പത്തനംതിട്ട: തിരുവല്ല നഗരസഭാ ഓഫീസിനുള്ളിൽ റീലുകൾ ചിതീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അവധി ദിവസമായ ഞായറാഴ്ച ഓവർടൈം ജോലിക്കിടെ റീൽ ചിത്രീകരിച്ചതിന് ജീവനക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍ ചിത്രീകരിച്ചത് എന്ന് ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എംബി രാജേഷ് അറിയിച്ചു.
ജീവനക്കാരുടെ എല്ലാ സർഗാത്മക-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാതെയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സർവീസ് ചട്ടങ്ങൾ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു.ജോലിക്ക് തടസം വരുന്ന രീതിയിൽ ആഘോഷപരിപാടികളൊന്നും ഓഫീസുകളിൽ സംഘടിപ്പിക്കരുതെന്ന് സർക്കാർ നേരത്തെ തന്നെ നിഷ്കർഷിച്ചിട്ടുള്ളതാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.