“സര്‍വ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍
സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍” …… ഇത് കവിവചനം.
തൊഴിലാളികളെക്കാള്‍ ഏറെ മുതലാളിമാരാണെങ്കിലും അമേരിക്കയില്‍ ഇന്നു മലയാളി സംഘടനകളുടെ പെരുമഴക്കാലം.
അമേരിക്കന്‍ മലയാളി സംഘടനകളുടെ ആരംഭം ക്രിസ്ത്യന്‍ ആരാധനാ ഗ്രൂപ്പുകളില്‍ നിന്നുമാണ് ഉണ്ടായതെന്ന് അനുമാനിക്കാം. ‘രണ്ടോ മൂന്നോ പേരു മാത്രം എന്‍റെ നാമത്തില്‍ കൂടിയാലും അവരുടെ മധ്യേ ഞാനുണ്ട്’ എന്ന ദൈവവചനം അനുസരിച്ചായിരുന്നു അന്നത്തെ കൂടിവരവ്.
കാലം കഴിഞ്ഞതോടു കൂടി വിശ്വാസികളുടെ എണ്ണം കൂടി. ഉള്ളില്‍ കുടിയിരുന്ന വിഭാഗീയത പതിയെ തലപൊക്കി. കത്തോലിക്കരും യാക്കോബക്കാരും ഓര്‍ത്തഡോക്സുകാരും മാര്‍ത്തോമ്മാക്കാരും പെന്തെക്കോസ്തുകാരുമെല്ലാം ക്രിസ്തുവിനെ കീറിമുറിച്ച് അവരവരുടെ പള്ളികളില്‍ കൊണ്ടുചെന്നു പ്രതിഷ്ഠിച്ചു. ഇന്ന് എത്രയെത്ര സഭാ വിഭാഗങ്ങള്‍? എത്രയെത്ര ആരാധനാലയങ്ങള്‍?
അതിനു പിന്നാലെ ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കുവാനുള്ള വേദിയായി ഓരോ മുക്കിലും മൂലയിലും പുതിയ സാംസ്കാരിക സംഘടനകള്‍ രൂപംകൊണ്ടു. ആദ്യകാലങ്ങളില്‍ വെറും കേരള സമാജം, മലയാളി അസോസിയേഷന്‍ എന്നീ രണ്ടു പേരുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. പില്‍ക്കാലത്ത് ഭാവനാസമ്പന്നരുടെ ഭാവനയില്‍ വിരിഞ്ഞ പുതുമയുള്ള പല പേരുകള്‍ രംഗത്തുവന്നു. കല, മാപ്പ്, കോപ്പ്, പമ്പ, തൂമ്പാ, ലിംകാ, ഓര്‍മ്മ, മറവി, ഒരുമ, ഉമ്മ, തങ്ക, മങ്ക, മാം, ഡാഡ്, മീനാ, നൈനാ, പിയാനോ, കാഞ്ച്, മഞ്ച്, കൊഞ്ച്… അങ്ങനെ എന്തെല്ലാം വെറൈറ്റികള്‍!
സംഘടനകളുടെ എണ്ണം പെരുകിയപ്പോള്‍, സംഘടനകളുടെ സംഘടനയായ ഫൊക്കാന എന്ന അംബ്രലാ ഓര്‍ഗനൈസേഷന്‍ രൂപം കൊണ്ടു. നേതാക്കന്മാരുടെ എണ്ണം പെരുകിയപ്പോള്‍, അവര്‍ക്കെല്ലാം കൂടി ഒരു കുടക്കീഴില്‍ നനയാതെ നില്‍ക്കുവാന്‍ നിവൃത്തിയില്ലാതായി. അങ്ങനെ ഫോമാ എന്ന പേരില്‍ മറ്റൊരു കുടക്കമ്പനി കൂടി തുടങ്ങി. തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പെപ്സി കോളയും കൊക്കോ കോളയും പോല്‍! പോപ്പി കുടയും ജോണ്‍സണ്‍ കുടയും പോല്‍! ഒരേ ആശയം, ഒരേ ലക്ഷ്യം. അമേരിക്കന്‍ മലയാളികള്‍ക്ക് ഈ രണ്ട് സംഘടനകള്‍ കൊണ്ടും നാളിതുവരെ യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. അമേരിക്കന്‍ മലയാളികളുടെ ഭാരം മുഴുവന്‍ തങ്ങളുടെ തലയിലാണെന്ന ഭാവത്തില്‍ ഭാരവാഹികള്‍ മലബന്ധം പിടിച്ചു വെച്ചതുപോലെ ബലം പിടിച്ചവര്‍ നടക്കുന്നു. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍!
