തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ആദ്യദിനം 3,22,147 കുട്ടികളാണ് ക്ലാസ്സുകളിലെത്തുക. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 9:00 മണിക്ക് മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ സ്വീകരിക്കും.
സംസ്ഥാനത്തെ 2076 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. ഇത്തവണ ക്ലാസുകൾ നേരത്തെ തുടങ്ങുകയാണ്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് ക്ലാസുകൾ ആരംഭിച്ചത്.
ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷന്‍ ലഭിക്കാനുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷന്‍ ലഭിക്കുമെന്നും അത് വളരെവേഗം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തിന്റെ അടിസ്ഥാനത്തില്‍ നടപടി ആവശ്യമെങ്കില്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്‌മെന്റ് നടത്തും.ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അലോട്‌മെന്റ് ലഭിക്കാത്തവര്‍ സ്‌കൂളുകളില്‍ മിച്ചമുള്ള സീറ്റുകളുടെ പട്ടിക പരിശോധിച്ച് അപേക്ഷ പുതുക്കണം. പുതുക്കാത്തവരെയും അലോട്‌മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരെയും തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ പരിഗണിക്കില്ല. പുതിയ അപേക്ഷ നല്‍കാനും സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്.
മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. എസ്എഫ്ഐ പ്രഖ്യാപിച്ച മലപ്പുറം കലക്ടറേറ്റ് മാർച്ച് ഇന്ന് നടക്കും. സർക്കാരിൽ സമ്മർദ്ദം ചെലുത്തി സമരം ശക്തമാക്കാനാണ് സമസ്തയുടെ നീക്കം. മലപ്പുറം വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചതാണ് സമസ്തയുടെ സമര പ്രഖ്യാപനം.