തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ 27 പേരാണ് മരിച്ചത്. ജൂണിൽ മാത്രം അഞ്ച് പേര്‍ മരിച്ചു. ഭൂരിഭാഗവും യുവാക്കള്‍ക്കാണ് പനി ബാധിക്കുന്നത്. പനിബാധിതർ പതിനായിരം കടന്നു. ഈ മാസം മാത്രം 690 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു.
വടക്കൻ ജില്ലകളിൽ നിന്നുള്ളവരാണ് രോഗബാധിതരിൽ ഏറെയും. പനിബാധിതരുടെ എണ്ണത്തിലും വർധനവുണ്ടായി. പ്രതിദിനം പനിബാധിതർ പതിനായിരം കടന്നു. മലപ്പുറം ജില്ലയിൽ ആറായിരത്തോളം പേർക്ക് മഞ്ഞപ്പിത്തം പടർന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വള്ളിക്കുന്ന്, അത്താണി എന്നിവിടങ്ങളിലാണ് രോഗം പടരുന്നത്. നേരത്തെ പോത്തുകല്ലില്‍ പനി വ്യാപകമായപ്പോള്‍ പ്രതിരോധ നടപടികളിലൂടെ കേസുകൾ കുറഞ്ഞിരുന്നു. നിലവിൽ ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല. ഷിഗെല്ല നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇന്നലെ ചേലേമ്പ്രയിൽ 15 വയസ്സുകാരി അസുഖബാധിതയായി മരിച്ചു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്തെ സ്‌കൂളുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി കേസുകളും വർധിക്കുകയാണ്. അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.