ന്യൂയോര്‍ക്ക്: അർക്കൻസാസില്‍ പലചര്‍ക്ക് കടയിലുണ്ടായ വെടിവയ്പിൽ മരിച്ച നാലുപേരിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ 32കാരനും ഉൾപ്പെട്ടതായി റിപ്പോര്‍ട്ട്.
എട്ട് മാസം മുമ്പാണ് ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലക്കാരനായ ദാസരി ഗോപീകൃഷ്ണ അര്‍ക്കന്‍സാസിലെത്തിയത്.
ലിറ്റിൽ റോക്കിന് തെക്ക് 70 മൈൽ അകലെയുള്ള ഫോർഡിസിലെ മാഡ് ബുച്ചർ പലചരക്ക് കടയ്ക്കുള്ളിലും പുറത്തും
ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ 11:30 ന് ശേഷം നടന്ന വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. കടയിലെ ജീവനക്കാരനായിരുന്നു ഗോപീകൃഷ്ണ
ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്ന ഗോപീകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിറ്റേന്ന് (ജൂണ്‍ 22 ശനിയാഴ്ച) ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഗോപീകൃഷ്ണയ്ക്ക് ഭാര്യയും ഒരു മകനുമുണ്ട്.
വെടിവെപ്പിൽ രണ്ട് നിയമപാലകർ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റതായി അർക്കൻസാസ് സ്റ്റേറ്റ് പോലീസ് അറിയിച്ചു. മരിച്ച നാല് ഇരകളിൽ ആരും ഉദ്യോഗസ്ഥരല്ല.
കാലീ വീംസ് (23), റോയ് സ്റ്റർഗിസ് (50), ഷെർലി ടെയ്‌ലർ (62) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരെ പോലീസും കുടുംബാംഗങ്ങളും നേരത്തെ തിരിച്ചറിഞ്ഞത്.
20 മുതൽ 65 വയസ്സ് വരെ പ്രായമുള്ള മറ്റ് ഏഴ് പേര്‍ (അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും) പരിക്കുകൾ അതിജീവിച്ചതായി ശനിയാഴ്ച രാത്രി പോലീസ് അറിയിച്ചു. ഏഴു പേരിൽ നാലു പേർ ആശുപത്രിയിൽ തുടരുന്നു, ഇതിൽ ഒരു സ്ത്രീയുടെ നില ഗുരുതരാവസ്ഥയിലാണ്.
അക്രമിയായ 44കാരന്‍ ട്രാവിസ് യൂജിന്‍ പോസിക്കെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്ന് പോലീസ് പറഞ്ഞു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിക്കും വെടിയേറ്റു.
അക്രമി കടയിൽ കയറി കൗണ്ടറിലുണ്ടായിരുന്നയാൾക്ക് നേരെ വെടിയുതിർക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇര നിലത്ത് വീണതോടെ തോക്കുധാരി കൗണ്ടറിന് മുകളിലൂടെ ചാടി, ഷെൽഫിൽ നിന്ന് പണമെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.