മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് രണ്ട് ജീവപര്യന്തവും 104 വര്‍ഷവും ജയില്‍ ശിക്ഷ

മലപ്പുറം: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് 104 വര്‍ഷവും രണ്ട് ജീവപര്യന്തം ജയില്‍ ശിക്ഷയ്ക്കു പുറമെ ഒരു ലക്ഷം രൂപ പിഴയും മഞ്ചേരി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.

മകള്‍ക്ക് 10 വയസ്സു പ്രായം മുതൽ 17 വയസ്സുവരെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായാണ് കേസ്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പുറത്ത് പറഞ്ഞാൽ കുട്ടിയെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് കുട്ടിയെ അരീക്കോട് ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയില്‍ കുട്ടി ഗർഭിണിയാണെന്നറിഞ്ഞു. തുടർന്ന് അരീക്കോട് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കേസ് റഫർ ചെയ്തു. ഡോക്ടർമാരുടെ ഉപദേശപ്രകാരം അവിടെ അബോർഷൻ നടത്തി.

പിന്നീടാണ് പെണ്‍കുട്ടി പിതാവിനെതിരെ പരാതി നൽകിയത്. അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ 2023 ഏപ്രിൽ 8 ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇൻസ്പെക്ടർ എം അബ്ബാസലി, സബ് ഇൻസ്പെക്ടർ എം കബീർ, അസി. സബ് ഇൻസ്പെക്ടർ കെ സ്വയംപ്രഭ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. റിമാൻഡിൽ കഴിയുന്ന പ്രതി പരാതിക്കാരിയെ സ്വാധീനിക്കുമെന്നതിനാൽ കേസ് തീരുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് അഭ്യർഥിച്ചു.

ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്ക് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിരുന്നില്ല. പോക്‌സോ നിയമത്തിലെ സെക്‌ഷന്‍ 5 (ജെ) പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ പിഴയും, സെക്‌ഷന്‍ 5 (എം) പ്രകാരം 25 വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ അഞ്ച് മാസം വീതം അധിക തടവും ശിക്ഷയിൽ ഉൾപ്പെടുന്നു.

സെക്ഷന്‍ 5(n) പ്രകാരം 25 വർഷം കഠിന തടവും 20000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. 9(m), 9(n) വകുപ്പുകൾ പ്രകാരം ആറ് വർഷം വീതം കഠിന തടവും 5000 രൂപ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് വകുപ്പുകൾ പ്രകാരവും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

പോക്‌സോ നിയമത്തിലെ സെക്‌ഷന്‍ 5(എൽ), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷന്‍ 376(3) എന്നിവ പ്രകാരം 20 വർഷം വീതം കഠിന തടവിനും 10,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് വകുപ്പുകൾ പ്രകാരവും രണ്ട് മാസം അധിക തടവ് അനുഭവിക്കണം. കൂടാതെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 506 പ്രകാരം കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം വരെ ശിക്ഷയനുഭവിക്കണം.

കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിനതടവ് അനുഭവിക്കണം. കേസിൽ ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതി പിഴയടച്ചാൽ അത് കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ എൻ മനോജ് 22 സാക്ഷികളെ കോടതിയിൽ വിസ്തരിക്കുകയും 24 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Print Friendly, PDF & Email

Leave a Comment

More News