റുപൈറ്റ്, ബൾഗേറിയ: ഈ ആഴ്‌ച ഒരു പുരാതന റോമൻ അഴുക്കുചാലിൽ കുഴിക്കുന്നതിനിടെ ബൾഗേറിയൻ പുരാവസ്തു ഗവേഷകർ അപ്രതീക്ഷിതമായ ഒരു നിധി കണ്ടെത്തി – ഗ്രീക്ക് ദേവനായ ഹെർമിസിന്റെ, നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു മാർബിൾ പ്രതിമയാണ് അവര്‍ കണ്ടെത്തിയത്.
ഗ്രീക്ക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന തെക്കുപടിഞ്ഞാറൻ ബൾഗേറിയയിലെ പുരാതന നഗരമായ ഹെരാക്ലിയ സിൻ്റിക്കയുടെ സ്ഥലത്ത് ഖനനം നടത്തുന്നതിനിടെയാണ് 6.8 അടി (2 മീറ്റർ) ഉയരമുള്ള പ്രതിമ കണ്ടെത്തിയത്.
ഏകദേശം AD 388-ൽ ഒരു ഭൂകമ്പം നഗരത്തെ നശിപ്പിച്ചതിനുശേഷം, പ്രതിമ അഴുക്കുചാലിൽ അകപ്പെടുകയും, കല്ലും മണ്ണും കൊണ്ട് മൂടുകയും ചെയ്തതാണെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു.
“അതിൻ്റെ തല വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്നു. കൈകളിൽ കുറച്ച് ഒടിവുകൾ ഉണ്ട്,” പുരാവസ്തു ഗവേഷക സംഘത്തെ നയിച്ച ല്യൂഡ്മിൽ വഗലിൻസ്കി പറഞ്ഞു. ഈ പ്രതിമ പുരാതന ഗ്രീക്ക് ഒറിജിനലിൻ്റെ റോമൻ പകർപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
356 BC ക്കും 339 BC ക്കും ഇടയിൽ, ഇന്നത്തെ പിരിൻ മാസിഡോണിയയിലെ ബൾഗേറിയൻ പ്രദേശമായ മാസിഡോണിയയിലെ പുരാതന മാസിഡോണിയൻ രാജാവായ ഫിലിപ്പ് രണ്ടാമൻ സ്ഥാപിച്ച ഒരു വിശാലമായ നഗരമായിരുന്നു ഹെരാക്ലിയ സിൻ്റിക്ക.
റോമൻ സാമ്രാജ്യത്തിൽ ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ചതിനുശേഷവും ഹെരാക്ലിയ സിൻ്റിക്കയിലെ ആളുകൾ പ്രതിമ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.
“വിജാതീയമായ എല്ലാം നിഷിദ്ധമായിരുന്നു, അവർ പുതിയ പ്രത്യയശാസ്ത്രത്തിൽ ചേർന്നു, പക്ഷേ പ്രത്യക്ഷത്തിൽ അവർ അവരുടെ പഴയ ദേവതകളെ പരിപാലിച്ചു,” അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തെത്തുടർന്ന്, ഹെരാക്ലിയ സിൻ്റിക്ക മുഴുവന്‍ തകരുകയും, ഏകദേശം AD 500 ഓടെ ഉപേക്ഷിക്കുകയും ചെയ്തു.