ഡാളസ് : വടക്കേ അമേരിക്കയിലെ ക്‌നാനയ സമുദായം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ക്‌നാനായക്കാരുടെ പ്രവാസി മാമാങ്കം , ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 15-ാമത് നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ വരവേല്ക്കാനായി സാന്‍ അന്റോണിയോ നഗരം ഒരുങ്ങി. കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് .ഷാജി ഏടാട്ടും കണ്‍വെന്‍ഷന്‍ കമ്മറ്റികള്‍ക്കുവേണ്ടി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജെറിന്‍ കുര്യന്‍ പടപ്പമ്മാക്കിലും അറിയിച്ചു .
അമേരിക്കയിലേയും കാനഡയിലുമായി 40000 ലധികം വരുന്ന ക്‌നാനായക്കാര്‍ അത്യാവേശത്തോടെ ഏറ്റെടുത്ത കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷന്‍ ജൂണ്‍ 15 -നു അവസാനിച്ചപ്പോള്‍ സംഘാടകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് വളരെ മികച്ച പിന്തുണയോടെ വിജയകരമായി അവസാനിച്ചു. 1000 നു മുകളിലുള്ള രജിസ്‌ട്രേഷനിലൂടെ 5000 -ത്തോളം സമുദായംഗങ്ങള്‍ പങ്കെടുക്കും.
ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ (കെസിഎസ്എസ്എ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കണ്‍വെന്‍ഷന്‍ ജൂലൈ 4 ,5 ,6 ,7 തീയതികളില്‍ സാന്‍ അന്റോണിയയിലെ റിവര്‍ വാക്കിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് നടത്തപ്പെടുന്നത് . കണ്‍വെന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ഗ്രാന്‍ഡ് ഹയത്ത്, മാരിയട്ട് റിവര്‍ വാക്, മാരിയട്ട് റിവര്‍ സെന്റര്‍ എന്നീ മൂന്നു ഹോട്ടലുകളിലായിയാണ് കണ്‍വെനിഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഇത്തവണത്തെ കണ്‍വന്‍ഷന്റെ തീം : ”ഒരുമയില്‍ തനിമയില്‍ വിശ്വാസനിറവില്‍ !” എന്നതാണ് . ഈ കാലഘട്ടത്തില്‍ വളരെയധികം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോകുമ്പോഴും , തങ്ങളുടെ പൂര്‍വ്വികര്‍ സംരക്ഷിച്ചു പകര്‍ന്നു നല്‍കിയ ക്‌നാനായത്വം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അത് പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുമെന്നും ദൃഢമായി പ്രഖ്യാപിച്ചുകൊണ്ട് പ്രിസിഡന്റ് ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം വിവിധ മേഖലകളിലായി അന്‍പതില്‍പരം കണ്‍വന്‍ഷന്‍ കമ്മറ്റികളും കെ സി. സി. എന്‍ എ. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും കണ്‍വന്‍ഷന്റെ വിജയത്തിനായി അക്ഷീണം പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവര്‍ക്കായി അവരുടെ അഭിരുചികള്‍ക്കനുസൃതമായ മനോഹരമായ പരിപാടികള്‍ അവതരിപ്പിക്കും . 1500 റോളം യുവജനങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു . 33 വയസ് പിന്നിട്ട അവിവിവാഹാതിരായ യുവജനങ്ങള്‍ക്കായി ഇത്തവണ പ്രത്യേകമായ പ്രോഗ്രാമുകള്‍ അണിയറയില്‍ ഒരുങ്ങുന്നു .
പ്രശസ്ത ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന റിമി ടോമി ലൈവ് മെഗാ ഷോ ”മ്യൂസിക്കല്‍ & കോമഡി നൈറ്റ് ‘ , 300 -ല്പരം ചെണ്ടമേളക്കാര്‍ അണിനിരക്കുന്ന മെഗാ ചെണ്ടമേളം , ലോക പ്രശസ്ത സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ ആകാശ് സിങ് ഷോ, പ്രശസ്ത ഡിജെ ആന്‍ഡ് ഡ്രമ്മര്‍ പര്‍ഫോര്‍മന്‍സ് എന്നിവ ഇത്തവണത്തെ കണ്‍വന്‍ഷന്‍ന്റെ പ്രധാന ആകര്‍ഷണങ്ങളാണ് .
