ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മതസൗഹാർദ്ദ സന്ദേശയാത്ര ആരംഭിക്കുന്നു. കേരളത്തിൽ നിന്നും ഡൽഹിവരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ യാത്രയിൽ, രാജ്യത്തെ 28 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും, മതസൗഹാർദ്ദത്തിന്റെയും, സഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനോടൊപ്പം, രാജ്യത്തിന്റെ ഐക്യത്തിനും, അഖണ്ഡതക്കും, മതസൗഹാർദ്ദത്തിനും വേണ്ടി സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആയിരക്കണക്കിന് പൊതുപ്രവർത്തകരെയും പ്രതിഭകളെയും യാത്രാമദ്ധ്യേ ആദരിക്കും.
ഒരു വർഷംകൊണ്ട് ഏഴു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന ‘മതസൗഹാർദ്ദ സന്ദേശയാത്രയുടെ’ ഒന്നാം ഘട്ടത്തിൽ, തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വരെയാണ് യാത്ര ചെയ്യുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന ഒന്നാംഘട്ട യാത്രയുടെ സമാപന സമ്മേളനം നവംബർ 14 ന്, രാജീവ് ജോസഫിന്റെ സ്വന്തം നാടായ കണ്ണൂർ ജില്ലയിലെ തിരൂരിൽ അരങ്ങേറും.
രണ്ടാംഘട്ട യാത്ര, ജനുവരിയിൽ മട്ടന്നൂരിൽ നിന്നാരംഭിച്ച്, കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ സമാപിക്കും. യാത്രയുടെ മൂന്നു മുതൽ എഴുവരെയുള്ള ഘട്ടങ്ങൾ പിന്നീട് പ്രഖ്യാപിക്കും. ഒരു വർഷംകൊണ്ട് 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും സന്ദർശിച്ച്, 2025 ഒക്ടോബർ രണ്ടിന് ഡെൽഹിയിലെ ഗാന്ധി സമാധിയായ രാജ്ഘട്ടിൽ യാത്ര അവസാനിക്കും. “മതസൗഹാർദ്ദ സന്ദേശ യാത്രയിൽ” പങ്കെടുക്കാൻ താത്പര്യമുള്ളവർ, 9315503394 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
മതസൗഹാർദ്ദത്തിന്റെയും ദേശീയോത്ഗ്രധനത്തിന്റെയും സന്ദേശങ്ങളുമായി, അന്താരാഷ്ട്ര യുവജന വർഷമായിരുന്ന 1985-ൽ, ഡെൽഹിയിലെ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാവാൻ, കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് രാജീവ് ജോസഫ് നടത്തിയ ‘ദേശീയ സൈക്കിൾ പര്യടനം’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനാറാമത്തെ വയസ്സിൽ രാജീവ് ജോസഫ് നടത്തിയ ഈ ‘ദേശീയ സൈക്കിൾ പര്യടനം’ മുതൽ ഇന്നുവരെയുള്ള കഴിഞ്ഞ 40 വർഷക്കാലത്തിനിടയിൽ, മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളുമായി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി പരിപാടികൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പിന്തുണയോടെ, മതസൗഹാർദ്ദ ത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി 1987 ഡിസംബർ 25 ന് രാജീവ് ജോസഫ് ആരംഭിച്ച ‘ലോക സൈക്കിൾ പര്യടനം’ ഡൽഹിയിൽ ഉത്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമ്മയായിരുന്നു. സമാധാന സന്ദേശവുമായി 1987-ൽ ‘ലോക സൈക്കിൾ പര്യടനത്തിന്’ പുറപ്പെട്ട രാജീവ് ജോസഫ് കേരളത്തിൽ തിരിച്ചെത്തിയത് മൂന്ന് വർഷങ്ങൾക്കുശേഷമാണ്. 1985-ൽ രാജീവ് ജോസഫ് തുടക്കം കുറിച്ച ‘ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്” എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ‘ലോക സൈക്കിൾ പര്യടനം’ സംഘടിപ്പിച്ചത്. ഈ സംഘടന ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
സമാധാന സന്ദേശ യാത്രകൾ മാത്രമല്ല, നിരവധി മതസൗഹാർദ്ദ സമ്മേളനങ്ങളും സത്യാഗ്രഹ സമരങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും രാജീവ് ജോസഫ് സംഘടിപ്പിച്ചിട്ടുണ്ട്. ‘ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്” എന്ന സംഘടനയുടെ നേതൃത്വത്തിൽ, ഗൾഫ് യുദ്ധത്തിനെതിരെ 1990-ൽ ഡെൽഹിയിലെ ഇന്ത്യാ ഗേറ്റിൽ രാജീവ് ജോസഫ് നടത്തിയ 12 ദിവസത്തെ നിരാഹാര സത്യാഗ്രഹം, ഗൾഫ് യുദ്ധത്തിനെതിരെ ലോകത്ത് നടന്ന ഏക നിരാഹാര സത്യാഗ്രഹമായിരുന്നു.
