പണ്ടൊക്കെ ചില ഡോഗ്സ് മാര്‍ക്കറ്റില്‍ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു. കാര്യമൊന്നുമില്ല, വെറുതെ ഒന്ന് കറങ്ങി അടിച്ചു പോരാന്‍. ഇടയ്ക്ക് മീന്‍ ചന്തയിലും, ഇറച്ചികടയിലും ഒന്ന് തല കാണിക്കും. ഒരു മീന്തലയോ, എല്ലിന്‍കഷണമോ കിട്ടിയാല്‍ കിട്ടി, അത്ര തന്നെ !
‘പട്ടിക്ക് ഒരു ജോലിയും ഇല്ല, നില്‍ക്കാന്‍ ഒട്ടും നേരവും ഇല്ല’ എന്ന് പറഞ്ഞതുപോലെയാണ് ചില സ്വയം പ്രഖ്യാപിത ‘അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍, ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്, അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന് അദ്ദേഹം ഉറപ്പു നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍
പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നത്.
ലോക കേരള സഭ്യില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ ഫോട്ടോയോടൊപ്പം തങ്ങളുടെ എന്തെല്ലാം ക്വാളിഫിക്കേഷന്‍സിന്റെ വിവരങ്ങളാണ് ചേര്‍ക്കുന്നത്. തിരിച്ചുവരുമ്പോള്‍ എല്ലാത്തിന്റെയും അണ്ണാക്കില്‍ പഴം തിരുകി വെച്ചിരിക്കുകയാണ്. ഒന്നിനും മിണ്ടാട്ടമില്ല.
പക്ഷേ അമേരിക്കന്‍ മലയാളികള്‍ നിരാശപ്പെടരുത്. കേരളീയ തനത് കലകളുടെ പ്രചരണാര്‍ത്ഥം ഉടന്‍തന്നെ മന്ത്രിമാരുടെ ലോകപര്യടനം ഉണ്ട്. ആദ്യത്തെ നറുക്കു വീണത് ന്യൂയോര്‍ക്കിനാണ്. കഥകളി, പുലിക്കളി, കസേരകളി, തുടങ്ങിയ വിവിധ
കളികള്‍ ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ നടത്തപ്പെടും. അസംബ്ലിയിലെ ഡെസ്ക് നൃത്തം, കസേര മറിച്ചിടല്‍ തുടങ്ങിയ അഡിഷണല്‍ അട്രാക്ഷന്‍സും ഉണ്ടാവും. ഇത് കഴിയുമ്പോള്‍ കേരളത്തിന്റെ വിനോദ മേഖല വീണ്ടും വികസിക്കും. ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റുകളില്‍ സായിപ്പന്മാര്‍ കേരളത്തിലേക്ക് കുതിക്കും. (കഥകളി എന്ന കലാരൂപത്തിന് ഇന്നും കേരളത്തില്‍ പോലും കാണികളില്ല. കുറേ ശുംഭന്മാര്‍ പണ്ഡിതരാണെന്ന ഭാവേന അവിടെ ഉറക്കം തൂങ്ങി ഇരിക്കുന്നത് കാണാം).
ഏതാണ്ട് നേരത്തെ സൂചിപ്പിച്ച ശ്വാനന്മാരുടെ ഗതികേടാണ് കേരളത്തിലെ എംപിമാര്‍ക്ക്. ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല, വെറുതെ വായും പൊളിച്ച് ഇരിക്കും. രാഹുല്‍ഗാന്ധി ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. ചിലപ്പോള്‍ വെറുതെ
കാര്യമറിയാതെ ഡെസ്‌കിലിട്ടിടിക്കും. ‘മേം’ കര്‍ത്താവായി വരുമ്പോള്‍ ‘ഹും’ മാലാഖയായി വരും, തുമാരാ നാം ക്യാ ഹൈ ?, അച്ഛാ, അരേ സാലേ തുടങ്ങിയ ബേസിക് ഹിന്ദി എങ്കിലും പഠിച്ചിട്ട് വേണ്ടേ പോകാന്‍ ?
