ഒഡീഷയില്‍ കൃസ്ത്യന്‍ മതം സ്വീകരിച്ചവര്‍ ‘ഘർ വാപ്സി’ ചടങ്ങിലൂടെ ഹിന്ദു മതത്തിലേക്ക് മടങ്ങി

പുരി: ക്രിസ്ത്യൻ മിഷനറിമാര്‍ വ്യാജ വാഗ്ദാനങ്ങളിലൂടെ കൃസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ ഒഡീഷയിലെ കെന്ദുജാർ, മയൂർഭഞ്ച് ജില്ലകളുടെ അതിർത്തി പ്രദേശത്തെ രണ്ട് കുടുംബങ്ങളിൽ നിന്നുള്ള 14 വ്യക്തികൾ ‘ഘര്‍ വാപ്സി’ ചടങ്ങിലൂടെ ജൂൺ 21 ന് ഹിന്ദു മതത്തിലേക്ക് മടങ്ങി.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച, മയൂർഭഞ്ച് ജില്ലയിലെ മഹുൽദിഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജർജ്ജരി ഗ്രാമത്തിൽ ഗ്രാമീണരുടെ സജീവ പങ്കാളിത്തത്തോടെ നടത്തിയ “ഘർ വാപ്സി” അല്ലെങ്കിൽ വീട്ടിലേക്ക് മടങ്ങിയെത്തിയവർ തങ്ങളുടെ പൂർവ്വിക വേരുകളുമായി വീണ്ടും ബന്ധപ്പെടുന്നതിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ ആവേശത്തോടെയാണ് വരവേറ്റത്.

ക്രിസ്ത്യൻ മിഷനറിമാരുടെ മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി വഴിതെറ്റിയതിനെത്തുടർന്ന് ജർജരി ഗ്രാമത്തിലെ നിരവധി ഗോത്രവർഗക്കാർ അടുത്ത വർഷങ്ങളിൽ ക്രിസ്ത്യാനികളായി മാറിയതായി ഒഡീഷയിലെ (കിഴക്ക്) വിശ്വഹിന്ദു പരിഷത്തിൻ്റെ പ്രാന്ത ധർമ പ്രസാർ സാഹ പ്രമുഖ് അക്ഷയ് സാഹു വിശദീകരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ഈ വ്യക്തികൾ ഹിന്ദുമതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് വിഎച്ച്പിയെ സമീപിച്ചു. അവരുടെ യഥാർത്ഥ വിശ്വാസത്തിലേക്ക് മടങ്ങിവരാൻ സഹായിക്കുന്നതിന് ഗ്രാമത്തലവൻ വിഎച്ച്പിയുടെ സഹായവും തേടി.

ഘർ വാപ്‌സി ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബനാഥൻ തങ്ങളുടെ അനുഭവം വിവരിച്ചുകൊണ്ട്, ക്രിസ്ത്യൻ മിഷനറിമാർ തങ്ങളുടെ കുടുംബത്തെ എങ്ങനെ വഞ്ചിച്ചെന്ന് വിവരിച്ചു. “കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു കുടുംബാംഗത്തിന് അസുഖം വന്നപ്പോൾ, ഒരു ക്രിസ്ത്യൻ പുരോഹിതൻ ഞങ്ങളെ സന്ദർശിക്കുകയും യേശുവിൽ അഭയം പ്രാപിച്ചാൽ അസുഖം മാറുമെന്ന് അവകാശപ്പെടുകയും ചെയ്തു. പുരോഹിതൻ ഞങ്ങൾക്ക് ഒരു വെളുത്ത പൊടി നൽകി, അത് യേശുവിൻ്റെ ‘ബിഭൂതി’ (വിശുദ്ധ ഭസ്മം) ആണെന്ന് അവകാശപ്പെട്ടു. അത് വെള്ളത്തിൽ കലക്കി കുടിച്ചപ്പോള്‍ അസുഖം ഭേദമായി. എന്നാല്‍, അത് കേവലം പാരസെറ്റമോൾ ആണെന്ന് പിന്നീട് ഞങ്ങൾ കണ്ടെത്തി, ”കുടുംബത്തലവൻ പറഞ്ഞു.

തങ്ങളുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കിയതിന് വിഎച്ച്പിയോടും ഗ്രാമ നേതൃത്വത്തോടും നന്ദി പ്രകടിപ്പിച്ചുകൊണ്ട് കുടുംബനാഥൻ അവരുടെ ഹിന്ദു വേരുകളുമായി വീണ്ടും ബന്ധപ്പെടുന്നതിലുള്ള സന്തോഷം ഊന്നിപ്പറഞ്ഞു.

ഘർ വാപ്സി ചടങ്ങിൽ പൂജ, അർച്ചന, ഹവൻ തുടങ്ങിയ ആചാരങ്ങളും പഞ്ചാമൃതം (അഞ്ച് പുണ്യ പദാർത്ഥങ്ങളുടെ മിശ്രിതം) ഉപഭോഗവും ഉൾപ്പെടുന്നു. പങ്കെടുത്തവർക്ക് ഭഗവദ് ഗീതയുടെയും മറ്റ് മതഗ്രന്ഥങ്ങളുടെയും പകർപ്പുകളും നൽകി.

കെന്ദുജാർ, മയൂർഭഞ്ച് തുടങ്ങിയ ആദിവാസി ആധിപത്യ ജില്ലകളിൽ ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുടെ അതിപ്രസരം എടുത്തുകാട്ടി, നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾക്കെതിരെ കർശനമായ നിയമം നടപ്പാക്കേണ്ടതിൻ്റെ ആവശ്യകത സാഹു അടിവരയിട്ടു. വശീകരണത്തിലൂടെയോ വഞ്ചനയിലൂടെയോ മതപരിവർത്തനം തടയുന്ന നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

ചടങ്ങിൽ വിഎച്ച്പി ജില്ലാ പ്രസിഡൻ്റ് ചിത്തരഞ്ജൻ ദാസ്, ആനന്ദ്പൂരിൽ നിന്നുള്ള ബജ്‌റംഗ്ദൾ കോ-കൺവീനർ ദിവ്യ ജ്യോതി മുദുലി, വിഎച്ച്പി ജില്ലാ മിലൻ പ്രമുഖ് ഹരിഹർ സേഥി, മുതിർന്ന സന്നദ്ധ പ്രവർത്തകൻ തൃപ്തിരഞ്ജൻ സാഹു തുടങ്ങിയവർ പങ്കെടുത്തു.

ഘർ വാപ്സി പരിപാടി പൂർവ്വിക വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവിൻ്റെ പ്രതീകം മാത്രമല്ല, ഒഡീഷയിലെ ഗോത്ര സമൂഹങ്ങളിലെ നിയമവിരുദ്ധമായ മതപരിവർത്തന സമ്പ്രദായങ്ങളെയും മതപരമായ വ്യക്തിത്വങ്ങളുടെ സംരക്ഷണത്തെയും കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കും അടിവരയിടുന്നു.

Print Friendly, PDF & Email

Leave a Comment

More News