2022-ൽ റഷ്യാ -ഉക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഈ യുദ്ധത്തിനെതിരെ ഇന്ത്യയിൽ ഏറ്റവും ആദ്യം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് രാജീവ് ജോസഫായിരുന്നു. കേന്ദ്ര സർക്കാരിന്റെ സകല വിലക്കുകളേയും അവഗണിച്ചുകൊണ്ട്, ഇസ്രേയേൽ – പാലസ്തീൻ യുദ്ധത്തിനെതിരെ 2023 നവംബർ നാലിന് ഡെൽഹിയിൽ രാജീവ് ജോസഫ് സംഘടിപ്പിച്ച ‘പീസ് മാർച്ചും സത്യാഗ്രഹവും’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2008 ലെ ക്രിസ്തുമസ് ദിനത്തിൽ സംഘപരിവാർ ഒറീസ്സയിൽ പ്രഖ്യാപിച്ച ‘ബന്ദ്’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ 2008 ഡിസംബർ പത്തിന് ഡെൽഹിയിലെ ജന്തർമന്തറിൽ രാജീവ് ജോസഫ് നടത്തിയ പതിനൊന്ന് ദിവസത്തെ നിരാഹാര സത്യാഗ്രഹം അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു. സത്യാഗ്രഹപ്പന്തലിൽ നിന്നും കൊടും പട്ടിണിയിൽ പതിനൊന്നു ദിവസം തുടർച്ചയായി സംഘപരിവാർ നേതൃത്വത്തിന് രാജീവ് ജോസഫ് അയച്ച കത്തുകൾ, വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദൾ നേതാക്കളുടേയും മനസ്സുകളെ കീഴടക്കി. സത്യാഗ്രഹത്തിന്റെ പതിനൊന്നാം ദിവസം, ബജ്രംഗ് ദൾ പ്രഖ്യാപിച്ച ‘ബന്ദ്’ അവർ പിൻവലിക്കുകയായിരുന്നു. ക്രിസ്തുമസ് ദിനത്തിൽ ഒറീസ്സയിൽ ‘ബന്ദ്’ നടന്നിരുന്നെങ്കിൽ, അവിടെ കൂട്ടക്കൊലകൾ നടക്കുമായിരുന്നു. വൻ വിജയമായി മാറിയ രാജീവ് ജോസഫിന്റെ അന്നത്തെ നിരാഹാര സത്യാഗ്രഹം മാധ്യമങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ, ഈ സംഭവം ലോകം അറിഞ്ഞില്ല.
2010 മുതൽ 2013 വരെ, നാല് വർഷം തുടർച്ചയായി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 ന്, മത സൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റേയും സന്ദേശവുമായി, രാജീവ് ഗാന്ധിയുടെ സമാധിയായ’ വീർ ഭൂമിയിൽ നിന്നും’ ഡെൽഹിയിലെ വിവിധ ഭാഗങ്ങളിലേക്ക് രാജീവ് ജോസഫ് സംഘടിപ്പിച്ച ‘രാജീവ് ജ്യോതി ദീപശിഖാ പ്രയാണത്തിൽ’, അന്നത്തെ ഡെൽഹി മുഖ്യമന്ത്രി ക്ഷീലാ ദീക്ഷിത് അടക്കം ഡെൽഹിയിലെ ബഹുഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു.