അല്ലെങ്കില്‍ നല്ല മണി മണി പോലെ ഇംഗ്ലീഷ് കാച്ചിവിടുന്ന ചിന്താ ജെറോമിനെയോ, ബിന്ദു ടീച്ചറയോ ശ്രീമതി ടീച്ചറെയോ പാര്‍ലമെന്‍റിലേക്ക് അയക്കണമായിരുന്നു. ഇവരുടെയൊക്കെ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍, ഹിന്ദിക്കാരന്റെ ചെവിയില്‍ അമിട്ട് പൊട്ടിയേനേ!
യാതൊരുവിധ ആരോപണങ്ങളും ഇന്നുവരെ കേള്‍പ്പിച്ചിട്ടില്ലാത്ത, മാന്യനും, മര്യാദക്കാരനും, മുന്‍മന്ത്രിയും, സ്പീക്കറുമായ കെ. രാധാകൃഷ്ണനെ, മന്ത്രിസ്ഥാനം രാജി വെപ്പിച്ചിട്ട്, ആലത്തൂരില്‍ നിന്നും വടക്കോട്ട് വണ്ടി കയറ്റി വിട്ടിട്ടുണ്ട്. മാന്യനും, മര്യാദക്കാരനെന്നുമുള്ളതൊന്നും ഒരു പാര്‍ലമെന്‍റ് അംഗം ആകുവാനുള്ള ക്വാളിഫിക്കേഷന്‍ ഒന്നുമല്ല. ആ പാവത്തിന് ഹിന്ദിയും അറിയില്ല, ഇംഗ്ലീഷും അറിയില്ല. നേരത്തെ പറഞ്ഞതുപോലെ രാഹുല്‍ ഗാന്ധി ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാം. അസംബ്ലിയില്‍ അവര്‍ കീരിയും പാമ്പും ആണെങ്കില്‍ത്തന്നെ, പാര്‍ലമെന്‍റില്‍ അവര്‍ മച്ചാനും മച്ചാനും ആണല്ലോ !
ഇതിനിടെ ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന ഐ.എ.എസ് കാരി ദിവ്യ അയ്യര്‍, പിന്നോക്ക സമുദായത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ സാറിനെ കെട്ടിപ്പിടിച്ചുസ്നേഹപ്രകടനം നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. നിര്‍ദോഷമായ
ഒരു സ്‌നേഹപ്രകടനം. എന്നാല്‍, മറിച്ച് രാധാകൃഷ്ണന്‍ ദിവ്യ അയ്യരെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം നടത്തിയിരുന്നെങ്കില്‍ കാണാമായിരുന്നു കളി. പാവം സുരേഷ് ഗോപി, ഒരു പെണ്‍കൊച്ചിന്റെ തോളത്ത് ഒന്നു തൊട്ടതിന് പെട്ട പങ്കപ്പാട് എന്റമ്മോ ! ഓര്‍മ്മിപ്പിക്കരുതേ !
(ഒരു “നര്‍മ്മ സാഹിത്യകാരന്‍’ എന്ന ലേബല്‍ എനിക്ക് നല്‍കാന്‍ പ്രമുഖ പങ്കു വഹിച്ചിട്ടുള്ള ശ്രീ ജോര്‍ജ്ജ് എബ്രഹാമുമായുള്ള ബന്ധം ‘ലോക കേരള സഭയ്ക്ക് സാധ്യതകള്‍’ ഏറെ എന്ന് അദ്ദേഹം പ്രസ്താവിച്ചതോടുകൂടി ഞാന്‍ ഉപേക്ഷിക്കുകയാണ്. ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജയുമായുള്ള ബന്ധം മുരളിയേട്ടന്‍ മുറിച്ചതുപോലെ !)
“ചില സ്വയം പ്രഖ്യാപിത ‘അമേരിക്കന്‍ മലയാളി നേതാക്കന്മാര്‍, ഇടയ്ക്കിടെ കേരളത്തില്‍ പോയി മന്ത്രിമാരോടൊപ്പമുള്ള ഫോട്ടോയെടുത്ത്, അമേരിക്കന്‍ മലയാളികളുടെ ചില അടിയന്തര പ്രശ്നങ്ങള്‍ വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, ഈ പ്രശ്നങ്ങളില്‍ അടിയന്തരമായി ഇടപെടും എന്ന് അദ്ദേഹം ഉറപ്പു നല്‍കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നത്.” ഇത് കലക്കി, രാജു സാറെ.