മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനോട് ഭരണകൂടം നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. നിരന്തരമായ അറ്റകുറ്റപണികൾക്ക് വേണ്ടി അടച്ചിടുന്നതുകൊണ്ട് ബെഡ് ഇല്ലാതെ രോഗികൾ നിലത്ത് കിടന്നുകൊണ്ടിരിക്കുകയാണ്. ലാബും എക്‌സ്‌റെയും കേടാണെന്ന് പറഞ്ഞു പൂട്ടിയിട്ടിട്ട് കാലങ്ങളായി. മെഡിക്കൽ കോളേജിനു മുന്നിലെ റോഡ് വഴി നടക്കാൻ പോലും കഴിയാത്ത വിധം ചെളിക്കുണ്ട് ആയി മാറിയിരിക്കുന്നു. പണം അടക്കാതെ കുടിശ്ശിക വരുത്തിയതിനാൽ ഏജൻസികൾ സ്റ്റെന്റ് അടക്കമുള്ള ഉപകരണങ്ങൾ നൽകാത്തതിനാൽ കാത്ത്‌ലാബും പ്രവർത്തനരഹിതമാണ്. തുടക്കംമുതലേ ഭരണകൂട അവഗണനയിൽ ഉഴലുന്ന മെഡിക്കൽ കോളേജിൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി സഫീർഷ, ട്രഷറർ മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, സെക്രട്ടറിമാരായ ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, ഇബ്‌റാഹിംകുട്ടി മംഗലം, വഹാബ് വെട്ടം, നസീറ ബാനു തുടങ്ങിയവർ സംസാരിച്ചു.