ലണ്ടന്‍: ഇത്തവണ യുകെ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ 26 എംപിമാർ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൺസർവേറ്റീവ് പാർട്ടി (ടോറി) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരിക്കാം, പക്ഷേ അതിൻ്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജയായ ശിവാനി രാജയെ കുറിച്ചാണ് ഇപ്പോള്‍ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. ഇത്തവണ ലെസ്റ്റർ ഈസ്റ്റ് സീറ്റിൽ നിന്നാണ് ശിവാനി വിജയിച്ചത്. മുൻ ലണ്ടൻ ഡെപ്യൂട്ടി മേയർ രാജേഷ് അഗർവാളിനെയാണ് ശിവാനി പരാജയപ്പെടുത്തിയത്. 37 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ടോറി നേതാവ് ഈ സീറ്റ് നേടുന്നതെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ലെസ്റ്റർ ഈസ്റ്റിൻ്റെ സീറ്റിൽ ലേബർ പാർട്ടിക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. 37 വർഷത്തിന് ശേഷം ആദ്യമായാണ് ഈ സീറ്റ് ടോറികൾ പിടിച്ചെടുത്തത്. ലെസ്റ്റർ ഈസ്റ്റിൽ 14526 വോട്ടുകളാണ് ശിവാനി രാജയ്ക്ക് ലഭിച്ചത്. രാജേഷ് അഗർവാളിനെതിരെ നാലായിരത്തിലധികം വോട്ടുകൾക്കാണ് അവര്‍ വിജയിച്ചത്. ഗുജറാത്തി വംശജയാണ് ശിവാനി രാജ. അവരുടെ കുടുംബാംഗങ്ങൾ ദിയുവിലാണ് താമസിച്ചിരുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ, ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുമായി ശിവാനി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു, അത് അവർക്ക് ഗുണം ചെയ്യുകയും ചെയ്തു.
അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവകഥ കേൾക്കാൻ എത്തിയിരുന്ന ശിവാനി, അവിടെ ഗർബയും അവതരിപ്പിച്ചു. ഇന്ത്യയിൽ താമസിക്കുന്ന ബ്രിട്ടീഷ് വോട്ടർമാരെയും അവര്‍ സ്വാധീനിക്കുകയും ഓൺലൈനിൽ വോട്ടു ചെയ്യാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. ദിയുവിലും ഗുജറാത്തിലും താമസിക്കുന്ന ബ്രിട്ടീഷ് ജനതയുമായി ശിവാനി രാജ നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു.
70കളിലാണ് ശിവാനിയുടെ മാതാപിതാക്കൾ കെനിയയിൽ നിന്ന് ലെസ്റ്ററിലെത്തിയത്. ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ ഫാർമസ്യൂട്ടിക്കൽ ആൻഡ് കോസ്മെറ്റിക് സയൻസിൽ ബിരുദം നേടി. അതിന് ശേഷം നിരവധി കോസ്മെറ്റിക് ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 412 സീറ്റുകൾ ലഭിച്ചപ്പോൾ ടോറികൾക്ക് 121 സീറ്റുകൾ മാത്രമായി ഒതുങ്ങി. ഇതിന് പിന്നാലെ ടോറി മേധാവി സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഋഷി സുനക് രാജിവച്ചു.
2022ലെ ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യക്കാരും പാക്കിസ്താനികളും തമ്മിൽ ഏറ്റുമുട്ടിയ അതേ നഗരമാണ് ലെസ്റ്റർ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കെയർ സ്റ്റാർമറും ഇന്ത്യക്കാരെയും ഹിന്ദുക്കളെയും ആകർഷിക്കാൻ ശ്രമിച്ചിരുന്നു. സർക്കാർ രൂപീകരിച്ചതിന് ശേഷം ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറും ഉൾപ്പെടുന്ന തന്ത്രപരമായ ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
From Leicester, For Leicester
It’s an honour to be selected to serve my home city, the hard work starts now.#FromLeicesterForLeicester pic.twitter.com/n0YS67HtaE
— Shivani Raja (@ShivaniRaja_LE) May 29, 2024