മലപ്പുറം: സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകുക എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണത്തിൻ്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആർ.എസ്.എസ്സുകാരാൽ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിൻ്റെ മാതാപിതാക്കൾ ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂരിന് ആദ്യ ഘഡു നൽകി കൊണ്ട് നിർവ്വഹിച്ചു.
ശഹീദ് ഫൈസൽ കേസ് അനിശ്ചിതമായി നീട്ടികൊണ്ട് പോകുന്നതിലൂടെ ക്രൂരമായ നീതി നിഷേധമാണ് കേരള സർക്കാർ നടത്തുന്നത്.സംഘ് പരിവാർ ക്രിമിനലുകൾക്ക് സംരക്ഷണമൊരുക്കുന്ന പ്രവൃത്തിയാണ് അഭ്യന്തര വകുപ്പ് സ്വീകരിച്ചു പോരുന്നത്, ഇത് ദൂരവ്യാപകമായ പ്രത്യാകാതങ്ങൾ സൃഷ്ടിക്കുമെന്നും, നീതി നിഷേധം തുടരുന്ന സാഹചര്യത്തിൽ ബഹുജന പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ പറഞ്ഞു.
സംഘ് പരിവാർ പ്രവർത്തകർ പ്രതികളായി വരുന്ന എല്ലാ കേസുകളിലും ഇത്തരം നിലപാടുകൾ സർക്കാർ ആവർത്തിക്കുകയാണ്, ഒത്തുതീർപ്പ് രാഷ്ട്രീയത്തിലൂടെയുള്ള നീതി നിഷേധത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വസികളും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊടിഞ്ഞി ഫൈസലിൻ്റ മാതാപിതാക്കളായ മുസ്തഫ, ജമീല എന്നിവർ ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി.എസ്.ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ. ഹസൻ കൊളത്തൂർ, ആലംഗീർ വി.കെ.എന്നിവർ സംബന്ധിച്ചു.