ഇതിനിടെ സ്വയം പ്രഖ്യാപിത സാഹിത്യകാരന്മാരെല്ലാവരും കൂടി അവരുടേതായ കൂടിച്ചേരലിനു വേണ്ടി ഒരു അസോസിയേഷന്‍ ഉണ്ടാക്കി/ സാഹിത്യത്തിലെ നൂതന പ്രവണതകളെക്കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി. അമേരിക്കയില്‍ രണ്ടക്ഷരം എഴുതുന്നവരെയെല്ലാം പടിക്കു പുറത്തുനിര്‍ത്തി, നാട്ടില്‍ നിന്നുള്ള സാഹിത്യകാരന്മാരെ ക്ഷണിച്ചുവരുത്തി, അവര്‍ പറയുന്നതെല്ലാം വേദവാക്യമായി ശിരസ്സാ വഹിച്ചുകൊണ്ടു നടക്കുന്നു. അമേരിക്കന്‍ മലയാളി എങ്ങനെ എഴുതണമെന്നുള്ള ഒരു ‘ഗൈഡ് ലൈന്‍’ നല്കിയിട്ടാണ് ഈ പുംഗവന്മാര്‍ തിരികെ പോകുന്നത്. പലതവണ വായിച്ചാലും ആര്‍ക്കും ഒന്നും മനസ്സിലാകാത്ത വാക്കുകള്‍ കൂട്ടി ച്ചേര്‍ത്ത് ‘കവിത’എന്ന പേരില്‍ പലരും പടച്ചുവിടുന്നു.
ഈ സംഘടനകളുടെയെല്ലാം നേതാക്കന്മാരെയും സാഹിത്യകാരന്മാരെയും എല്ലാം അറിയണമെങ്കില്‍ വാര്‍ത്താ മാധ്യമങ്ങള്‍ വേണ്ടേ? പത്രത്തില്‍ പടവും വാര്‍ത്തയും അടിച്ചുവരണം. അതിനുമുണ്ടായി പരിഹാരം. ‘പ്രസ്ക്ലബ്’ എന്നൊരു പുതിയ ആശയം. തുടക്കത്തില്‍ ഒരു പ്രസ്ക്ലബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയിലെ മിക്കവാറും എല്ലാ സ്റ്റേറ്റുകളിലും പ്രസ്ക്ലബുകള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം കൂടി വീതിച്ചു നല്‍കുവാന്‍ പറ്റിയ വാര്‍ത്താബാഹുല്യം ഒന്നും ഇവിടില്ല. ഒരു സംഭവത്തെക്കുറിച്ച് രണ്ട് വരി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിവില്ലാത്തവരാണ് ഇത്തരം പ്രസ് ക്ലബുകളുടെ തലപ്പത്ത് എന്നുള്ളത് രസാവഹമാണ്.
“വായനക്കാരേക്കാള്‍ ഏറെ സാഹിത്യകാരന്മാരും വാര്‍ത്തകളേക്കാളേറെ പത്രപ്രവര്‍ത്തകരുമുള്ള മലയാളി സമൂഹം അത് അമേരിക്കന്‍ മലയാളികള്‍ക്കു മാത്രം അവകാശപ്പെടാവുന്ന ഒരു വിശേഷണമാണ്.