യൂണിറ്റുകള്‍ തിരിഞ്ഞുള്ള കലാ കായിക മത്സരങ്ങള്‍ , വിനോദ പരിപാടികള്‍ , കണ്‍വന്‍ഷന്‍ റാലി, പ്രബന്ധങ്ങള്‍ , പ്രമേയങ്ങള്‍ ,സെമിനാറുകള്‍ , പൂര്‍വികരെ ആദരിക്കല്‍ ,യുവജനങ്ങള്‍ക്കുള്ള പ്രത്യക എന്റെര്‍റ്റൈന്മെന്റ് പ്രോഗ്രാമ്‌സ് തുടങ്ങി നിരവധി വര്‍ണ്ണാഭങ്ങളായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത് . വിശദമായ പ്രോഗ്രാം ഷെഡ്യൂള്‍ ഉടനെ പ്രസിദ്ധീകരിക്കും .
കണ്‍വന്‍ഷന്റെ രണ്ടാം ദിനം ജൂലൈ 5- ന് രാവിലെ 9 ന് 21 യൂണിറ്റുകള്‍ പങ്കെടുക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര നടക്കും . കെ.സി.സി.എന്‍.എ ദേശീയ കണ്‍വന്‍ഷനെ വര്‍ണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്‌നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു പ്രോസഷന്‍ കമ്മറ്റി അറിയിച്ചു .
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഇന്ത്യന്‍ റെസ്റ്റോറന്റുകളാണ് കണ്‍വന്‍ഷനായി ഫുഡ് ഒരുക്കുന്നത് .ഈ മേഖലയില്‍ പരിണിത പ്രജ്ഞരായ ഫുഡ് കമ്മിറ്റി കൊതിയൂറുന്ന നാടന്‍ കേരളീയ വിഭവങ്ങളും ,നോര്‍ത്ത് ഇന്ത്യന്‍,ചൈനീസ്, കോണ്ടിനെന്റല്‍ ഡിഷുകള്‍ കോര്‍ത്തിണക്കിക്കൊണ്ടു വിഭവ സമൃദ്ധമായ ഫുഡ് മെനു ആണ് അവതരിപ്പിച്ചിരിക്കുന്നത് .
സാന്‍ അന്റോണിയോ മേഖലയിലെ പ്രധാന ടൂറിസം ഫുഡ് ഹബ് പോയിന്റുകള്‍ കോര്‍ത്തിണക്കികൊണ്ടു വളരെ വിശദമായ ഒരു ടൂറിസം ഗൈഡാണ് , സൈറ്റ് സീങ് ആന്‍ഡ് ഡെസ്റ്റിനേഷന്‍ എക്‌സ്പിരിയന്‍സ് കമ്മറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത് . കണ്‍വെന്‍ഷനൊടൊപ്പം സാന്‍ അന്റോണിയോ എക്‌സ്പീരിയന്‍സ് ചെയ്യുവാന്‍ ഇതു ഉപകരിക്കും .
അമേരിക്കയിലെ,ചിക്കാഗോ, ന്യൂയോര്‍ക്, ഹൂസ്റ്റണ്‍, ഡാളസ്, സാന്‍ അന്റോണിയോ, ബോസ്റ്റണ്‍, ഫിലെഡെല്‍ഫിയ, വാഷിംഗ്ടന്‍ ഡിസി, അറ്റ്‌ലാന്റ, ടാമ്പ, മായാമി, ലാസ് വേഗസ്, ലോസ് ഏഞ്ചല്‍സ്, സാന്‍ ഹോസേ, സാക്രമെന്റോ, ഒഹ യോ,ഡിട്രോറ്റ്-വിന്‍ഡ്സ്സര്‍,മിന്നസോട്ട യൂണിറ്റുകളില്‍ നിന്നും, കാനഡയിലെ കാനഡ, കാല്‍ഗറി യൂണിറ്റുകളില്‍ നിന്നുമായി അതിരില്ലാത്ത ആവേശത്തോടെ, സഹപാഠികളെയും, ബന്ധുക്കളെയും, നാട്ടിലെ ഇടവക സഹോദരങ്ങളെയും കാണുവാന്‍ ക്‌നാനായ സമൂഹം കണ്‍വെന്‍ഷന്‍ നഗരിയിലേക്ക് പറന്നെത്തുന്നു.
ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ക്‌നാനായ സമുദായ നേതാക്കളും ആത്മീയാചാരന്മാരും പ്രതിഭകളും ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സമുദായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേരും.