ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ ജില്ലാ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്‍ 2022-2024 കാലഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തികുറിച്ച് നടന്ന 10 ഏരിയ സമ്മേളനങ്ങള്‍ക്ക് ശേഷം വിപുലമായ ജില്ലാ സമ്മേളനം അകാലത്തില്‍ മരണമടഞ്ഞ ഗുദൈബിയ ഏരിയ പ്രസിഡന്‍റ് ആയിരുന്ന ബോജിയുടെ നാമധേയത്തില്‍ കെ.സി.എ ഹാളില്‍ ഒരുക്കിയ സമ്മേളന നഗറില്‍ വച്ചു നടന്നു. പത്തു ഏരിയകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപെട്ട ഏരിയ ഭാരവാഹികളും, സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ട സിസി അംഗങ്ങളും, നിലവിലെ സി.സി, എസ്.സി, ക്ഷണിക്കപ്പെട്ട പ്രവാസിശ്രീ അംഗങ്ങള്‍ ഉള്‍പ്പടെ നൂറോളം പ്രധിനിധികള്‍ പങ്കെടുത്ത സമ്മേളനം കെപിഎ യുടെ സംഘടന സംവിധാനത്തിന്‍റെ നേര്‍ ചിത്രമായിരുന്നു.
പൊതുയോഗം, പ്രതിനിധി സമ്മേളനം, സാമൂഹിക സംഗമം എന്നീ മൂന്നു സെഷനായിട്ടായിരുന്നു ജില്ലാ സമ്മേളനം നടന്നത്. നേരത്തെ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലം സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചു.
ആദ്യ സെഷനായ പൊതുയോഗം സെക്രട്ടറി സന്തോഷ് കാവനാടിൻറെ സ്വാഗതത്തോടെ ആരംഭിച്ചു. പൊതുയോഗത്തിനു പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ 2022 -24 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ രാജ് കൃഷ്ണൻ 2022 -24 വർഷത്തെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അംഗങ്ങൾ നിർദ്ദേശിച്ച ഭേദഗതികളോടെ ഇരു റിപ്പോർട്ടുകളും പാസ്സാക്കി. പുതിയതായി സെൻട്രൽ കമ്മിറ്റിയിലേക്കും, ഡിസ്ട്രിക്ട് കമ്മിറ്റിയിലേക്കും, പ്രവാസി ശ്രീയിലേക്കും വന്ന അംഗങ്ങളുടെ പ്രഖ്യാപനം വൈ.പ്രസിഡന്റ് കിഷോർ കുമാർ, അസി. ട്രെഷറർ ബിനു കുണ്ടറ എന്നിവർ നടത്തി.
തുടർന്ന് നടന്ന പ്രധിനിധി സമ്മേളനത്തിനു വൈസ് പ്രസിഡന്‍റ് കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനോജ് മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. റിഫ, മനാമ, സൽമാനിയ, സൽമാബാദ്, സിത്ര, ഹിദ്ദ്, മുഹറഖ്, ഗുദൈബിയ, ഹമദ് ടൌൺ, ബുദൈയ എന്നീ 10 ഏരിയ സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മിറ്റി അംഗങ്ങളും , സെൻട്രൽ കമ്മിറ്റി അംഗങ്ങളും പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തു. സംഘടന വിവരണവും കെ.പി.എ ഭരണഘടനാ ചര്‍ച്ചയും പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ നേതൃത്വത്തില്‍ നടന്നു. സിസി നിര്‍ദേശിച്ച ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട ചര്‍ച്ചയും പാസ്സാക്കലും പ്രധിനിധി സമ്മേളനത്തില്‍ നടന്നു. ആദ്യ സെന്‍ട്രല്‍ കമ്മിറ്റിയില്‍ പുതിയ സെക്രട്ടറിയേറ്റ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തോടെ പ്രധിനിധി സമ്മേളനം അവസാനിച്ചു.
വൈകിട്ട് നടന്ന സാമൂഹിക സംഗമം ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തകൻ കെ.ടി സലിം ഉത്‌ഘാടനം ചെയ്തു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ കെ.ആർ നായർ, സുബൈർ കണ്ണൂർ, ഇ.വി രാജീവൻ, അനസ് റഹിം, ഗഫൂർ കൈപ്പമംഗലം, ബിനോജ് മാത്യു എന്നിവർ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.