ഈ സാംസ്കാരിക, സാമുദായിക സംഘടനകള്‍ക്കെല്ലാം ദേശീയ കണ്‍വന്‍ഷനുകളുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അമേരിക്കന്‍ മലയാളികളുടെ കണ്‍വന്‍ഷന്‍ പ്രളയകാലമാണ്. മലയാളികള്‍ കൂട്ടം കൂട്ടമായി ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക്ക് പറന്നുപോയി ആത്മനിര്‍വൃതിയടഞ്ഞു മയങ്ങുന്ന കാഴ്ച. നമ്മുടെ മഹത്തായ സംസ്കാരം വരും തലമുറകള്‍ക്ക് പകരന്‍ന്നു കൊടുക്കാനുള്ള മഹത്തായ ഒരു ഉദ്യമം (നമ്മുടെ കുട്ടികള്‍ മലയാളം വാര്‍ത്താ ചാനലുകള്‍ കാണാത്തത് ഭാഗ്യം).
കണ്‍വന്‍ഷനില്‍ ഏറ്റവുമധികം ആനന്ദനിര്‍വൃതി അനുഭവിക്കുന്നത് തൈക്കിളവികളാണ്. അനേക നാളത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി സമ്പാദിച്ചു കൂട്ടിയ വില കൂടിയ സാരികളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ അവസരം. പ്രായാധിക്യം മറയ്ക്കുവാന്‍ തലമുടി കറുപ്പിച്ചും ചുണ്ടു ചുവപ്പിച്ചും നടന്നു നീങ്ങുന്ന ആ തക്കിടമുണ്ടം താറാവുകളെ കാണുമ്പോള്‍ എന്നെപ്പോലെയുള്ള തൈക്കിളവന്മാര്‍ക്ക് കണ്ണിനൊരു കുളിര്‍മ്മയാണ്.
“എന്‍റെ തങ്കമ്മേ! ഒരു മുപ്പതു കൊല്ലം മുമ്പു നിന്നെ കണ്ടിരുന്നെങ്കില്‍ കൊത്തിക്കൊണ്ടു ഞാനങ്ങു പറന്നേനെ” എന്നു മനസ്സില്‍ മന്ത്രിക്കും.
തൈക്കിളവന്മാര്‍ക്കും കണ്‍വന്‍ഷന്‍ ആസ്വദിക്കണമെന്നുള്ള ആഗ്രഹമുണ്ട്. പക്ഷേ,പണ്ടത്തെ കപ്പാസിറ്റി ഇല്ലാത്തതു കൊണ്ട് രണ്ട് ‘സ്മോള്‍’ അടിച്ചു കഴിയുമ്പോഴേക്കും ആളു ഫ്യൂസായി ഏതെങ്കിലും മുറിയില്‍ കിടന്ന് ഉറങ്ങിക്കൊള്ളും. തന്നെ ദൈവം സൃഷ്ടിച്ച് ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കള്ളു കുടിക്കുവാന്‍ വേണ്ടി മാത്രമാണെന്നാണ് പലരുടെയും ധാരണ. ആ ദൗത്യം അവര്‍ ആത്മാര്‍ത്ഥതയോടുകൂടി നടപ്പാക്കുന്നു. ലിവറില്ലാതെയും ജീവിക്കാമെന്നുള്ളതിന്‍റെ ഏറ്റവും വലിയ തെളിവാണ് അമേരിക്കന്‍ മലയാളി മദ്യപാനികള്‍!
ദോഷം പറയരുതല്ലോ! വല്ലപ്പോഴുമൊരിക്കല്‍ ഇങ്ങനെ ഒരുമിച്ചൊന്നു കൂടുന്നത് സന്തോഷമുള്ള കാര്യമാണ്. പഴയ ബന്ധങ്ങള്‍ പുതുക്കുവാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുവാനും! അതുകൊണ്ട് പ്രിയ അമേരിക്കന്‍ മലയാളികളേ, വരുവിന്‍, ആനന്ദിപ്പിന്‍…!
ആഘോഷിക്കൂ….ഓരോ നിമിഷവും!