എറണാകുളം: ദേശീയ പാതയിൽ മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ പത്തോടെയാണ് അപകടം. മറിഞ്ഞ ബസിനടിയിൽപ്പെട്ട ഇരുചക്രവാഹന യാത്രക്കാരൻ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ജിജോയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് നിന്ന് അമിതവേഗതയിൽ വന്ന് മാടവന സിഗ്നലിൽ പെട്ടെന്ന് നിർത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് മറിഞ്ഞത്. സിഗ്നൽ ജങ്ഷനിൽ കാത്തുനിന്ന ഇരുചക്രവാഹനത്തിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്.
ബസിൽ 40ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ പുറത്തെടുത്തത്. ഇവരിൽ 14 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ചാറ്റല്‍ മഴയിൽ അമിതവേഗതയിൽ വന്ന ബസ് പെട്ടെന്ന് സിഗ്നൽ ജംഗ്ഷനിൽ നിർത്തിയതാണ് ബസ് മറിഞ്ഞതിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇരുചക്രവാഹന യാത്രികൻ അരമണിക്കൂറിലേറെ ബസിനടിയിൽ കുടുങ്ങിയതാണ് മരണത്തിലേക്ക് നയിച്ചത്.
ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് തുടരുകയാണ്. ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.