ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം. പ്രതിയായ അര്‍ജുനെ വെറുതെ വിട്ടതിനെതിരെ പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ നല്‍കിയെങ്കിലും, ഇതുവരെ വാദം തുടങ്ങിയിട്ടില്ല. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെയും കുടുംബം സർക്കാരിനെ വിമർശിച്ചു.
2021 ജൂൺ മുപ്പതിനാണ് ആറ് വയസുള്ള പെൺകുട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രദേശവാസിയായ അർജുനെ പ്രതിയാക്കി സെപ്റ്റംബറിൽ പൊലീസ് കുറ്റപത്രവും നൽകി. എന്നാൽ വിചാരണ പൂർത്തിയാക്കിയ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കഴിഞ്ഞ ഡിസംബറിൽ അർജുനെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി. പൊലീസിന് വീഴ്ച വന്നു എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. തുടർന്ന് പെൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് മുഖ്യമന്ത്രിയും കുടുംബത്തിന് ഉറപ്പ് നൽകി. അഭിഭാഷകരുടെ പേരടക്കം സർക്കാരിന് സമർപ്പിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ലെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.
കേസിൽ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ്റെ ഉത്തരവും കുടുംബത്തിന് തിരിച്ചടിയായി. പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും ഉണ്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരയുടെ കുടുംബം.