തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. ഒരു വാച്ച് ആന്റ് വാർഡിന് പരിക്കേറ്റു. വൈകിട്ട് 3.30 ഓടെ സഭ സമ്മേളിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
അസംബ്ലി ഹാളിനോട് ചേർന്നുള്ള ഇടനാഴിയുടെ മുകൾഭാഗത്തെ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നത്. ഇതിൻ്റെ ഒരു ഭാഗം വാച്ച് ആൻഡ് വാർഡിൻ്റെ ദേഹത്തു വീണു. നിയമസഭാ മന്ദിരത്തിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ കൈക്കാണ് പരിക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് അപകടം.
അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.