ലോകമെമ്പാടുമുള്ള പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2014 ജനുവരി ആറുമുതൽ പതിനേഴുവരെ ഡെൽഹിയിൽ രാജീവ് ജോസഫ് നടത്തിയ പതിനൊന്ന് ദിവസത്തെ നിരാഹാര സത്യാഗ്രഹമാണ് പ്രവാസികളുടെ വോട്ടവകാശ വിഷയം സുപ്രീം കോടതിയിൽ എത്തുവാൻ കാരണമായത്. പ്രവാസികളുടെ വോട്ടവകാശ വിഷയത്തിൽ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ 2004 മുതൽ 2014 വരെയുള്ള പത്തുവർഷത്തോളം രാജീവ് ജോസഫ് നടത്തിയ സമര പോരാട്ടങ്ങളും, ലോകമെമ്പാടും അദ്ദേഹം നടത്തിയ ക്യാമ്പയിനുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2021-2022 കാലയളവിൽ, ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്തുവെച്ച്, ലോകമെമ്പാടുമുള്ള മൂവായിരത്തിലധികം കോവിഡ് വാരിയേഴ്സ് ആയ ഡോക്ടർമാർക്കും നേഴ്സുമാർക്കും ‘രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്’ നൽകി ആദരിച്ചത്, രാജീവ് ജോസഫിന്റെ സമാധാന ദൗത്യങ്ങളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട മറ്റൊരു അദ്ധ്യായമായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാരിയേഴ്സിനെ ആദരിച്ചത്, ഡെൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് മാസങ്ങളോളം രാജീവ് ജോസഫ് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങുകളിലായിരുന്നു. കൂടാതെ 2023-ൽ ആയിരത്തിലധികം സാമൂഹ്യ പ്രവർത്തകർക്ക് കോൺഗ്രസ് ആസ്ഥാനത്തുവച്ചുതന്നെ ‘ഇന്ത്യൻ പീസ് & ഹാർമണി അവാർഡ്’ നൽകി ആദരിക്കുവാൻ രാജീവ് ജോസഫ് നടത്തിയ പ്രവർത്തനങ്ങൾ ഡെൽഹിയിൽ ഏറേ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരുപക്ഷെ, ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഭകൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചത് രാജീവ് ജോസഫായിരിക്കും.
വിശുദ്ധ മദർ തെരേസയുടെ അനുഗ്രഹാശംസകളോടെ 1996-ൽ രാജീവ് ജോസഫ് ആരംഭിച്ച ‘ഇന്റർനാഷണൽ പബ്ലിക് ലൈബ്രറി’, മതസൗഹാർദ്ദത്തിന്റെയും ലോക സമാധാനത്തിന്റെയും സന്ദേശങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. ഇന്ത്യൻ സൊസൈറ്റി രെജിസ്ട്രേഷൻ ആക്ട് അനുസരിച്ച് ഡെൽഹിയിൽ രെജിസ്റ്റർ ചെയ്തിരുന്ന ഈ ലൈബ്രറി പ്രസ്ഥാനം, ഫൈവ് സ്റ്റാർ ലൈബ്രറി എന്ന പേരിൽ 1998 മുതൽ 2002 വരെ ഷാർജയിലും പ്രവർത്തിച്ചിരുന്നു. ഇതേ പ്രസ്ഥാനം, “രാജിവ്സ് വേൾഡ്’ എന്ന പേരിൽ 2008-ൽ വയനാട്ടിൽ ആരംഭിച്ചപ്പോൾ, ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം നൽകി ഉത്ഘാടനം ചെയ്തത് ശ്രീമതി സോണിയാ ഗാന്ധിയായിരുന്നു. വയനാട്ടിലെ ലൈബ്രറി പ്രസ്ഥാനം വിജയിക്കാതെ വന്നപ്പോൾ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ 2009 മുതൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചുവരുന്ന പബ്ലിക് ലൈബ്രറികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു തുടങ്ങി. മതസൗഹാർദ്ദത്തിന്റേയും സമാധാനത്തിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ, ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പബ്ലിക് ലൈബ്രറികൾക്ക് ഇപ്പോഴും വിതരണം ചെയ്തുവരുന്നു.
