തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദവും മധ്യ ഗുജറാത്തിന് മുകളിലുള്ള ചക്രവാതചുഴലിക്കാറ്റുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
അതേസമയം, കനത്ത മഴയെ തുടർന്ന് വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
എറണാകുളം എടവനക്കാട് കടലാക്രമണം രൂക്ഷമായി തുടരുന്നു. ശക്തമായ കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളിൽ വെള്ളം കയറി. സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ചിട്ടും അടിയന്തര ഇടപെടൽ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതി ഇന്ന് പ്രദേശത്ത് ഹർത്താൽ ആചരിക്കുകയാണ്.
ഓരോ തവണ കടലാക്രമണം രൂക്ഷമാകുമ്പോഴും പ്രതിഷേധം സ്ഥിരം കാഴ്ചയാണ്. എന്നാൽ, പരിഹാരം അകലെയാണ്. ഓരോ തവണ ഉപ്പുവെള്ളം കയറുമ്പോഴും ഇവരുടെ ജീവിതം തകരുകയാണ്. സുനാമി ദുരന്ത മേഖലയായിട്ടും ഈ തീരം അവഗണന തുടരുകയാണ്. നിരവധി പേർ വീടുവിട്ടു പോയി. കടലാക്രമണത്തിൽ തകർന്ന വീടുകൾ ദുരന്തസ്മാരകങ്ങളായി നിലകൊള്ളുന്നു.