മേയര്‍ ആര്യാ രാജേന്ദ്രന്‍ അഹങ്കാരിയായി മാറി; മെമ്മറി കാർഡ് കിട്ടിയില്ല എന്നത് നന്നായി; റിയാസ് ‘സൂപ്പർ മുഖ്യമന്ത്രി’ ചമഞ്ഞു; സിപിഎം യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മേയറുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതാണെന്നും പൊതുജനങ്ങൾക്കിടയിൽ അവമതിപ്പിന് ഇടയാക്കിയെന്നും ബസ്സിലെ മെമ്മറി കാർഡ് ലഭിക്കാതിരുന്നത് നല്ലതെന്നുമാണ് വിമർശനം ഉയർന്നത്. മെമ്മറി കാർഡ് കിട്ടിയിരുന്നെങ്കിൽ സച്ചിൻദേവിൻ്റെ പെരുമാറ്റം ജനങ്ങൾ കാണുമായിരുന്നെന്നും, ഇരുവരും പക്വത കാണിച്ചില്ലെന്നും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും യോഗത്തിൽ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനും സ്പീക്കർക്കും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല, സാധാരണക്കാർക്കും പ്രവേശനമില്ല. നേരത്തെ പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോൾ അതിന് കഴിയില്ല. മൂന്ന് മണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനും അനുവാദമില്ല. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ മുഖ്യമന്ത്രി ഇരുമ്പ് മറ തീര്‍ക്കുന്നത് എന്തിനാണെന്നും അംഗങ്ങൾ ചോദിച്ചു. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയിൽ പോലും സ്വാധീനമുണ്ടെന്ന ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വിമർശനം വിശദീകരണം തേടിയതായും റിപ്പോർട്ടുകളുണ്ട്.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് – കടകംപള്ളി സുരേന്ദ്രന്‍ തര്‍ക്കത്തിലും ജില്ലാ കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി. വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശന ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു. മന്ത്രി ജില്ലയിലെ പാര്‍ട്ടി നേതാവിനെയും ജനപ്രതിനിയും കരിനിഴലില്‍ നിര്‍ത്തിയെന്നും റിയാസ് സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു.

Print Friendly, PDF & Email

Leave a Comment

More News