കണ്ണൂർ: ഓൺലൈൻ ഓഹരി വ്യാപാര തട്ടിപ്പില്‍ കുടുങ്ങി 3.69 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി.
വാട്സ്ആപ് വഴിയാണ് തട്ടിപ്പുകാർ പരാതിക്കാരനെ ബന്ധപ്പെട്ടത്. നിക്ഷേപത്തിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. എന്നാല്‍, പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ കൊടുക്കാതെ വഞ്ചിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
വേറൊരു പരാതിയിൽ പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നുപറഞ്ഞ് ഫോണില്‍ ബന്ധപ്പെടുകയും കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്ന വ്യാജേന ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി 1,43,910 രൂപ തട്ടിയെടുത്തു.
ഓൺലൈൻ വഴി വായ്പയ്ക്ക് അപേക്ഷിച്ച വ്യക്തിക്ക് 5,760 രൂപ നഷ്ടമായി. വായ്പക്ക് അപേക്ഷിച്ച ശേഷം അതിന്റെ പ്രൊസസിംഗ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയും അതനുസരിച്ച് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച പണമോ പ്രോസസിംഗ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകിയില്ല.
മറ്റൊരു പരാതിയിൽ ഓൺലൈൻ ലോൺ എടുക്കാൻ വേണ്ടി ആപ് ഇൻസ്റ്റാൾ ചെയ്യുകയും ലോണിന് അപേക്ഷിക്കാതെ തന്നെ 3725 രൂപ അക്കൗണ്ടിൽ ക്രെഡിറ്റായി. അതിനുശേഷം ഭീഷണിയിലൂടെ 6000 രൂപ അടപ്പിച്ചു.