മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ചേരിയം ഗവ.ഹൈസ്കൂളിനെ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്ന് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
മങ്കട പഞ്ചായത്തിലെ ഏക ആശ്രയമായ മങ്കട ഹയർ സെക്കൻഡറിയിലും ആവശ്യത്തിനുള്ള ബാച്ചുകളും സീറ്റുകളും ഇല്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഈ അവസരത്തിൽ തൊട്ടടുത്ത ഹൈസ്കൂളിൽ ആവശ്യത്തിന് സൗകര്യങ്ങൾ ഉണ്ടായിരിക്കെ ഹയർ സെക്കൻഡറി അനുവദിക്കാത്തത് തികഞ്ഞ അനീതിയാണെന്ന് പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് മുസ്തക്കീം കടന്നമണ്ണ പറഞ്ഞു.
നിരവധിതവണ ജനപ്രതിനിധികളെയും അധികാരികളെയും കണ്ട് വെൽഫെയർ പാർട്ടിയും ഫ്രറ്റേണിറ്റി മൂവ്മെന്റും നിവേദനങ്ങൾ നൽകുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായില്ല.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ ജമാലുദ്ദീൻ, പാർട്ടി മങ്കട പഞ്ചായത്ത് സെക്രട്ടറി അൻവർ ശിഹാബ്, ഫ്രറ്റേണിറ്റി മണ്ഡലം കമ്മിറ്റി അംഗം ജസീൽ കടന്നമണ്ണ എന്നിവർ സംസാരിച്ചു.