പാലക്കാട്: സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ ജില്ലയിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രവർത്തകർ കലക്ടറേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ചു. മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരക്കാർ പറഞ്ഞു.
മുഖ്യ അലോട്ട്മെന്റുകളെല്ലാം പൂർത്തിയായപ്പോൾ തന്നെ പതിനായിരങ്ങളാണ് പടിക്ക് പുറത്തുണ്ടായിരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ട് അതിലെ പകുതിയോളം വിദ്യാർത്ഥികൾ മാത്രമാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് തന്നെ. അതിലെ പകുതിയോളം വിദ്യാർത്ഥികൾ തന്നെ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്തിരിക്കുകയാണ്. 8139 സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷകർ ഉണ്ടായിടത്ത് 3712 സീറ്റുകൾ മാത്രമേ ജില്ലയിൽ ഉണ്ടായിരുന്നുള്ളൂ. ഇനിയും യാതാർത്ഥ്യത്തോട് മുഖം തിരിഞ്ഞുനിൽക്കാൻ അധികാരികളെ അനുവദിക്കില്ലെന്നും നേതാകൾ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി സനൽ മോഹൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, ഫിറോസ് എഫ്. റഹ്മാൻ, റഷാദ് പുതുനഗരം, റസീന ആലത്തൂർ, ത്വാഹ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന സെക്രട്ടറി സനൽ മോഹൻ, ജില്ല പ്രസിഡന്റ് ആബിദ് വല്ലപ്പുഴ, ത്വാഹ മുഹമ്മദ്, റസീന ആലത്തൂർ, സുൽഫി കൊടുവായൂർ, കാജാ ഹുസൈൻ ധോണി, യാസീൻ പട്ടാമ്പി എന്നിവരാണ് അറസ്റ്റിലായത്.