പുതിയ റവന്യൂ ജില്ലകൾ അനിവാര്യം; കമ്മീഷനെ നിയോഗിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം :കേരളത്തിൻ്റെ സമഗ്രമായ വികസനത്തിന് പ്രത്യേകിച്ച് മലബാർ മേഖലയിൽ പുതിയ റവന്യൂ ജില്ലകൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. അതിനുള്ള പ്രായോഗിക പദ്ധതി തയ്യാറാക്കാൻ സർക്കാർ കമ്മീഷനെ നിയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

മലബാർ മേഖലയിൽ ജനസംഖ്യയും ഭൂവിസ്‌തൃതിയും പരിഗണിച്ച് പുതിയ ജില്ലകൾ അനിവാര്യമാണ്. എങ്കില്‍ മാത്രമേ കേന്ദ്ര-കേരള സർക്കാരുകളുടെ വികസന – വിഭവ വിതരണങ്ങൾ നീതിപൂർവ്വമാവുകയുള്ളൂ.

സർക്കാറിൻ്റെ ഏത് മാനദണ്ഡം വെച്ച് പരിഗണിച്ചാലും മലപ്പുറത്ത് ഒരു പുതിയ ജില്ലയെങ്കിലും നേരത്തേ രൂപീകരിക്കപ്പെടേണ്ടതായിരുന്നു. ജില്ലയിലെ സാമൂഹിക രാഷ്ട്രീയ സംഘടനകളും ജില്ലാ പഞ്ചായത്ത് അടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എം.എൽ.എമാരുമടക്കമുള്ളവരും നിരന്തരം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, മാറിമാറി ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ മലപ്പുറത്തോട് കാണിച്ച വിവേചന നിലപാടുകളുടെ തുടർച്ചയായി ഈ ആവശ്യങ്ങളോട് മൗനം പാലിക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്.

ഈ വിവേചന ഭീകരതയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം കൊടുക്കുമെന്നും എക്സിക്യൂട്ടീവ് മുന്നറിയിപ്പു നൽകി.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News