദ്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ജിജി തോംസണ്‍ ഐ.എ.എസ്, ഹരിരാജ് എം.ആര്‍, ഗോപിനാഥ് മുതുകാട്, എഞ്ചിനീയര്‍ മനോജ് ഒറ്റപ്പാലം എന്നിവര്‍ മാജിക് ഹോംസ് പദ്ധതിയുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി 9447768535, 9446078535 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

Print Friendly, PDF & Email

Leave a Comment

More News