വാഷിംഗ്ടൺ: ഒക്‌ടോബർ 7 ന് ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ബൈഡന്‍ ഭരണകൂടം ആയിരക്കണക്കിന് വിനാശകരമായ ബോംബുകളും വെടിക്കോപ്പുകളും ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
14,200 പൗണ്ട് ഭാരമുള്ള MK-84 വിനാശകരമായ ബോംബുകൾ, 6,500 പൗണ്ട് ബോംബുകൾ, മൂവായിരം ഹെൽഫയർ മിസൈലുകൾ, ആയിരക്കണക്കിന് ബങ്കർ നശിപ്പിക്കുന്ന ബോംബുകൾ, 2600 എയർ ബോംബുകൾ എന്നിവയും അമേരിക്ക ഇസ്രായേലിലേക്ക് അയച്ച ആയുധ ശേഖരണത്തിൽ ഉൾപ്പെടുന്നു. മറ്റ് യുദ്ധോപകരണങ്ങൾ കൂടാതെയാണിത്.
ഇസ്രായേലിന് അയച്ച ആയുധങ്ങളുടെ പട്ടിക യു എസ് ഇതുവരെ പരസ്യമാക്കിയിരുന്നില്ല. ഇസ്രായേലിലേക്ക് ആയുധങ്ങൾ അയക്കുന്നതിനുള്ള സമയപരിധി അമേരിക്കൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, അമേരിക്ക ഇസ്രായേലിലേക്ക് ആയുധങ്ങൾ അയക്കുന്നതിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും പറഞ്ഞു.
ഇസ്രയേലിലേക്ക് ആയുധങ്ങൾ അയക്കരുതെന്ന് അന്താരാഷ്ട്ര സമൂഹം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വിവരം പുറത്തുവന്നത്. തന്നെയുമല്ല, ഇസ്രായേലിന്റെ ഗാസയിലെ ആക്രമണത്തെ യു എസ് നിരന്തരം അപലപിക്കുകയും ചെയ്യുന്നു. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ട പോലെയായതും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതും വലുതും വിനാശകരവുമായ ആയുധങ്ങൾ ഇസ്രായേലിലേക്ക് അയക്കുന്നത് അടുത്തിടെ അമേരിക്ക തന്നെ നിരോധിച്ചിരുന്നു. ഇസ്രായേലി സഖ്യകക്ഷികൾക്കുള്ള അമേരിക്കയുടെ പിന്തുണ ഈ ആയുധ കയറ്റുമതി വ്യക്തമായി തെളിയിക്കുന്നു എന്ന് സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ ആയുധ വിദഗ്ധൻ ടോം കാരക്കോ പറഞ്ഞു.
രണ്ടായിരം പൗണ്ട് ബോംബിന് കോൺക്രീറ്റിൻ്റെയും ലോഹത്തിൻ്റെയും കട്ടിയുള്ള പാളി തകര്‍ക്കാന്‍ കഴിയും. ഗാസ യുദ്ധത്തിൻ്റെ തുടക്കം മുതൽ ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മിലുള്ള വെടിവയ്പ്പ് തുടരുകയാണ്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ഒരു സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ആശങ്കയുണ്ട്.
ഒക്‌ടോബർ 7 മുതൽ വാഷിംഗ്ടൺ 6.5 ബില്യൺ ഡോളറിൻ്റെ ആയുധങ്ങൾ ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ടെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വാഷിംഗ്ടൺ ആയുധങ്ങൾ തടഞ്ഞുവെക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടുത്ത ആഴ്ചകളിൽ അവകാശപ്പെട്ടിരുന്നു. അമേരിക്ക ഇത് നിഷേധിച്ചെങ്കിലും ചില തടസ്സങ്ങൾ അംഗീകരിച്ചു. വാസ്തവത്തിൽ, ഗാസയിൽ ധാരാളം ആളുകളുടെ മരണത്തിൽ ബൈഡൻ സർക്കാർ ആശങ്ക പ്രകടിപ്പിക്കുകയും, 2000 പൗണ്ട് ഭാരമുള്ള വലിയ ബോംബുകളുടെ കയറ്റുമതി നിർത്തുകയും ചെയ്തു. എന്നാല്‍, മറ്റ് ആയുധങ്ങളുടെ കയറ്റുമതി സാധാരണഗതിയിൽ തുടരുകയാണ്.