കോഴിക്കോട്: ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നടന്ന പത്താം തരം പൊതുപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് എക്‌സിലൻസി അവാർഡ് കരസ്ഥമാക്കി കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ.
2023-24 അദ്ധ്യയന വർഷത്തെ പൊതു പരീക്ഷയിൽ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും എല്ലാ വിഷയങ്ങളിലും A++ നേടുകയും പ്രതിഭാ പുരസ്കാരം നേടുകയും ചെയ്തിരുന്നു. കേരളത്തിലെ മദ്റസകൾക്കിടയിൽ അപൂർവ നേട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. മുഴുവൻ വിദ്യാർഥികളും വിദ്യാഭ്യാസ ബോർഡിന്റെ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായതിലൂടെയാണ് എക്‌സലൻസി അവാർഡ് സ്കൂളിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടന്ന പ്രതിഭാ സംഗമത്തിൽ വിദ്യാർഥികളും സ്കൂൾ മാനേജ്മെന്റും അവാർഡുകൾ ഏറ്റുവാങ്ങി.
എക്‌സലൻസി അവാർഡ് സ്കൂൾ പ്രതിനിധികൾ മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമർപ്പിച്ചു. മികച്ച വിജയം നേടുന്നതിന് പിന്നിൽ പ്രവർത്തിച്ച സ്കൂൾ മാനേജ്‌മെന്റിനെയും അദ്ധ്യാപകരെയും വിദ്യാർഥികളെയും ഉസ്താദ് അഭിനന്ദിച്ചു. ചടങ്ങിൽ കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി എം റശീദ് സഖാഫി, അബ്ദുൽ മഹ്‌മൂദ് കെ, അബ്ദുൽ ജബ്ബാർ സഖാഫി, നാസർ ഹിശാമി സംബന്ധിച്ചു.