കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ നടത്തിയ ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാതെ ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ 8-ാം അദ്ധ്യായത്തിലെ ശുപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇതര അദ്ധ്യായങ്ങളിലെ പഠന ഉള്ളടക്കങ്ങള്‍ പുറത്തുവിടാതെ രഹസ്യമാക്കി സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തുന്നതില്‍ ദുരൂഹതയുണ്ട്.
ജെ.ബി.കോശി കമ്മീഷന്‍ 2023 മെയ് 17ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചര്‍ച്ച തുടരുകയാണെന്നുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തിലെ ക്രൈസ്തവരെയും പൊതുസമൂഹത്തെയും പരസ്യമായി അവഹേളിക്കുന്നതും ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ തുറന്നുപറച്ചിലുമാണ്.
2023 നവംബര്‍ 23ന് വിവരാവകാശം വഴി ലഭിച്ച മറുപടിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കു മാത്രമേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കൂവെന്ന് സൂചിപ്പിച്ചിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തതിന്റെ പിന്നിലെ തടസ്സം എന്താണെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വ്യക്തമാക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം തെറ്റാണെന്നും തിരുത്തണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീലിനുപോയ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നുള്ളതിന്റെ ഉദാഹരണമാണ് ക്രൈസ്തവ പഠന റിപ്പോര്‍ട്ടിന്മേലുള്ള നിലവിലെ ഒളിച്ചുകളി.
വിവരാവകാശത്തിലൂടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിഷേധ നിലപാട് തുടരുമ്പോള്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. 2023 ഒക്ടോബര്‍ 10ന് സംസ്ഥാനത്തെ വിവിധങ്ങളായ 33 വകുപ്പുകളിലേയ്ക്ക് ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2024 മാര്‍ച്ചില്‍ സര്‍ക്കാര്‍ മൂന്നംഗസമിതിയെയും പ്രഖ്യാപിച്ചു. എന്നിട്ടും തുടര്‍നടപടികളില്ലാതെ നിരന്തരം ചര്‍ച്ചകള്‍ നടത്തി ആത്മാര്‍ത്ഥതയില്ലാത്ത സമീപനം സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. വിവിധ ക്രൈസ്തവ സഭാസമൂഹങ്ങള്‍ സജീവ ഇടപെടലുകള്‍ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ഇതര കമ്മീഷന്‍ റിപ്പോര്‍ട്ടുകളെപ്പോലെ ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠനറിപ്പോര്‍ട്ടും സര്‍ക്കാര്‍ അലമാരയിലിരുന്ന് ചിതലരിക്കുമെന്നും യാതൊരു കാരണവശാലുമിത് അനുവദിക്കരുതെന്നും വി.സി.സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു.