വാഷിംഗ്ടണ്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വിശദീകരണവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച നടന്ന ട്രംപ്-ബൈഡന്‍ സംവാദത്തിനിടെയാണ് ട്രംപ് ഈ ആരോപണം ഉന്നയിച്ചത്.
2017-ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ ചേരേണ്ടതില്ലെന്ന് തൻ്റെ ഭരണകൂടം തീരുമാനിച്ചത് വാഷിംഗ്ടണിന് ഏകദേശം $1 ട്രില്യൺ ചിലവ് വരുമെന്നുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും റഷ്യയും അതിന് പണം നൽകിയിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വർഷം നവംബർ അഞ്ചിനാണ് യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. ജൂണ്‍ 27 വ്യാഴാഴ്ചയാണ് ആദ്യത്തെ പ്രസിഡൻ്റ് സംവാദം നടന്നത്.
പാരീസ് കാലാവസ്ഥാ ഉടമ്പടി സംബന്ധിച്ച് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് സംവാദത്തിനിടെയാണ് ഈ അവകാശവാദം ഉന്നയിച്ചത്. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും മറ്റ് പല വിഷയങ്ങളിലും പരസ്പരം വളഞ്ഞുപുളഞ്ഞു. ഇരുവരും പരസ്പരവിരുദ്ധമായ വിഷയങ്ങളില്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണിറക്കിയത്. അതിർത്തിയുടെ സ്ഥിതി, വിദേശനയം, സമ്പദ്‌വ്യവസ്ഥ, ഗർഭച്ഛിദ്രം, ദേശീയ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയും സംവാദത്തിനിടെ ഇരു സ്ഥാനാർത്ഥികളും ചർച്ച ചെയ്തു. 90 മിനിറ്റ് നീണ്ട ചർച്ചയിൽ, 78 കാരനായ ട്രംപ് അവകാശപ്പെട്ടത് പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് 1 ട്രില്യൺ യുഎസ് ഡോളർ ചിലവ് വരുമെന്നും അതിൻ്റെ ചിലവിലേക്ക് പണം നല്‍കുന്ന ഒരേയൊരു രാജ്യം അമേരിക്കയാണെന്നും പറഞ്ഞു. അതൊരു തട്ടിപ്പ് പ്രസ്താനമാണെന്നും, ചൈനയും ഇന്ത്യയും റഷ്യയും പണം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആഗോള താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്താനുള്ള അന്താരാഷ്ട്ര കരാർ അമേരിക്കൻ തൊഴിലാളികൾക്ക് ഹാനികരമാണെന്ന് പറഞ്ഞാണ് 2017ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപ് കരാറിൽ നിന്ന് പിന്മാറിയത്. 2009 ലെ പാരീസ് ഉടമ്പടിയുടെ ഭാഗമായി, യുഎസും മറ്റ് വികസിത രാജ്യങ്ങളും 2020-ഓടെ പ്രതിവർഷം 100 ബില്യൺ ഡോളർ സംഭാവന ചെയ്യാൻ പ്രതിജ്ഞാബദ്ധമായിരുന്നു.
വികസിത രാജ്യങ്ങൾ 2022 വരെ രണ്ട് വർഷം വൈകി അവരുടെ കൂട്ടായ ലക്ഷ്യത്തിലെത്തി, എന്നാൽ, ഈ കണക്ക് ഒരിക്കലും ട്രംപ് നിർദ്ദേശിച്ചതുപോലെ ഉയർന്നിരുന്നില്ല. ട്രംപ് പറഞ്ഞതിന് വിരുദ്ധമായി, അന്താരാഷ്ട്ര കാലാവസ്ഥാ ധനകാര്യത്തിൽ യുഎസ് ഒരിക്കലും ഒരു ട്രില്യൺ ഡോളർ നൽകിയിട്ടില്ല. പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപ് യു എസിനെ പിൻവലിച്ചതിന് ശേഷം ആഗോള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് യുഎസ് ഒന്നും നൽകിയില്ല.
പ്രതിവർഷം 11.4 ബില്യൺ ഡോളർ നൽകുമെന്ന് പ്രസിഡൻ്റ് ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഈ നിലയിലുള്ള ഫണ്ടിംഗ് നടന്നിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്ന ട്രംപ്, പാരീസ് ഉടമ്പടിയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത് ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങൾ ആണെന്ന് തുടർച്ചയായി വാദിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കാർബൺ പുറന്തള്ളുന്ന രാജ്യമാണ് ചൈന, തൊട്ടുപിന്നിൽ യുഎസും ഇന്ത്യയും യൂറോപ്യൻ യൂണിയനും.