രാജ്യം മുഴുവൻ മതസൗഹാർദ്ദ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ വേണ്ടി, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഐ.എൻ.എക്ക് പുതുജീവൻ നൽകി, 2015 ഒക്ടോബർ മൂന്നിന് രാജീവ് ജോസഫ് തുടക്കം കുറിച്ച INA-3 യുടെ പത്തു വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ്, രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന “മതസൗഹാർദ്ദ സന്ദേശയാത്ര”, ഒക്ടോബർ രണ്ടാം തീയതി തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്നത്. 1943 -ൽ രണ്ടാം ഐ.എൻ.എയുടെ നേതൃത്വം സുഭാഷ് ചന്ദ്രബോസ് ഏറ്റെടുത്തത് സിംഗപ്പൂരിലെ പ്രസിദ്ധമായ ‘കാത്തെ ബിൽഡിങ്ങിൽ’ വെച്ചായിരുന്നു. സിംഗപ്പൂരിലെ അതേ ‘കാത്തെ ബിൽഡിങ്ങിന്റെ” തൊട്ടുമുന്നിലുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ്, രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ 2015 ഒക്ടോബർ മൂന്നിന് INA-3 ഉത്ഘാടനം ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ പൗത്രി ശ്രീമതി കൃഷ്ണാ ബോസും അവരുടെ മകൻ ഡോ. സുഗതാ ബോസും കൂടിയാണ്, സുഭാഷ് ചന്ദ്ര ബോസിന്റെ 118-ാം ജന്മദിനമായ 2015 ജനുവരി 23 ന്, സുഭാഷ് ചന്ദ്ര ബോസിന്റെ കൽക്കട്ടയിലെ വസതിയിൽ വെച്ച് INA-3 യുടെ ‘ലോഗോ’ പ്രകാശനം ചെയ്തത്. ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ നടത്തുന്ന “പീസ് മൂവ് മെന്റ്” ആയിട്ടാണ് INA-3 വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നത്. മതസൗഹാർദ്ദ പ്രവർത്തനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന INA-3 ൽ അംഗമാകുവാൻ താത്പര്യമുള്ളവർ, 9315503394 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
മതസൗഹാർദ്ദത്തിന്റെയും സമാധാനത്തിന്റേയും സന്ദേശങ്ങളുമായി ഒരു പുരുഷായുസ്സ് മുഴുവൻ പ്രവർത്തിച്ച രാജീവ് ജോസഫിന്റെ ജീവചരിത്രം പരിശോധിച്ചാൽ, രണ്ടോ മൂന്നോ സിനിമകൾ നിർമ്മിക്കാനുള്ള ചരിത്രമുണ്ടെന്നതാണ് യാഥാർഥ്യം.
കണ്ണൂർ ജില്ലയിൽ തിരൂർ സ്വദേശിയായ രാജീവ് ജോസഫ്, 39 വർഷമായി കുടുബസമേതം ഡൽഹിയിലാണ് താമസിക്കുന്നതതെങ്കിലും, കുറേക്കാലമായി നാട്ടിൽത്തന്നെയാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. രാജ്യം മുഴുവൻ “മതസൗഹാർദ്ദ സന്ദേശയാത്രകൾ” രാജീവ് ജോസഫ് സംഘടിപ്പിക്കുന്നത്, കണ്ണൂർ ജില്ലയിലെ തിരൂർ എന്ന കൊച്ചു ഗ്രാമത്തിൽ നിന്നുമാണെന്ന യാഥാർഥ്യം ഏറെ കൗതുകവും അത്ഭുതവും ഉളവാക്കുന്നു.
ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘ഡി.പി.സി.സി സൗത്ത് ഇന്ത്യൻ സെല്ലിന്റെ’ സംസ്ഥാന ചെയർമാനായി കോൺഗ്രസ് രാഷ്ട്രീയ രംഗത്തും രാജീവ് ജോസഫ് സജീവമായി പ്രവർത്തിക്കുന്നുണ്ട്. മതസൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടി കഴിഞ്ഞ 40 വർഷക്കാലം രാജീവ് ജോസഫ് നടത്തിയ പ്രവർത്തനങ്ങളുടെ അംഗീകാരമായി, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും, ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും ഒത്തുചേർന്ന്, ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്തുവെച്ച് കഴിഞ്ഞ വർഷം അദ്ദേഹത്തിന് ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു. കൂടാതെ, ഇരുപതിലധികം സംസ്ഥാന -ദേശീയ -അന്തർദ്ദേശീയ പുരസ്കാരങ്ങളും രാജീവ് ജോസഫിന് ലഭിച്ചിട്ടുണ്ട്.