നിരണം: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ നവാഗതനായ ആത്മീയ പിതാവായ മോറാൻ മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക മധുരം വിതരണം ചെയ്തു,വിശുദ്ധ കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി.
പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ ഗ്രാമത്തിൽ കൈതപ്പത്താളിൽ (ഒറേത്ത്) കുടുംബത്തിലെ മത്തായി മത്തായിയുടെയും മേരിക്കുട്ടി മത്തായിയുടെയും ഏഴു മക്കളിൽ ആറാമനായി സാമുവൽ മാത്യു ജനിച്ചു. പരിശുദ്ധ സഭയുടെ ഓർഡർ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ക്രോസിൻ്റെ മദർ സുപ്പീരിയർ മദർ ഗ്രേസ് ഇളയ സഹോദരിയാണ്.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, അടുത്ത ആറ് വർഷം, ദരിദ്രരെ സേവിക്കുന്നതിനും ഉത്തരേന്ത്യയിൽ ദൈവസ്നേഹത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു.
1987-ൽ ദൈവശാസ്ത്രത്തിൽ ബിരുദവും നേടി.1992- ൽ ബിരുദാനന്തര ബിരുദവും 2007-ൽ ഡോക്റേറ്റും നേടി.
1993 മുതൽ 2003 വരെ സെൻ്റ് ഇഗ്നേഷ്യസ് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. ഈ സെമിനാരിയിലൂടെ ഇന്ത്യയിലും ഏഷ്യയിലുമായി പരിശുദ്ധ സഭയ്ക്ക് നിരവധി വൈദികരെയും തിരുമേനിമാരെയും വളർത്തിയെടുക്കുവാൻ സാധിച്ചു.
1997-ൽ ഡീക്കനായും 2003-ൽ ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയിൽ നിന്നും കശീശാ പട്ടവും സ്വീകരിച്ചു. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ ജനറൽ സെക്രട്ടറിയായി 3 വർഷം സേവനമനുഷ്ഠിച്ച ശേഷം 2006-ൽ മോറാൻ മാർ അത്താനാസിയോസ് യൂഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ കൈവെപ്പിനാൽ സാമുവൽ മോർ തെയോഫിലോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി അഭിഷിക്തനായി.പിന്നീടുള്ള വർഷങ്ങൾ അദ്ദേഹം സഭയുടെ മംഗലാപുരം – ചെന്നൈ ഭദ്രാസന ബിഷപ്പായും പിന്നീട് പരിശുദ്ധ സിനഡിൻ്റെ സെക്രട്ടറിയായും 2017-ൽ ചെന്നൈ ആർച്ച് ബിഷപ്പായും ഉയർത്തപ്പെട്ടു. അവിടെ മംഗലാപുരം, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ ഭദ്രാസനങ്ങളുടെ മേൽനോട്ടത്തിൽ തുടർന്നു. മറ്റ് സഭകളുമായും ദേശീയ ക്രിസ്ത്യൻ സംഘടനകളുമായി എക്യുമെനിക്കൽ ബന്ധം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചു.
ബസുകളിലും ട്രെയിനുകളിലും ദീർഘനേരം യാത്ര ചെയ്ത് ജനങ്ങളെ സേവിക്കുന്നതിൽ എപ്പോഴും സന്നദ്ധരായിരുന്നു. കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഗ്രാമങ്ങളിലെ പല ഇടവകകളും സന്ദർശിച്ച് അവിടത്തെ വിശ്വാസികളെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, വിധവകൾക്ക് വീട് പണിയുക തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.കോവിഡ് രോഗവ്യാപനത്തിലും , 2015 ലും 2021 ലും ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും സമയത്ത്, ദുരിതബാധിതരായ ആളുകളെ സേവിക്കാൻ അദ്ദേഹം തൻ്റെ ഭദ്രാസനങ്ങളിൽ നിന്ന് സന്നദ്ധപ്രവർത്തകരുടെ ടീമുകളെ സംഘടിപ്പിച്ച രക്ഷാപ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും ഏർപ്പെട്ടു.
ഭാഗ്യ സ്മരണീയനായ അത്തനേഷ്യസ് യോഹാൻ ഒന്നാമൻ മെത്രാപ്പോലീത്തയുടെ ദർശനമായ ക്രിസ്തുവിൻ്റെ സ്നേഹം എല്ലാവരോടും കാണിക്കുക എന്ന സഭയുടെ ദൗത്യത്തിൽ ആഴമായി വിശ്വസിക്കുന്നു.
നിരണം ഇടവകയുടെ നേതൃത്വത്തില്‍ പരിശുദ്ധ സഭയുടെ പിതാവിന് നിരണത്ത് ഊഷ്മളമായ സ്വീകരണം നൽകുമെന്ന് ഇടവക സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള , അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ അറിയിച്ചു.