നേറ്റോയും സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അമേരിക്ക പ്രോത്സാഹിപ്പിക്കുന്നു: വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: നേറ്റോ സഖ്യത്തിനും ലോകമെമ്പാടുമുള്ള സൗഹൃദ രാജ്യങ്ങൾക്കുമിടയിൽ, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിലുള്ളവരുമായുള്ള പങ്കാളിത്തം തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് നേറ്റോ ഉച്ചകോടിയിൽ വൈറ്റ് ഹൗസ് പറഞ്ഞു.

ആദ്യ നേറ്റോ ഉച്ചകോടിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രപരമായ ഉച്ചകോടിക്കായി 38 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ വാഷിംഗ്ടണിൽ ഒത്തുകൂടി. ഇതിൽ എല്ലാ നേറ്റോ സഖ്യകക്ഷികളും ഉക്രെയ്ൻ, ജപ്പാൻ, ന്യൂസിലാൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവയുൾപ്പെടെ നേറ്റോ പങ്കാളികളുടെ നേതാക്കളും ഉൾപ്പെടുന്നു.

നേറ്റോ സഖ്യത്തിനും ലോകമെമ്പാടുമുള്ള സൗഹൃദ രാജ്യങ്ങൾക്കുമിടയിൽ, പ്രത്യേകിച്ച് ഇന്തോ-പസഫിക് മേഖലയിൽ, വലിയ പങ്കാളിത്തവും പ്രസിഡൻ്റ് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു. നാമെല്ലാവരും നേരിടുന്ന ആഗോള ഭീഷണികളും വെല്ലുവിളികളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രസിഡന്റിന് അറിയാം. പരസ്‌പര പ്രതിരോധത്തിൽ കാര്യമായ നിക്ഷേപം നടത്താൻ നമ്മുടെ നേറ്റോ സഖ്യകക്ഷികളെ പ്രസിഡൻ്റ് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൈഡൻ-ഹാരിസ് ഭരണകൂടം അധികാരമേറ്റപ്പോൾ ഒമ്പത് നേറ്റോ സഖ്യകക്ഷികൾ മാത്രമാണ് തങ്ങളുടെ ജിഡിപിയുടെ രണ്ട് ശതമാനമെങ്കിലും പ്രതിരോധത്തിനായി ചിലവഴിച്ചിരുന്നത്. 75 വർഷമായി, നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നേറ്റോ) അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിലും ലോകത്തെ അപകടകര വിമുക്തമാക്കി മാറ്റുന്നതിലും നിർണായക പങ്ക് വഹിച്ചുവെന്ന് കിർബി പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സഖ്യമാണ് നേറ്റോയെന്നും, കഴിഞ്ഞ മൂന്ന് വർഷമായി പ്രസിഡൻ്റ് ജോ ബൈഡൻ്റെ നേതൃത്വം കാരണം, അത് മുമ്പെന്നത്തേക്കാളും വലുതും ശക്തവും മികച്ച വിഭവശേഷിയും ഐക്യവുമായിത്തീര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

“സ്വീഡൻ, ഫിൻലാൻഡ് എന്നീ രണ്ട് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് സഖ്യം വിപുലീകരിക്കാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു,” വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ആഴ്ച സ്വീഡനെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. “റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തോട് പ്രതികരിക്കാനും 2021 ലും 2022 ലും ആ രാജ്യത്തിന് അനിവാര്യമായ പിന്തുണ നൽകാനും ഒരു ആഗോള സഖ്യം കെട്ടിപ്പടുക്കാൻ അവർ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചു,” കിര്‍ബി കൂട്ടിച്ചേര്‍ത്തു.

“ഇന്ന്, 23 നേറ്റോ സഖ്യകക്ഷികൾ പ്രതിരോധ ചെലവിനുള്ള ജിഡിപിയുടെ ഏറ്റവും കുറഞ്ഞ രണ്ട് ശതമാനത്തിലോ അതിനു മുകളിലോ ആണ്, 2020 ലെ നിലയുടെ ഇരട്ടിയിലധികം. ദശാബ്ദം മുമ്പ് സഖ്യകക്ഷികൾ ആദ്യമായി 2 ശതമാനം മാനദണ്ഡം സ്ഥാപിച്ചതിനേക്കാൾ ഏതാണ്ട് എട്ട് മടങ്ങ് കൂടുതലാണിത്,” അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച മെലോൺ ഓഡിറ്റോറിയത്തിൽ നേറ്റോ നേതാക്കളെയും പ്രഥമ വനിതയെയും ബൈഡൻ സ്വാഗതം ചെയ്യുകയും 75-ാം വാർഷിക അനുസ്മരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്യും.

1949-ൽ നേറ്റോ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവെച്ച സ്ഥലമാണിത്. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ബുധനാഴ്ച പ്രസിഡൻ്റ് വൈറ്റ് ഹൗസിൽ തൻ്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൺവൻഷൻ സെൻ്ററിൽ സഖ്യത്തിലെ 32 അംഗങ്ങളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തും.

Print Friendly, PDF & Email

Leave a Comment

More News