നൂറിലധികം ചൈനീസ് കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തി

വാഷിംഗ്ടണ്‍: അഞ്ച് വർഷത്തിനിടെ ആദ്യമായി ചാർട്ടർ ഫ്ലൈറ്റിൽ 116 ചൈനക്കാരെ ചൈനയിലേക്ക് തിരിച്ചയച്ചതായി യു എസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കുന്നതിനും തടയുന്നതിനും, വിപുലീകരിച്ച നിയമ നിര്‍മ്മാണത്തിലൂടെ അനധികൃത മനുഷ്യക്കടത്ത് തടയുന്നതിനും ചൈനയുമായി ചേർന്ന് തങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് ഹോം‌ലാന്റ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.

ഞങ്ങളുടെ ഇമിഗ്രേഷൻ നിയമങ്ങൾ ഞങ്ങൾ തുടർന്നും നടപ്പിലാക്കുകയും, നിയമപരമായ അടിത്തറയില്ലാത്ത വ്യക്തികളെ അമേരിക്കയിൽ തുടരാന്‍ അനുവദിക്കുകയില്ലെന്നും ഡിഎച്ച്എസ് സെക്രട്ടറി അലജാൻഡ്രോ മയോർക്കസ് പ്രസ്താവനയിൽ പറഞ്ഞു.

ചൈനീസ് കുടിയേറ്റവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ചർച്ചകൾക്കിടയിലാണ് വാരാന്ത്യത്തിൽ 116 ചൈനീസ് കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ചൈനയിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്ത് തുടരാൻ നിയമപരമായ അവകാശമില്ലാത്ത ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നതിൽ
അമേരിക്ക വെല്ലുവിളികൾ നേരിട്ടിരുന്നു. അവരുടെ മടങ്ങിവരവ് അംഗീകരിക്കാൻ ചൈന വിമുഖത കാണിച്ചതാണ് അതിന് കാരണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

യുഎസിലേക്കുള്ള ചൈനീസ് കുടിയേറ്റക്കാരുടെ ഒഴുക്കിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച റിപ്പബ്ലിക്കൻമാർക്കും മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ചൈനീസ് കുടിയേറ്റ വിഷയം ഒരു കേന്ദ്ര ബിന്ദുവാണ്.

ദാരിദ്ര്യത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും രക്ഷപ്പെടുക എന്നതാണ് തങ്ങളെ ചൈന വിടാന്‍ പ്രേരിപ്പിക്കുന്നതെന്ന് കുടിയേറ്റക്കാർ പ്രസ്താവിക്കുമ്പോൾ, ഏഷ്യൻ പൗരന്മാർക്കെതിരെയുള്ള വിവേചനം വര്‍ദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് ഏഷ്യൻ അവകാശ സംഘടനകൾ ആശങ്കാകുലരാണ്.

2023-ൽ 37,000-ത്തിലധികം ചൈനീസ് പൗരന്മാരെയാണ് ദക്ഷിണ അതിർത്തിയിൽ വച്ച് യുഎസ് അതിർത്തി അധികൃതർ പിടികൂടിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് പത്തിരട്ടി വർധനവാണ്.

“ദേശീയ അതിർത്തിയുടെ ശാന്തതയ്ക്ക് ഹാനികരമാകുന്ന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി നടപടിയെടുക്കുകയും എല്ലാത്തരം കള്ളക്കടത്ത് സംഘടനകൾക്കും കുറ്റവാളികൾക്കെതിരെയും ഉയർന്ന സമ്മർദം നിലനിർത്തുകയും ചെയ്യുന്നു” എന്ന് യുഎസിലെ ചൈനീസ് എംബസി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News