ആയുഷ്മാന്‍ ഭാരത് യോജന പ്രകാരം ഭാരതത്തിലെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ചികിത്സ: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്തെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ നൽകുമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു.

പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തിൽ കേന്ദ്ര സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു ഇത്.

ആയുഷ്മാൻ ഭാരത് യോജനയ്ക്ക് കീഴിൽ രാജ്യത്തെ 55 കോടി ഗുണഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ സൗജന്യ ആരോഗ്യസേവനം നൽകുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന 25,000 ജൻ ഔഷധി കേന്ദ്രങ്ങളുണ്ട്. ഇതുകൂടാതെ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിൽ സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി വിശദീകരിച്ചു.

ലോകത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. രാജ്യത്തെ 12 കോടി കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപ വരെ ആശുപത്രിച്ചെലവുകള്‍ അനുവദിക്കുന്നതാണ് പദ്ധതി. എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കാണ് ഈ തുക കിട്ടുക.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്ബായി ഏപ്രിലില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരത്തിലെത്തി മൂന്നാഴ്ചയ്ക്കകം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി. ആശുപത്രി വാസം, ചികിത്സ, ശസ്ത്രക്രിയകള്‍, മരുന്നുകള്‍ അടക്കം 1,929 മെഡിക്കല്‍ നടപടികള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍പ്പെടുത്തി സൗജന്യ ചികിത്സ നല്കുന്നുണ്ട്. പേപ്പര്‍രഹിത, പണരഹിത ചികിത്സ, പൊതു-സ്വകാര്യ ആശുപത്രികളിലുറപ്പാക്കാന്‍ പദ്ധതിക്കു സാധിക്കുന്നു. കീമോ തെറാപ്പിയടക്കം 50 തരം കാന്‍സര്‍ ചികിത്സകളും എല്ലാത്തരം സര്‍ജറികളും പദ്ധതിയിലുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News