ന്യൂയോർക്ക്: ജൂലൈ 10 മുതൽ 13 വരെ ലാൻകസ്റ്റർ പെൻസിൽവേനിയ വിൻധം റിസോർട്ടിൽ നടക്കുന്ന ഫാമിലി/യൂത്ത് കോൺഫറൻസ് പാഠ്യപദ്ധതി വിവിധ പ്രായക്കാരുടെ ആവശ്യങ്ങൾക്കും അഭിരുചിക്കും അനുസരിച്ചായിരിക്കും. സൺഡേ സ്കൂൾ കുട്ടികൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും ഫോക്കസ് അംഗങ്ങൾക്കും മുതിർന്നവർക്കും വേറിട്ട പാഠ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു പ്രോഗ്രാം കോർഡിനേറ്റർ മില്ലി ഫിലിപ് അറിയിച്ചു.
ഫാ. സുജിത് തോമസ് (സൺഡേ സ്കൂൾ), ഫാ. ഡെന്നിസ് മത്തായി (എം.ജി. ഒ. സി. എസ് . എം), ഫാ. അനൂപ് തോമസ് (ഫോക്കസ്), ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (മുതിർന്നവർ) തുടങ്ങിയവരാണ് പാഠ്യ പദ്ധതി തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്നത്. കൂടാതെ കോൺഫറൻസ് ദിനങ്ങളിൽ കൗൺസിലിംഗിന് അവസരം ഉണ്ടായിരിക്കും. വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ നിരവധി പ്രമുഖർ സംവേദനാത്മക സെഷനുകൾക്ക് നേതൃത്വം നൽകും. സഭാചരിത്രം (അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത & ഫാ. ഡോ. വർഗീസ് എം. ഡാനിയൽ), സമൂഹത്തിൽ നേതൃത്വത്തിൻ്റെ സ്വാധീനം (ഡോ. ജോയിസ് ജേക്കബ്), മരിച്ചവരുടെ പുനരുത്ഥാനവും വരാനിരിക്കുന്ന ലോകത്തിൻ്റെ ജീവിതവും (ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ), മാനസികാരോഗ്യം (ഡോ. ജോഷി ജോൺ), ഉത്കണ്ഠയും മാനസിക സമ്മർദ്ദവും (കൃപയ വർഗീസ്), മികച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി ഹൈസ്കൂൾ വിദ്യാർത്ഥികളെ തയ്യാറാക്കൽ (ഫാ. ഡോ. വർഗീസ് എം. ഡാനിയൽ), വിശ്വാസവും ധനവും (ഫാ. ജോയൽ മാത്യു), എസ്റ്റേറ്റ് പ്ലാനിംഗ് (ഷെറിൻ എബ്രഹാം), മതേതരത്വത്തിനും
ബഹുസ്വരതയ്ക്കും ഇടയിലുള്ള യാഥാസ്ഥിതികത (ഫാ. സെറാഫിം മജ്മുദാർ), എൽ. ജി.ബി.ടി.ക്യു + (ഫാ. ഡോ. എബി ജോർജ്ജ്), ക്രിസ്‌തീയ രക്ഷാകർതൃത്വവും (ഫാ. ജോയൽ മാത്യു), വൈവാഹിക ബന്ധം (ഫാ. അനൂപ് തോമസ്) തുടങ്ങിയ പ്രസക്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നതാണ്.
ബൈബിൾ, ഓർത്തഡോൿസ് വിശ്വാസാചരണം , സഭാചരിത്രം, ആനുകാലിക സാമൂഹ്യ പ്രശ്നങ്ങൾ/ സഭയുടെ നിലപാട് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. രജിസ്‌ട്രേഷൻ കൗണ്ടറിനടുത്തു വച്ചിട്ടുള്ള ബോക്സിൽ ചോദ്യങ്ങൾ മുൻകൂറായി എഴുതിയിടാനുള്ള അവസരവും ഉണ്ടായിരിക്കും.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.