‘നീറ്റ്’ വിഷയത്തില്‍ പ്രധാനമന്ത്രിയെ നീറ്റി രാഹുല്‍ ഗാന്ധി; ഇരുസഭകളെയും സ്തംഭിപ്പിച്ച് പ്രതിപക്ഷം; ജൂലൈ 1 വരെ ലോക്സഭ പിരിഞ്ഞു

ന്യൂഡല്‍ഹി: ‘നീറ്റ്’ പരീക്ഷാ പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെ രാജ്യത്ത് തുടര്‍ച്ചയായി പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതിനെ ചൊല്ലി ഇന്ന് (ജൂൺ 28 വെള്ളിയാഴ്ച) പാർലമെൻ്റിൻ്റെ ഇരുസഭകളും ബഹളത്തില്‍ കലാശിച്ചു.

സഭാനടപടികൾ ആരംഭിച്ചയുടൻ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഭയിൽ ഈ വിഷയത്തിന് വലിയ ഊന്നൽ നൽകി. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നീറ്റ് പേപ്പർ ചോർച്ച വിഷയം ഉന്നയിച്ചത്. വിദ്യാർത്ഥികളാണ് രാജ്യത്തിൻ്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ നിന്ന് യുവാക്കൾക്ക് ശരിയായ സന്ദേശം നൽകണം. കോൺഗ്രസിലെ മാണിക്കം ടാഗോർ ഉൾപ്പടെ നിരവധി എംപിമാർ നീറ്റ് വിവാദത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും രാഹുൽ ഗാന്ധി സഭയിൽ ആവശ്യപ്പെട്ടതിന് സ്പീക്കറിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടില്ല.

സഭാ നടപടികൾ പുനരാരംഭിച്ചതോടെ പ്രതിപക്ഷം ബഹളവും മുദ്രാവാക്യം വിളിയും തുടങ്ങി. തുടർന്ന് സ്പീക്കർ ഓം ബിർള സഭ ജൂലൈ ഒന്നുവരെക്കും നിർത്തിവച്ചു. സുധാംശു ത്രിവേദി സംസാരിച്ച രാജ്യസഭാ നടപടികൾ തുടരുകയാണ്. ഇതിനിടെ പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിയും തുടങ്ങി. അതിനിടെ, നീറ്റ് വിഷയത്തിൽ സംസാരിക്കാൻ സമയം ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ദേവഗൗഡയും രംഗത്തെത്തി. സുധാംശു ത്രിവേദിയുടെ പ്രസ്താവനയ്‌ക്കിടയിൽ പ്രതിപക്ഷം ഞങ്ങൾക്ക് നീതി വേണം എന്ന മുദ്രാവാക്യം ഉയർത്താൻ തുടങ്ങി.

ലോക്‌സഭയുടെയും രാജ്യസഭയുടെയും നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെ പുനരാരംഭിച്ചെങ്കിലും, ലോക്‌സഭയിൽ വീണ്ടും പ്രതിപക്ഷ ബഹളം തുടങ്ങി. പാർലമെൻ്റിൽ 22 എംപിമാർ നീറ്റ് ചർച്ച സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പേപ്പർ ചോർച്ചയാണ് ആദ്യം ചർച്ച ചെയ്യേണ്ടതെന്ന് പാർലമെൻ്റ് നടപടികൾക്ക് മുമ്പ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദി ചർച്ചയിൽ പങ്കെടുക്കണമെന്നും, ഇന്നലെ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെ യോഗം നടന്നിരുന്നുവെന്നും ഇന്ന് നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന് സമവായമുണ്ടായെന്നും രാഹുൽ പറഞ്ഞു.

“നീറ്റ് ഇവിടെ സഭയിൽ ചർച്ച ചെയ്യണമെന്ന് ഞങ്ങൾക്ക് തോന്നി. ഇത് യുവാക്കളുടെ പ്രശ്‌നമാണെന്നും അക്കാര്യത്തില്‍ ശരിയായി ചർച്ച ചെയ്യണമെന്നും മാന്യമായ ചർച്ചയാകണമെന്നും ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. കേന്ദ്ര സർക്കാരും പ്രതിപക്ഷവും ഒരുമിച്ച് വിദ്യാർത്ഥികളെക്കുറിച്ച് സംസാരിക്കുന്നു എന്ന സന്ദേശം പാർലമെൻ്റിൽ നിന്ന് അയക്കണം,” രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ന് ലോക്‌സഭാ നടപടികൾ തുടങ്ങി 10 മിനിറ്റിനുള്ളിലാണ് സഭയിൽ ബഹളം തുടങ്ങിയത്. നീറ്റ് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ശക്തമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാഷ്ട്രപതിയുടെ പ്രസംഗത്തിൻ്റെ മധ്യത്തിൽ ഒരു അടിയന്തര പ്രമേയം പരിഗണിക്കുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. ഇതിന് പിന്നാലെ സഭയിൽ ബഹളം വർധിച്ചതോടെ ലോക്‌സഭാ സ്പീക്കർ സഭാ നടപടികൾ 12 മണി വരെ നിർത്തിവച്ചു.

Print Friendly, PDF & Email

Leave a Comment

More News