കൊല്ലത്ത് ഗര്‍ഭിണിയായ യുവ അഭിഭാഷകക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മുതിര്‍ന്ന അഭിഭാഷകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: ജസ്റ്റീഷ്യ

കോഴിക്കോട്: കൊല്ലത്ത് മുതിര്‍ന്ന അഭിഭാഷകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഗര്‍ഭിണിയായ യുവഅഭിഭാഷകയുടെ പരാതിയില്‍ ശക്തമായ നടപടിയെടുക്കണമെന്ന് അഭിഭാഷക കൂട്ടായ്മയായ ജസ്റ്റീഷ്യ. നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് എത്തി മടങ്ങിയ അഭിഭാഷകയെ വീണ്ടും വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി.

ഈ മാസം 14ന് നടന്ന സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അഭിഭാഷകനെ അറസ്റ്റ് ചെയ്യുന്നത് മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് ജസ്റ്റീഷ്യ സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവിച്ചു.യുവതിയുമായി പ്രതിയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന അഭിഭാഷകന്റെ മകന്‍ പരാതിക്കാരിയുടെ ഒപ്പം എത്തിയവരോട് കയര്‍ക്കുകയും, അശ്ലീല ആംഗ്യം കാണിച്ചതായുമുള്ള പരാതിയിലും തക്കതായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കേണ്ടതുണ്ടെന്നും ജസ്റ്റീഷ്യ ആവശ്യപ്പെട്ടു.

അഭിഭാഷക സംഘടനകള്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് അനീതിയാണെന്നും അഭിഭാഷക സമൂഹം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രതികരിക്കണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് പറഞ്ഞു. ഇരയാക്കപ്പെട്ട അഭിഭാഷകക്ക് നീതി ലഭിക്കും വരെ ജസ്റ്റീഷ്യ പരാതിക്കാരിക്കൊപ്പം നിലകൊള്ളുമെന്നു ജസ്റ്റീഷ്യ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ കെ എല്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ അഡ്വ ഫൈസല്‍ പി മുക്കം, അഡ്വ എം.എം അലിയാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുല്‍ അഹദ് കെ,സംസ്ഥാന ട്രഷറര്‍ അഡ്വ മുഹമ്മദ് ഇഖ്ബാല്‍,സെക്രട്ടറിമാരായ അഡ്വ രഹ്ന ഷുക്കൂര്‍, അഡ്വ അമീന്‍ ഹസ്സന്‍ കെ,അഡ്വ തജ്മല്‍ സലീഖ് തുടങ്ങിയവരും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News