ഡൽഹി എക്സൈസ് കേസ്: അരവിന്ദ് കെജ്രിവാൾ ചൊവ്വാഴ്ച വരെ ജയിലിൽ തുടരും

ന്യൂഡല്‍ഹി: അബ്കാരി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവിന് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ജൂൺ 20ന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിൽ പ്രതികരണം തേടി ഹൈക്കോടതി കെജ്രിവാളിന് നോട്ടീസ് അയച്ചു.

മുഴുവൻ രേഖകളും പരിശോധിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഉത്തരവ് 2-3 ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി പറഞ്ഞു.

ഇഡിയുടെ ഹർജിയിൽ അടിയന്തരമായി കോടതി വാദം കേൾക്കും. എൻഫോഴ്സ്മെന്‍റ് ഡയറക്‌ട​റേറ്റിന്‍റെ ഹർജി പരിഗണിക്കുന്നത് വരെയാണ് കെജ്‌രിവാളിന്‍റെ ജാമ്യത്തിന് കോടതി താൽക്കാലിക സ്‌റ്റേ ഏർപ്പെടുത്തിയത്. ജസ്‌റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരുൾപ്പെടുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

10 – 15 മിനിറ്റിനുള്ളിൽ കേസ് ഫയൽ വരുമെന്നും അതിന് ശേഷം വിഷയം കേൾക്കുമെന്നും ഹൈക്കോടതി പറഞ്ഞു. അതുവരെ വിചാരണക്കോടതി ഉത്തരവിൽ നടപടിയെടുക്കില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച (ജൂൺ 20) വൈകിട്ട് പുറപ്പെടുവിച്ച വിചാരണ കോടതിയുടെ ഉത്തരവിനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, കേസ് വാദിക്കാൻ ഏജൻസിക്ക് ശരിയായ അവസരം നൽകിയിട്ടില്ലെന്ന് വാദിച്ച് വിചാരണ കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കെജ്‌രിവാളിന് അയച്ച സമൻസുകളെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് തൊട്ടുപിന്നാലെ മാർച്ച് 21 നാണ് ഇഡി അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.

നേരത്തെ, ഇപ്പോൾ റദ്ദാക്കിയ എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ജാമ്യാപേക്ഷയിൽ ഒപ്പിടുന്നത് 48 മണിക്കൂർ മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. അത് വിചാരണക്കോടതി ശക്തമായി നിഷേധിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News