മലപ്പുറം: നിയമ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് അവകാശപ്പെടുമ്പോഴും നിരന്തരം പീഡനത്തിന് ഇരയാകുന്നവരും നീതി നിഷേധിക്കപ്പെടുന്നവരും നമ്മുടെ മുൻപിൽ ചോദ്യചിഹ്നമായി നിരവധിയുണ്ടെന്നും ഗവൺമെന്റും നിയമ സംവിധാനങ്ങളും ഈ വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി അഭിപ്രായപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ അഞ്ചുവർഷമായി നീതിക്കുവേണ്ടി പോരാടുന്നവരുടെ ശബ്ദമായി സംഘടന തെരുവിലുണ്ടെന്നും അവർക്കുവേണ്ടി ഇനിയും തെരുവിൽ തന്നെ ഉണ്ടാകും എന്നും അവർ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം സരസ്വതി വലപ്പാട്, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുഭദ്ര വണ്ടൂർ നന്ദിയും പറഞ്ഞു.